നടിക്ക് ചേർന്ന രൂപമാണോ, മീര ജാസ്മിനെ നടിയായി മാറ്റിയതിങ്ങനെ; മീരയിൽ ഇഷ്ടപ്പെട്ടത്: ലോഹിതദാസിന്റെ വാക്കുകൾ
മലയാള സിനിമാ ലോകത്ത് വന്ന നായികമാരിൽ വലിയ സ്ഥാനം പ്രേക്ഷകർ നൽകിയ നടിയാണ് മീര ജാസ്മിൻ. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ തുടരെ മികച്ച സിനിമകളുമായി കരിയറിൽ മുന്നേറിയ മീര എന്നും അഭിനയ പ്രാധാന്യമുള്ള സിനിമകൾക്ക് പ്രാധാന്യം കൊടുത്തു. അഭിനയമെന്ന പ്രൊഫഷനെ ഗൗരവത്തോടെ കണ്ട മീര ജാസ്മിൻ ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. സിനിമാ രംഗത്ത് മീരയുടെ വഴികാട്ടി അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസാണ്. ലോഹിതദാസിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിൻ അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് മീരയുടെ ഗോഡ്ഫാദറായി ലോഹിതദാസ് മാറി.
കരിയറിൽ മുന്നോട്ട് പോകുമ്പോൾ ഉപദേശങ്ങൾക്കായി മീര സമീപിച്ചത് ലോഹിതദാസിനെയായിരുന്നു. മീരയുൾപ്പെടെ നിരവധി നടീ നടൻമാരെ ലോഹിതദാസ് അഭിനയ രംഗത്തേക്ക് കൊണ്ട് വന്നിട്ടുണ്ട്. ഇതേക്കുറിച്ച് ഒരിക്കൽ ഇദ്ദേഹം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഞാനൊരിക്കലും കുട്ടികളെ അഭിനയം പഠിപ്പിക്കാറില്ല. അവരെ എങ്ങനെ ഒരു നടിയാക്കാം എന്നാണ് നോക്കാറ്. ഓരോരുത്തർക്കും ഓരോ ആറ്റിറ്റ്യൂഡാണ്. എനിക്ക് വേണ്ടത് ഒരു നടിയെ സൃഷ്ടിക്കലാണ്. ഇതിന് മുമ്പ് ഒരു അഭിനയ ശേഷിയും വേണ്ട എന്നാണ് ഞാൻ പറയാറ്. ആദ്യം ഞാൻ നോക്കുന്നത് നടിക്ക് ചേർന്ന രൂപമുണ്ടോ എന്നാണ്.
പ്രത്യേകിച്ച് മുഖം. എക്സ്പ്രസീവായിരിക്കണം, മുഖത്തിന്റെ ആകൃതിയും നോക്കും. ഫോട്ടോയാണ് പ്രധാനമായും ഞാൻ നോക്കുക. മുഖം ഡീറ്റെയിലായി പഠിക്കും. പിന്നെ ആ കുട്ടിയുടെ മനസ് എങ്ങനെയാണെന്ന് നോക്കും. എങ്ങനെയാണ് ജീവിതത്തോടുള്ള ആ കുട്ടിയുടെ ആറ്റിറ്റ്യൂഡെന്ന് നോക്കും. അനുഭവ തലം വളരെ പ്രധാനപ്പെട്ടതാണ്. മീരയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അവളുടെ അനുഭവ തലമാണ്. ബാല്യത്തിൽ അവൾ എങ്ങനെയായിരുന്നു എന്ന് അറിയണം. ബാല്യത്തിൽ എങ്ങനെയായിരുന്നു ജീവിതം, ആഹാരത്തോടുള്ള താൽപര്യം എങ്ങനെയായിരുന്നു എന്നെല്ലാം വളരെ പ്രധാനപ്പെട്ടതാണ്.
മീര വലിയ നടിയായിട്ടും അവളുടെ രുചിബോധം നല്ലതാണ്. ഞാനിങ്ങനെ തെെര് ഒഴിച്ച് കഴിക്കും എന്നാെക്കെ ചിലപ്പോൾ പറയും. രസബോധങ്ങളോടുള്ള നമ്മുടെ പ്രതിബന്ധിയാണ് ഒരാളെ ആർട്ടിസ്റ്റാക്കുന്നത്. എല്ലാ രസങ്ങളോടും. ആഹാരത്തോട് മാത്രമല്ല. ആ രസബോധം ഉണ്ടാക്കിയെടുക്കുന്നതിനുള്ള സൂത്ര വിദ്യയാണ് ഞാൻ ചെയ്യുന്നത്. അതിന് കുറച്ച് സമയമെടുക്കും. അവരുടെ അനുഭവവും കാഴ്ചകളും വികസിപ്പിക്കാൻ നോക്കും. നന്നായിട്ട് ഗന്ധം ശ്വസിക്കാനും രുചി അനുഭവിക്കാനുമുള്ള ശേഷിയുണ്ടാക്കും. കേൾവിയുടെ ശക്തി കൂട്ടും. ഈ പഞ്ചേന്ദ്രിയങ്ങൾ കറക്‌ടാക്കിയാൽ ഒരാൾ ഏത് മേഖലയിലും ഗംഭീരനാകും.

