ബ്രഹ്മാണ്ഡ ചിത്രമടക്കം മോഹന്‍ലാലിന്റെ 5 സിനിമകള്‍! ബോക്‌സോഫീസ് തകര്‍ക്കാന്‍ ലൂസിഫര്‍ ആദ്യമെത്തും!
Recommended Video

മലയാള സിനിമയിലേക്ക് ആദ്യമായി നൂറ് കോടി നല്‍കിയ താരമാണ് മോഹന്‍ലാല്‍. വീണ്ടും ആ ചരിത്രം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് നടനവിസ്മയമിപ്പോള്‍. 2018 ല്‍ ജൂലൈയിലായിരുന്നു ഒരു മോഹന്‍ലാല്‍ ചിത്രം റിലീസ് ചെയ്യുന്നത്. ഇത് തിയറ്ററുകളില്‍ വേണ്ടത്ര പ്രകടനം നടത്താതെ പോവുകയും ചെയ്തു. എന്നാല്‍ 2019 ലെ മോഹന്‍ലാലിന്റെ ആദ്യ ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്.
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറാണ് മാര്‍ച്ച് അവസാനത്തോടെ റിലീസിനൊരുങ്ങുന്നത്. ഇതിനകം പ്രേക്ഷകപ്രീതി സ്വന്തമാക്കിയിരിക്കുന്ന ലൂസിഫറിന്റെ വരവ് ബോക്‌സോഫീസിനെ തകര്‍ക്കാനായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ലൂസിഫര്‍ മാത്രമല്ല മോഹന്‍ലാല്‍ ഇതുവരെ ഏറ്റെടുത്തിരിക്കുന്ന സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയാണ്.

ലൂസിഫര്‍
നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കി പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറാണ് നിലവില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ചിത്രം. 2019 ല്‍ ബോക്‌സോഫീസിനെ തകര്‍ക്കാന്‍ പോവുന്ന സിനിമയെന്ന വിശേഷണം ഇതിനകം സ്വന്തമാക്കിയ ലൂസിഫര്‍ മാര്‍ച്ച് 28 ന് റിലീസിനെത്തുകയാണ്. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായിട്ടാണ് ലാല്‍ അഭിനയിക്കുന്നത്. ബിഗ് ബജറ്റില്‍ ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ്, മോഹന്‍ലാല്‍, ടൊവിനോ തോമസ് തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാരുടെയെല്ലാം ഫാന്‍സ് ലൂസിഫറിന് പിന്തുണയുമായി രംഗത്തുണ്ട്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം
ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ ഒന്നിന് ഹെദരബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നിന്നുമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ കഥയുമായി എത്തുന്ന സിനിമ മലയാളത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു തുടങ്ങി ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും റിലീസ് എപ്പോഴായിരിക്കും എന്നതിനെ കുറിച്ച് കൂടുതല്‍ വിവരമില്ല.

ഇട്ടിമാണി മേഡ് ഇന്‍ ചൈന
നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ഈ ചിത്രവും ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിംഗപ്പൂര്‍ നിന്നുമാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഇവിടെ നിന്നും കേവലം അഞ്ച് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലമാണ് സിംഗപ്പൂരില്‍ നിന്നും ചിത്രീകരിക്കുന്നത്. അതിന് ശേഷം തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും സിനിമയുടെ ഷൂട്ടിംഗ് നടക്കുക. വെള്ളിമൂങ്ങ, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്നവരാണ് ജിബിയും ജോജുവും.

ബിഗ് ബ്രദര്‍
മോഹന്‍ലാലിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് ബിഗ് ബ്രദര്‍. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നേരത്തെ പുറത്ത് വന്നിരുന്നു. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

വിനയന്റെ സിനിമ
സംവിധായകന്‍ വിനയന്റെ സംവിധാനത്തിലെത്തുന്ന ഒരു ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ഏറെ കാലമായി ഇരുവരും പിണക്കത്തിലായിരുന്നെങ്കിലും അതെല്ലാം കഴിഞ്ഞെന്ന് പറഞ്ഞ് കൊണ്ട് വിനയനായിരുന്നു സിനിമ പ്രഖ്യാപിച്ചത്. മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന വിനയന്റെ മറ്റൊരു സിനിമ കഴിഞ്ഞതിന് ശേഷമായിരിക്കും മോഹന്‍ലാല്‍ ചിത്രം ആരംഭിക്കുക. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും ഇതെന്നാണ് വിനയന്‍ വ്യക്തമാക്കിയത്.


Click it and Unblock the Notifications











