മമ്മൂട്ടിക്ക് പിന്നാലെ പോയപ്പോഴുണ്ടായ രസകരമായ സംഭവം പങ്കുവെച്ച് ബിനു പപ്പു, ഒടുവിൽ ഒരു ചോദ്യവും
ക്യാരക്ടർ റോളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ബിനു പപ്പു. അസിസ്റ്റന്റ് ഡയറക്ടറായി സിനിമ കരിയർ ആരംഭിച്ച ബിനു 2014 ൽ പുറത്തിറങ്ങിയ ഗ്യാങ്സ്റ്ററിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് സഖാഖ്, ലൂസിഫർ, വൈറസ്, അമ്പിളി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രമായ വൺ, ഓപ്പറേഷൻ ജാവ എന്നീ ചിത്രങ്ങളിലൂടെയാണ് നടൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അച്ചടക്കത്തോടെയുള്ള അവതരണ ശൈലിയാണ് ബിനു പപ്പുവിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്.
സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്, മാധുരി ദീക്ഷിത്തിന്റെ പുതിയ ചിത്രം വൈറലാകുന്നു
2014 മുതൽ സിനിമയിലുണ്ടെങ്കിലും മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ബിനു പപ്പു പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. വണ്ണിലെ മുഖ്യമന്ത്രിയുടെ ഗൺമാനായി സിനിമയിൽ നിറഞ്ഞു നിന്നിരുന്നു. പിന്നീട് ഓപ്പറേഷൻ ജാവയിലെ കഥാപാത്രവും പ്രേക്ഷകരുടെ ഇടയിൽ വലിയ ശ്രദ്ധനേടുകയായിരുന്നു. ഇപ്പോഴിത മമ്മൂട്ടിക്കൊപ്പമുള്ള സിനിമ അനുഭവം വെളിപ്പെടുത്തുകയാണ് താരം. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വൺ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്നു ബിനു.

മമ്മൂക്കയുടെ കൂടെ നിന്ന് വർക്ക് ചെയ്ത ചിത്രമായിരുന്നു വൺ എന്നാണ് ബിനു പപ്പു പറയുന്നത്. സിനിമയിൽ അദ്ദേഹത്തിന്റെ ഗൺമാനുമാണ് അതുപോലെ തന്നെ അസോസിയേറ്റും മായിരുന്നു. 2014 ൽ പുറത്തിറങ്ങിയ ഗ്യാങ്സ്റ്ററായിരുന്നു മമ്മൂക്കയ്ക്കൊപ്പം ആദ്യം അഭിനയിക്കുന്ന ചിത്രം. ഇതിന് ശേഷം പുത്തൻപണത്തിൽ അഭിനയിച്ചിരുന്നു. അതിന് ശേഷം പരോൾ ചെയ്തു. പുത്തൻ പണത്തിൽ അദ്ദേഹത്തിനോടൊപ്പം കോമ്പിനേഷൻ സീനുകൾ ഒന്നുമില്ലായിരുന്നു. എന്നാൽ പരോളിൽ ഞാൻ ഒരു സീനിലെയുള്ളൂ. അത് മമ്മൂക്കയുമായിട്ടായിരുന്നു. അത് കഴിഞ്ഞ് ഞാൻ അദ്ദേഹത്തിനടുത്ത് എത്തിപ്പെടുന്നത് വണ്ണിലാണ്.

ചിത്രത്തിൽ മമ്മൂക്കയ്ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും ബിനു പപ്പു അഭിമുഖത്തിസൂടെ വെളിപ്പെടുത്തിയിരുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ... സിനിമയുടെ ഫസ്റ്റ് ഡേ പൂജ കഴിഞ്ഞ് ഡയലോഗ് ചാർട്ടുമായി താൻ മമ്മൂക്കയുടെ അടുത്ത് എത്തി. അപ്പോൾ മമ്മൂക്ക എന്നോട് ചോദിച്ചു. ''താൻ എന്താടോ പാഡൊക്കെ പിടിച്ച്. ഇവിടെ വേഷവും അഭിനയവുമൊന്നുമില്ലേ... അപ്പോൾ ഞാൻ പറഞ്ഞു; സിഎമ്മിന്റെ ഓഫീസിൽ ഇല്ല പുറത്ത് ഇറങ്ങിയാലെ ഗൺമാനുള്ളൂവെന്ന്''. അദ്ദേഹത്തിനോടൊപ്പം കൂടെ നിന്ന് വർക്ക് ചെയ്ത ചിത്രമായിരുന്നു. അസോസിയേറ്റ് കൂടിയായത് കൊണ്ട് പുള്ളി എവിടെ പോയാലും കൂടെയുണ്ടാവും.

മെഗാസ്റ്റാറിന്റെ കൂടെ നടക്കുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു രസകരമായ സംഭവവും ബനു പറഞ്ഞിരുന്നു. ''ചിത്രത്തിൽ വരാന്തയിലൂടെ നടന്ന് തിരിയണം. അവിടെ ഒരു ഡോർ ആണ്. പിന്നെ അങ്ങോട്ട് വഴിയില്ല. മമ്മൂക്ക നടന്ന് അവിടെ ഇടിച്ചു നിന്നു. ഞാൻ തൊട്ട് പിന്നാലെയുണ്ട്. അപ്പോൾ മമ്മൂക്ക എന്നോട് ചോദിച്ച് താൻ എങ്ങോട്ടാണ് ഈ വരുന്നത്. അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ എവിടെ പോയാലും ഞാൻ കൂടെ വരുമെന്ന്. എനിക്ക് വേറെ ഏങ്ങോട്ട് പോകാനില്ല. എവിടെ പോയാലും കൂടെ വരണം. ആ അവസ്ഥയിലായിരുന്ന ഞാൻ''. സിനിമയിലെ രസകരമായ അനുഭവം പങ്കുവെച്ച് കൊണ്ട് ബിനു പപ്പു പറഞ്ഞു.

മമ്മൂട്ടിക്കൊപ്പവും ദുൽഖറിനൊടൊപ്പവും ബിനു അഭിനയിച്ചിട്ടുണ്ട്. രണ്ടും രണ്ട് തരത്തിലുള്ള അനുഭവമാണെന്നാണ് നടൻ പറയുന്നത്. ദുൽഖർ പോലീസ് ഗെറ്റപ്പിൽ എത്തുന്ന സല്യൂട്ടിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പോലീസ് ചിത്രമാണ് സല്യൂട്ട്. ചിത്രത്തിൽ എസ്ഐ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ ദുൽഖർ അവതരിപ്പിക്കുന്നത്. മനോജ് കെ ജയനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications