ഞാൻ വിശന്നിരിക്കുകയാണെന്ന് അദ്ദേഹത്തിന് മാത്രമെ അറിയൂ, ഷോപ്പിങിന് പോയാലും ആ ശീലം ലാലേട്ടനുണ്ട്; ദീപക് പറയുന്നു
വർഷങ്ങൾക്ക് മുമ്പ് എംബിഎ പഠിക്കാനായി യുകെയിൽ എത്തിയതാണ് തൃശൂർ സ്വദേശി ദീപക് ഡൊമിനിക്ക്. എന്നാൽ ഇന്ന് യുകെയിൽ എത്തുന്ന മലയാളികൾക്ക് താങ്ങും തണലുമായി മാറുന്ന തരത്തിൽ ശക്തനായി വളർന്ന് കഴിഞ്ഞു. ലണ്ടൻ മൈഗ്രേഷൻ മ്യൂസിയത്തിലും ഇടം പിടിച്ച ദീപക് നടൻ മോഹൻലാലിനൊപ്പമുള്ള യാത്ര അനുഭവങ്ങൾ പങ്കുവെക്കുന്നു. യുകെയിൽ താരം ഷൂട്ടിങിനായി എത്തിയപ്പോൾ ദീപകും അദ്ദേഹത്തിന്റെ സാരഥിയായി കുറേ ദിവസം പ്രവർത്തിച്ചിരുന്നു.
ഇപ്പോഴിതാ ട്രവലിസ്റ്റ ബെ സാന്റോസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനൊപ്പമുള്ള യാത്രകളുടെ ഓർമകൾ ദീപക് പങ്കിട്ടത്. തൃശൂർ അങ്ങാടിയേക്കാൾ കൂടുതലായി ലണ്ടനിലെ എല്ലാ സ്ട്രീറ്റുകളിലും എനിക്ക് പ്രോപ്പർട്ടി സെയിൽസുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ഒരുപാട് സ്ട്രീറ്റ്സ് ബൈ ഹാർട്ടാണ്. അതുകൊണ്ട് തന്നെ മലയാളികൾ അവിടെ വരുമ്പോൾ അവരെ ഗൈഡ് ചെയ്യാൻ പറ്റും. പല സിനിമകളുടെയും പ്രൊഡക്ഷനെ സഹായിക്കാൻ കഴിഞ്ഞു. പ്രൊഡ്യൂസർമാർ വിളിക്കുമ്പോൾ ഷൂട്ടിങ് ടീമിനെ ഞാൻ സപ്പോർട്ട് ചെയ്യും. സെലിബ്രിറ്റി മാനേജ്മെന്റ് പോലെയാണ്. കൂടാതെ കൺസൽട്ടിങ് കമ്പനിയുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിൽ ഞാൻ ഷോ ചെയ്തിട്ടുണ്ട്. ബൈക്ക് സ്റ്റണ്ടറുമാണ്.
ഡ്രൈവിങും യാത്രകളും എനിക്ക് വളരെ ഇഷ്ടമാണ്. ലക്ഷ്വറി കാറിൽ പ്രീമിയം കാറ്റഗറി ഡ്രൈവർ എന്നതാണ് ഷൗഫാർ സർവീസ്. ലാലേട്ടന് വേണ്ടിയും അത്തരത്തിൽ ഞാൻ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. ഷൗഫാർ സർവീസിൽ വിഐപികൾ മാത്രമായിരിക്കും പാസഞ്ചേഴ്സ്. ഒരുപാട് ആളുകളുമായി അടുത്ത് ഇടപഴകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.
നമ്മൾ പുറത്ത് നിന്ന് കാണുന്നതുപോലെയല്ല. പലരും വളരെ എളിമയുള്ളവരാണ്. ലാലേട്ടനൊക്കെ അതുപോലൊരു ആളാണ്. അദ്ദേഹത്തോടൊപ്പം ഒരുപാട് യാത്രകൾ ചെയ്യാൻ പറ്റിയിട്ടുണ്ട്. ഷൗഫർ സർവീസ് പോലെ ഞാൻ സെറ്റിൽ വണ്ടി ഓടിക്കുന്ന കാലം. സംവിധായകരെ കൊണ്ടുപോകണം, എല്ലാവരുമായും യാത്ര ചെയ്യണം, ബാങ്കിൽ പോണം... ഫണ്ട് ഇത്ര സമയത്തിനുള്ളിൽ വലിക്കണം എന്നൊക്കെ ഉണ്ടാകും.
