എല്ലാം മാറി മറിയുന്നു, ദിലീപ് കയറി വരുമ്പോൾ പൃഥ്വിരാജ് നേരിടുന്നത്; അടുത്ത സുഹൃത്ത് ലിസ്റ്റിന്റെ കൂട്ടുകെട്ടും
മലയാള സിനിമാ രംഗത്ത് അടുത്ത കാലത്ത് ലിസ്റ്റിൻ സ്റ്റീഫനെ പോലെ ചർച്ചയായ മറ്റൊരു നിർമാതാവില്ല. വിവാദമായാലും വിജയാഘാേഷമായാലും ലിസ്റ്റിനെ കാണാം. മോളിവുഡിലെ പ്രബല ശക്തിയായി ലിസ്റ്റിൻ സ്റ്റീഫൻ വളർന്ന് കഴിഞ്ഞു. നിർമാണം, വിതരണം തുടങ്ങി ലിസ്റ്റിൻ കെെ വെക്കുന്ന മേഖലകളിൽ ശ്രദ്ധിക്കപ്പെടുന്നു. അതേസമയം സിനിമകളുടെ വിജയ പരാജയങ്ങൾ ഒരുപോലെ വരുന്നുണ്ട്. പൊളിറ്റിക്സുകൾ ഒരുപാടുള്ള സിനിമാ ലോകത്ത് ലിസ്റ്റിൻ കുറഞ്ഞ കാലം എങ്ങനെ പ്രബല ശക്തിയായി വളർന്ന് എന്ന് പലരും ചോദിക്കാറുണ്ട്. നടൻ പൃഥ്വിരാജുമായുള്ള കൂട്ടുകെട്ട് ഇതിന് ലിസ്റ്റിനെ വലിയ തോതിൽ തുണച്ചിട്ടുണ്ട്.
എന്നാലിപ്പോൾ ലിസ്റ്റിന്റെ സൗഹൃദ വലയത്തിൽ മാറ്റം വന്നോ എന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം. നടൻ ദിലീപിനൊപ്പമുള്ള ലിസ്റ്റിന്റെ ഫോട്ടോകളാണ് ചർച്ചയ്ക്കാധാരം. അടുത്ത കാലത്തായി ദിലീപ്-ലിസ്റ്റിൻ കൂട്ടുകെട്ട് മോളിവുഡിൽ ശക്തിപ്പെടുന്നു എന്നാണ് വാദം. ദിലീപ് ഏറെക്കാലത്തിന് ശേഷം ലഭിച്ച ഹിറ്റ് സിനിമയാണ് ഈ വർഷം റിലീസ് ചെയ്ത പ്രിൻസ് ആന്റ് ഫാമിലി. ഈ ചിത്രം നിർമ്മിച്ചത് ലിസ്റ്റിൻ സ്റ്റീഫനാണ്. കരിയറിൽ ശക്തമായ തിരിച്ച് വരവ് നടത്താനുള്ള ശ്രമത്തിലാണ് ദിലീപ്.

മറുവശത്ത് പൃഥ്വിരാജിന് എമ്പുരാൻ വിവാദങ്ങൾ കാരണം പ്രതിച്ഛായക്ക് അൽപ്പം മങ്ങലേറ്റിരിക്കുന്ന സമയം. സോഷ്യൽ മീഡിയ പരിശോധിക്കുമ്പോൾ അടുത്ത കാലത്തായി പൃഥ്വിരാജിന് നേരെയുള്ള ഹേറ്റ് കമന്റ്സ് ക്രമാതീതമായി കൂടിയിട്ടുണ്ട്. മറുവശത്ത് ദിലീപിനുള്ള ജനപ്രീതി കൂടുന്നു എന്ന പ്രതീതിയുമുണ്ട്. ഇതിന് പിന്നിൽ ദിലീപിന്റെ പിആർ ആണെന്ന വാദമുണ്ടെങ്കിൽ പോലും ഈ മാറ്റം അവഗണിക്കാവുന്നതല്ല.
കരിയറിൽ ദിലീപിന്റെ തിരിച്ച് വരവ് ദിലീപിനോളം തന്നെ ആരാധകർ ആഗ്രഹിക്കുന്ന സമയമാണിത്. ഈ ഘട്ടത്തിലാണ് ലിസ്റ്റിൻ സ്റ്റീഫൻ-ദിലീപ് സൗഹൃദവും ചർച്ചയാകുന്നു. ഒരു നിർമാതാവും നടനും തമ്മിലുള്ള സൗഹൃദത്തിനപ്പുറം ഇതിന് പല മാനങ്ങളുണ്ടാകാമെന്നും വാദമുണ്ട്. അനവധി തിയറ്ററുകൾ ലിസ്റ്റിന് ഇന്ന് കേരളത്തിലുണ്ട്. ഒരു കാലത്ത് ദിലീപ് മോളിവുഡിൽ ഉണ്ടാക്കിയെടുത്ത സ്ഥാനമാണിത്. പഴയ പ്രബലനും ഇന്നത്തെ പ്രബലനും തമ്മിലുള്ള സൗഹൃജമായാണ് ഈ കൂട്ടുകെട്ടിനെ സിനിമാ പ്രേക്ഷകർ കാണുന്നത്.

ഇരുവരുടെയും കൂട്ടുകെട്ടിൽ വലിയ പ്രൊജക്ടുകൾ ഇനിയും വരാൻ സാധ്യതയുണ്ട്. ഇതിനിടിയിലേക്ക് പൃഥ്വിരാജിന്റെ പേര് ചർച്ചയാക്കാൻ മറ്റൊരു കാരണമുണ്ട്. പരസ്പരം ശത്രുപക്ഷത്ത് നിൽക്കുന്നവരായാണ് പൃഥ്വിരാജിനെയും ദിലീപിനെയും സിനിമാ ലോകം കാണുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ആരോപണം വന്നപ്പോൾ നടനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് ശക്തമായ നിലപാടെടുത്തയാളാണ് പൃഥ്വിരാജ്.
ദിലീപ് കരിയറിൽ ഏറ്റവും വലിയ തകർച്ച നേരിട്ടപ്പോൾ പൃഥ്വിരാജ് മോളിവുഡിൽ പ്രബല സാന്നിധ്യമായി പടർന്ന് പന്തലിച്ചു. ഒരു കാലത്ത് പൃഥ്വിരാജിന്റെ കരിയറിലെ വളർച്ച തടയാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണം ശക്തമായിരുന്നു. ദിലീപ് കരിയറിൽ വീഴ്ച നേരിടുന്നത് വരെ ഈ വാദം നിലനിന്നിരുന്നു. എന്നാൽ പൃഥ്വിരാജ് ഇതേക്കുറിച്ച് ദിലീപിനെ എടുത്ത് പറഞ്ഞ് പരസ്യമായി സംസാരിച്ചിട്ടില്ല. സിനിമാ ലോകത്ത് സ്ഥിരമായി സൗഹൃദങ്ങളോ ശത്രുക്കോളോ ഇല്ലെന്നാണ് ലിസ്റ്റിനെക്കുറിച്ചുള്ള ചർച്ചയിൽ നെറ്റിസൺസ് പറയുന്നത്. അതേസമയം പൃഥ്വിരാജും ലിസ്റ്റിനും തമ്മിലുള്ള ബന്ധത്തെ ലിസ്റ്റിനും ദിലീപുമായുള്ള സൗഹൃദം ബാധിക്കില്ലെന്നും വാദമുണ്ട്.


Click it and Unblock the Notifications











