'പത്ത് വയസ് കുറഞ്ഞതുപോലെ... എങ്കിലും മുടി വെട്ടേണ്ടിയിരുന്നില്ല'; പിറന്നാളിന് മുമ്പ് കിടിലൻ മേക്കോവറുമായി അഹാന
സോഷ്യൽ മീഡിയയിൽ എപ്പോഴും എന്തെങ്കിലുമൊരു കാര്യത്തിൽ ചലനം സൃഷ്‌ടിക്കുന്ന താരമാണ് അഹാന കൃഷ്ണ. ഒന്നിന് പിറകെ ഒന്നായി സിനിമയിൽ കാണുന്നില്ല എങ്കിലും സോഷ്യൽ മീഡിയ ഫോളോവേഴ്സ് മതി അഹാന പോസ്റ്റ് ചെയ്യുന്ന കണ്ടന്റിന് പ്രേക്ഷകരെ എത്തിക്കാൻ.
ഇൻസ്റ്റഗ്രാമിൽ മാത്രം അഹാനയ്ക്ക് രണ്ട് മില്യണിലധികം ഫോളോവേഴ്സുണ്ട്. യുട്യൂബിൽ വൺ മില്യൺ ഫോളോവേഴ്സ് തികഞ്ഞിരിക്കുന്നു. അതിന്റെ ആഘോഷവും അഹാന അടുത്തിടെ നടത്തിയിരുന്നു.
അഹാന മാത്രമുള്ളതും കൂടെ അനുജത്തിമാരോ സുഹൃത്തുക്കളോ ഉള്ളതുമായ പോസ്റ്റുകൾ അഹാനയുടെ പേജിൽ കാണാം. എല്ലാ പോസ്റ്റിനും ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും ആരാധകർ എത്തിച്ചേരാറുണ്ട്. ഏറ്റവും അടുത്തായി ബഹ്‌റിനിൽ അമ്മ സിന്ധു കൃഷ്ണയ്ക്കൊപ്പം യാത്ര പോയതിന്റെ വിശേഷങ്ങളാണ് അഹാന കൃഷ്ണ പോസ്റ്റ് ചെയ്തിരുന്നത്.

ഈ യാത്രയിൽ അഹാന ധരിച്ച ഹിജാബ് ലുക്കും ചർച്ചാവിഷയമായി. ഇപ്പോഴിതാ പിറന്നാളിനോട് അനുബന്ധിച്ച് അഹാന പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലാകുന്നത്. ഒരു പുത്തൻ മേക്കോവർ പരീക്ഷിച്ചതിന്റെ വിശേഷമാണ് പുതിയ വീഡിയോയിലൂടെ അഹാന പങ്കിട്ടിരിക്കുന്നത്. നീളൻ മുടി മുറിച്ച് തോളൊപ്പമാക്കിയിരിക്കുകയാണ് അഹാന.
ആദ്യമായാണ് മുടി മുറിച്ച് ഷോട്ട് ഹെയറിൽ അഹാനയെ ആരാധകർ കാണുന്നത്. താരകുടുംബത്തിൽ ഏറ്റവും നീളൻ മുടിയുള്ളതും അഹാനയ്ക്ക് മാത്രമാണ്. തന്റെ മറ്റ് മക്കളെല്ലാം മുടിയിൽ പരീക്ഷണങ്ങൾ നിരന്തരം ചെയ്യുന്നവരാണെന്നും എന്നാൽ അഹാന മാത്രം അത്തരം കാര്യങ്ങൾക്ക് മുതിരാറില്ലെന്നും അടുത്തിടെ അമ്മ സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.
മുടിയിൽ വലിയ പരീക്ഷണങ്ങൾ ചെയ്യാത്തതുകൊണ്ട് തന്നെയാണ് അഹാനയുടെ മുടി ആരോഗ്യത്തോടെ ഇരിക്കുന്നതെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. പുത്തൻ ലുക്കിൽ അഹാനയെ കണ്ടപ്പോൾ ആരാധകർ ഒന്ന് ഞെട്ടി. മുടി യഥാർഥത്തിൽ മുറിച്ചുവോ എന്ന് ഉറപ്പ് വരുത്താൻ രണ്ടിൽ അധികം തവണ പലരും വീഡിയോ കണ്ടു.
യുവനടിയുടെ പുത്തൻ ലുക്കിനെ കുറിച്ചും നിരവധി കമന്റുകൾ വന്നിട്ടുണ്ട്. പലരും പരിഭവം പറഞ്ഞത് നീളൻ മുടി എന്തിന് മുറിച്ചുവെന്നാണ്. മുടി മുറിച്ചതോടെ അഹാനയ്ക്ക് ഒറ്റയടിക്ക് പത്ത് വയസ് കുറഞ്ഞത് പോലെ തോന്നി എന്നാണ് മറ്റ് ചിലർ കുറിച്ചത്.

ഇതെനിക്കിഷ്ടമായെന്നായിരുന്നു അനുപമ പരമേശ്വരന്‍ അഹാനയുടെ പുത്തൻ ഹെയർ കട്ടിനെ കുറിച്ച് പറഞ്ഞത്. നല്ലൊരു മാറ്റമെന്നായിരുന്നു മിയയുടെ കമന്റ്. സ്റ്റൈലിഷാണെന്നായിരുന്നു നൂറിന്‍ പറഞ്ഞത്. സാനിയ ഇയ്യപ്പന്‍, അശ്വതി ശ്രീകാന്ത്, രജിഷ വിജയന്‍, ദീപ്തി സതി തുടങ്ങിയവരെല്ലാം അഹാനയെ അഭിനന്ദിച്ചെത്തി.
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അഹാന. അച്ഛനും അമ്മയ്ക്കുമൊപ്പമായി ബഹ്‌റിനിലേക്ക് പോയതിന്റെ വിശേഷങ്ങൾ അഹാന പങ്കിട്ടതും വൈറലായിരുന്നു. 'അച്ഛന് ഇവിടെ എന്തൊക്കെയോ മീറ്റിംഗുകളുണ്ടായിരുന്നു.'
'അങ്ങനെയാണ് എന്നോടും അമ്മയോടും വരുന്നോ എന്ന് ചോദിച്ചത്. പുതിയ നാട് കാണാം അറബിക് ഫുഡൊക്കെ കഴിക്കാമല്ലോ അങ്ങനെ ഞങ്ങളും കൂടെ പോന്നു', എന്നാണ് പെട്ടന്നുള്ള ബെഹ്റിൻ യാത്രയുടെ പിന്നിലെ കാരണം വെളിപ്പെടുത്തി അഹാന പറഞ്ഞത്. പാച്ചുവും അത്ഭുതവിളക്കുമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അഹാനയുടെ സിനിമ.


Click it and Unblock the Notifications