അതിരാവിലെ മുതൽ ഞാൻ സർവീസ് ചെയ്ത് തുടങ്ങും. ലാലേട്ടന് വളരെ അധികം കൃത്യനിഷ്ഠയുണ്ട്. എത്ര ലേറ്റായി ഷൂട്ട് കഴിഞ്ഞ് പോയാലും കാലത്ത് അഞ്ച് മണിക്കാണ് അടുത്ത ദിവസത്തെ ഷൂട്ട് എങ്കിൽ അദ്ദേഹം റെഡിയായി വന്നിരിക്കും. ഒരു ദിവസം അതിരാവിലെ തുടങ്ങിയിട്ട് ഉച്ചയായിട്ടും ട്രിപ്പുകൾ തീർന്നിരുന്നില്ല.

ഭക്ഷണം പോലും കഴിക്കാതെയായിരുന്നു എന്റെ യാത്രകൾ. ലാലേട്ടനെ സെറ്റിൽ ഇറക്കിയശേഷം മറ്റ് പല ആവശ്യങ്ങൾക്കുമായി യാത്രകൾ പോയി. ഉച്ചയ്ക്ക് ഞാൻ സെറ്റിൽ തിരിച്ചെത്തിയപ്പോൾ ഭക്ഷണം കഴിച്ചോയെന്ന് ലാലേട്ടൻ ചോദിച്ചു. ഞാൻ കഴിച്ചിരുന്നില്ല. പക്ഷെ അദ്ദേഹം ചോദിച്ചപ്പോൾ കുഴപ്പമില്ല ഞാൻ ഓക്കെയാണെന്ന് പറഞ്ഞു. പക്ഷെ അദ്ദേഹം സമ്മതിച്ചില്ല... ഷൂട്ടിനിടെ സംവിധായകനോട് ഒരു ചെറിയ ഇടവേള ചോദിച്ച് അദ്ദേഹം എന്റെ അടുത്ത് വന്ന് അപ്പവും കറിയും വിളമ്പി തന്നു.
ഞാൻ അത് കഴിച്ചശേഷമാണ് അദ്ദേഹം തിരികെ ഷൂട്ടിനായി പോയത്. സെറ്റ് മുഴുവൻ പോസ് ചെയ്ത് വെച്ചിട്ടാണ് എനിക്ക് വേണ്ടി അദ്ദേഹം അത്രയും സമയം ചിലവഴിച്ചത്. ഞാൻ എപ്പോൾ മുതൽ ഡ്രൈവ് ചെയ്യാൻ തുടങ്ങി എന്നത് ലാലേട്ടന് മാത്രമെ അറിയൂ. അങ്ങനെ ചിന്തിച്ച് എന്നെ കെയർ ചെയ്യേണ്ട കാര്യം അദ്ദേഹത്തിനില്ല. എന്നിട്ടും അദ്ദേഹം അത് ചെയ്തു.
അതുപോലെ ഒരുപാട് നല്ല ശീലങ്ങൾ അദ്ദേഹത്തിനുണ്ട്. ഷോപ്പിങിന് പോയാൽ എവിടെ നിന്ന് ഡ്രസ് എടുത്താലും ട്രയൽ നോക്കിയശേഷം എവിടെ നിന്നാണോ ഡ്രസ് എടുത്തത് അവിടെ തന്നെ തിരികെ കൊണ്ടുപോയി വെയ്ക്കും. അവിടെയും ഇവിടേയും ഇട്ടിട്ട് പോവില്ല. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാനുണ്ടെന്നും ദീപക് പറയുന്നു.


Click it and Unblock the Notifications