സിനിമയിൽ പലരും പല കണ്ടീഷൻസും പറഞ്ഞ് അഭിനയിപ്പിക്കുന്നെന്ന് ഞാൻ കേട്ടിട്ടുണ്ട്, പക്ഷെ ഒരു പെൺകുട്ടിയും ലോഹിതദാസ് അങ്ങനെ പറഞ്ഞെന്ന് പറയില്ല. അഡ‍്ജസ്റ്റ്മെന്റ് എന്ന വാക്ക് ലോഹിതദാസ് എന്നോട് ഉപയോഗിച്ചെന്ന് ഒരാൾക്കും പറയാൻ പറ്റില്ല. നോക്കിയെന്ന് പോലും പറയാൻ പറ്റില്ല. സ്ത്രീകളെ ആരാധിക്കുന്ന ആളാണ് താനെന്നും ലോഹിതദാസ് അന്ന് വ്യക്തമാക്കി.
മീര ജാസ്മിൻ -ലോഹിതദാസ് ബന്ധത്തെക്കുറിച്ച് പല ഗോസിപ്പുകളും ഒരു കാലത്ത് വന്നിരുന്നു. എന്നാൽ മീര ഇതൊന്നും കാര്യമാക്കിയില്ല. തനിക്ക് ജീവിതത്തിൽ പല പാഠങ്ങൾ പറഞ്ഞ് തന്നയാളാണ് ലോഹിതദാസെന്ന് മീര ജാസ്മിൻ വ്യക്തമാക്കി. വലിയൊരു ഗോഡ്ഫാദർ, എന്ത് പറഞ്ഞാലും ലോഹിയങ്കിൾ എന്ന് പറഞ്ഞ് പലരും എന്നെ കളിയാക്കുമായിരുന്നു. അതെ, എന്ത് പറഞ്ഞാലും ലോഹിയങ്കിളാണ്. ഇന്നും ഞാനങ്ങനെയേ പറയൂ. എനിക്കെന്തെങ്കിലും നല്ല കാര്യം വന്നാൽ ഞാൻ അദ്ദേഹത്തെ ഓർക്കും.
നല്ല രീതിയിൽ ഗുരുവും ശിഷ്യയും ഉള്ളതിന്റെ ഉദാഹരണമാണ് ഞങ്ങൾ. ഞാൻ വളരെ അഭിമാനത്തോടെയാണിത് പറയുന്നതെന്നും മീര ജാസ്മിൻ വ്യക്തമാക്കി. എന്റെ ദെെവത്തിന് എന്നോട് അത്രയ്ക്ക് സ്നേഹമുള്ളത് കൊണ്ട് ആ വ്യക്തിയെ എനിക്ക് കാണിച്ച് തന്നു. മോശമായി രീതിയിലേക്കോ അപകടത്തിലോ ഒന്നും പോയി ചാടാതെ ഇങ്ങനെ ഞാൻ ജീവിക്കുന്നതിന് കാരണം ഒരു ശതമാനം അദ്ദേഹവുമാണ്. ഷോ ഓഫെന്ന് പറഞ്ഞ് സിനിമയിൽ ഒപ്പം അഭിനയിക്കുന്നവരും സംവിധായകരുമൊക്കെ കളിയാക്കുമായിരുന്നു. ഷോ ഓഫ് അല്ല. അങ്ങനെ വരാനും ഭാഗ്യം വേണം. കിട്ടാഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ലെന്നും മീര ജാസ്മിൻ അന്ന് വ്യക്തമാക്കി.
ലോഹിതദാസ് തനിക്ക് തന്ന ഉപദേശവും മീര അന്ന് പങ്കുവെച്ചു. നീ വലിയ നടിയാകും. പല ഭാഷകളിൽ അഭിനയിക്കും. ഒരിക്കലും നീ മദ്യത്തിന് അടിമയാകാൻ പാടില്ല. ആദ്യം ടെെം പാസ് പോലെ മദ്യം കുടിക്കും. വലിയ ആളുകളല്ലേ ഓഫർ ചെയ്യുന്നതെന്ന് കരുതി കമ്പനി കൊടുക്കും. പക്ഷെ നാളെ നിനക്കൊരു വീക്കായ സമയം വരുമ്പോൾ നീ ആശ്രിയിക്കാൻ പോകുന്നത് ഇതായിരിക്കും അങ്ങനെ ജീവിതം നശിച്ച പല നടിമാരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ പറഞ്ഞ് തന്നൊരാൾ തനിക്ക് ദെെവമാണെന്നും മീര ജാസ്മിൻ അന്ന് വ്യക്തമാക്കി.
എനിക്ക് വേണ്ടത് അങ്കിളിന്റെ ഉപദേശമായിരുന്നു. അതെനിക്ക് കിട്ടി. പുറത്ത് പ്രചരിച്ച ഗോസിപ്പുകളാെന്നും താൻ കാര്യമാക്കിയില്ലെന്നും മീര ജാസ്മിൻ അന്ന് വ്യക്തമാക്കി. വ്യക്തിപരമായ പ്രശ്നങ്ങൾ എന്റെ വർക്കിനെ ബാധിച്ചിട്ടേയില്ലെന്നും മീര ജാസ്മിൻ പറഞ്ഞു. കഴിഞ്ഞ വർഷം നൽകിയ അഭിമുഖത്തിൽ മീര ജാസ്മിനെക്കുറിച്ച് ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് സംസാരിച്ചിരുന്നു.
മീര ജാസ്മിനോട് തനിക്ക് ദേഷ്യം വന്നത് ഒരു കാര്യത്തിലാണെന്ന് സിന്ധു ലോഹിതദാസ് അന്ന് തുറന്ന് പറഞ്ഞു. എന്റെ മുത്തപ്പന് (ലോഹിതദാസ്) ഞാൻ കൊടുത്തത് സമയമാണ്. അത് പൊതുജനത്തിന് വേണ്ടിയായിരുന്നു. ആ സമയം നഷ്ടപ്പെടുത്തുമ്പോൾ എനിക്ക് അസ്വസ്ഥതയുണ്ടാകും. വേറൊന്നുമല്ല. 19 വയസിൽ ലോഹിതദാസിനെ അറിയുന്നവളാണ് താനെന്നും സിന്ധു ലോഹിതദാസ് അന്ന് വ്യക്തമാക്കി. ലോഹിതദാസ് സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളോ മദ്യപാനിയോ ആയിരുന്നില്ലെന്നും സിന്ധു ലോഹിതദാസ് അന്ന് തുറന്ന് പറഞ്ഞു.
മുത്തപ്പൻ മദ്യം തൊടില്ലായിരുന്നു. കള്ളാണ് ഇഷ്ടം. ആരെങ്കിലും വരുമ്പോൾ കുറച്ച് മദ്യം കഴിച്ചാൽ രാത്രി അസ്വസ്ഥതയായിരുന്നു. മദ്യത്തിന് അടിമയായിരുന്നില്ല.
എഴുതുന്ന മുറിയിൽ മദ്യം കടത്തില്ല. മദ്യപിച്ച ആളെ അങ്ങോട്ട് കയറ്റില്ലായിരുന്നു. സിഗരറ്റ് വലിക്കുമായിരുന്നു. എനിക്ക് ആകെ അദ്ദേഹത്തോട് ദേഷ്യം വന്നത് സമയം പാഴാക്കുന്നതിലായിരുന്നെന്നും സിന്ധു ലോഹിതദാസ് പറഞ്ഞു. മീര അവരുടെ പ്രശ്നങ്ങൾ ഇറക്കാനാണ് ഇങ്ങോട്ട് വരുന്നത്. ദേശീയ അവാർഡ് കിട്ടിയ പടത്തിൽ ഓരോ സീനും കെെയിൽ കിട്ടുമ്പോൾ ഇങ്ങോട്ട് ഫോൺ ചെയ്യും. എങ്ങനെ പ്രസന്റ് ചെയ്യണമെന്ന് പറഞ്ഞ് കൊടുക്കും. അപ്പോൾ ഇവിടെ എഴുതാനെന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു. ആർക്കും ദോഷം ലോഹിതദാസ് ചെയ്തിട്ടില്ല.
ലോഹിതദാസിനെ പല ആളുകളും തെറ്റിദ്ധരിച്ചിരുന്നെന്നും സിന്ധു ലോഹിതദാസ് പറഞ്ഞു. ലോഹിതദാസിന് എന്തോരം പെണ്ണുങ്ങളാണ്, പുതിയ പെൺപിള്ളേർ വരുന്നു അയാളുടെ ഭാഗം എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റി അല്ല അവർ കണ്ടതെന്നും സിന്ധു ലോഹിതദാസ് പറഞ്ഞു. 2009 ൽ തന്റെ 54ാം വയസിലാണ് ലോഹിതദാസ് മരിച്ചത്. മീര ജാസ്മിനെ പുറമെ മഞ്ജു വാര്യർ, ഭാമ എന്നീ നടിമാരെയും സിനിമാ രംഗത്തേക്ക് കൊണ്ട് വന്നത് ലോഹിതദാസാണ്.


Click it and Unblock the Notifications











