മലയാളത്തിൽ നിന്നൊരു സ്ട്രെയ്ഞ്ചർ തിങ്ക്സ് ലെവൽ പടം? ലോക പ്രതീക്ഷ കാത്തോ, പ്രതികരണങ്ങളിങ്ങനെ
പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ലോക ചാപ്റ്റർ: 1 ചന്ദ്ര തിയറ്ററുകളിലെത്തി. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലിൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ദുൽഖർ സൽമാന്റെ വേ ഫേറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ലോക ചാപ്റ്റർ വൺ വേഫേറർ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ്. കല്യാണി പ്രിയദർശനും നസ്ലിനും പുറമെ അരുൺ കുര്യൻ, ചന്തു സലിം കുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, വിജയ രാഘവൻ, നിത്യ ശ്രി തുടങ്ങിയവരും കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.
മോളിവുഡിന് ലഭിക്കുന്ന അടുത്ത സൂപ്പർഹീറോ സിനിമയായാണ് ലോകയെ പ്രേക്ഷകർ കണ്ടത്. ഈ പ്രതീക്ഷ ചിത്രം കാത്തോ? ചിത്രത്തിന്റെ ആദ്യ പകുതി കണ്ട ശേഷം പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്കുവെച്ചിരുന്നു. ഇന്റർവെൽ വരെ നല്ല രീതിയിലാണ് ലോക മുന്നോട്ട് പോയതെന്ന് പ്രേക്ഷകർ പറയുന്നു.

പൊതുവെ നല്ല അഭിപ്രായമാണ് ലോകയ്ക്ക് വരുന്നത്. കല്യാണി പ്രിയദർശന്റെയും നസ്ലിന്റെയും പെർഫോമൻസിനും കയ്യടിയുണ്ട്. ജേക്ക്സ് ബിജോയുടെ ബിജിഎമ്മും പ്രശംസ നേടുന്നു. ഇത് മലയാള പടം തന്നെ ആണോടെ, ഹോളിവുഡ് ലെവൽ മേക്കിംഗ്, മലയാളത്തിലെ സ്ട്രെയിഞ്ചർ തിങ്ക്സ് എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്.
മൂന്ന് സുഹൃത്തുക്കളുടെ അയൽപ്പക്കത്തേക്ക് വരുന്ന ദുരൂഹത തോന്നിക്കുന്ന ഒരു യുവതിയും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ലോകയുടെ ഇതിവൃത്തം. ചില സംഭവങ്ങൾ ഒളിഞ്ഞിരിക്കുന്ന പാരലൽ വേൾഡിലേക്ക് ശ്രദ്ധ കൊണ്ട് വരുന്നു. ഫാന്റസിയും ഡാർക് കോമഡിയും ത്രില്ലർ എലമന്റുകളുമെല്ലാം ഇടകലർന്ന കഥയാണ് ലോകയുടേത്. സൂപ്പർഹീറോയായ ചന്ദ്ര എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ എത്തുമ്പോൾ സണ്ണി എന്ന കഥാപാത്രമായി നസ്ലിൻ എത്തുന്നു.
ഇന്ത്യൻ സിനിമകളിൽ നമ്മൾ സൂപ്പർ ഹീറോ കഥകൾ കണ്ടിട്ടുണ്ട്. പക്ഷെ സൂപ്പർ ഹീറോയിൻ കഥകൾ വളരെ അപൂർവമാണ്. നന്നായി എഴുതപ്പെട്ട നായിക കഥാപാത്രമാണ് ചിത്രത്തിൽ കല്യാണിയുടേത്. നസ്ലിനേക്കാൾ പ്രാധാന്യം ലോകയിൽ കല്യാണി പ്രിയദർശനാണ്. സൗബിൻ ഷാഹിർ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരുടെ ഗസ്റ്റ് റോളുകളും ലോകയിലുണ്ട്. ഒരു വാമ്പയർ പശ്ചാത്തലം, സൂപ്പർ നായിക ആശയം, അവയവ കടത്ത് തുടങ്ങിയ കഥാപശ്ചാത്തലങ്ങൾ ഉൾപ്പെടുന്ന ലോക ചാപ്റ്റർ 1: ചന്ദ്ര വ്യത്യസ്തമായ ഒരു ലോകം തന്നെ പ്രേക്ഷകർക്ക് മുമ്പിലെത്തിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തി. തമിഴിൽ എജിഎസ് സിനിമാസ് ആണ് ലോക റിലീസ് ചെയ്തത്. കന്നഡയിൽ ലെറ്റർ ബുദ്ധ ഫിലിംസും തെലുങ്കിൽ സിതാര എന്റർടെയിൻമെന്റ്സും.
ലോക ചാപ്റ്റർ: 1 ചന്ദ്ര അണിയറ പ്രവർത്തകർ
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി.


Click it and Unblock the Notifications











