മമ്മൂട്ടിയുടെ സമ്മാനം മാത്രമല്ല പൃഥ്വി ഒരുക്കുന്നതും സര്‍പ്രൈസാണ്! ലൂസിഫര്‍ ചെകുത്താന്‍, ലാലേട്ടനോ?
മലയാളക്കര വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഒടിയന്‍ ഡിസംബര്‍ പതിനാലിന് തിയറ്ററുകളിലേക്ക് എത്തും. ശേഷം ആരാധകര്‍ വലിയ ആകാംഷ നല്‍കുന്നത് ലൂസിഫറിന് വേണ്ടിയാണ്. ഒട്ടനവധി സവിശേഷതകളുള്ള ലൂസിഫറിനെ കുറിച്ചുള്ള ഓരോ കാര്യവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്നതാണെങ്കിലും സിനിമയുടെ കഥ പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരിക്കുമെന്നാണ് സൂചന. ഡിസംബര്‍ പതിമൂന്നിന് സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വരികയാണ്. അതിന് പിന്നിലും ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ചിലരുടെ കണ്ടുപിടുത്തം. സിനിമ എന്തായാലും ഞെട്ടിക്കാനുള്ള വരവ് തന്നെയാണോ എന്ന് ടീസര്‍ വരുന്നതോടെ അറിയാം.

ലൂസിഫര്‍
നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയുടെ ചിത്രീകരണം റഷ്യയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇക്കാര്യം പൃഥ്വി തന്നെ തുറന്ന് പറഞ്ഞിരുന്നു. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് നടന്മാരായതിനാല്‍ ലൂസിഫറിനെ കുറിച്ചുള്ള ആകാംഷ വളരെ വലുതായിരുന്നു. ഡിസംബര്‍ പതിനാലിന് മറ്റൊരു സര്‍പ്രൈസ് കൂടി ആരാധകരിലേക്ക് എത്തുകയാണ്.

ടീസര്‍ വരുന്നു
ഡിസംബര്‍ പതിമൂന്നിന് രാവിലെ ഒന്‍പത് മണിക്ക്് ലൂസിഫറിന്റെ ടീസര്‍ റിലീസ് ചെയ്യുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസറെതത്തുന്നതെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കറുത്ത നിറമുള്ള ഒരു അംബാസിഡര്‍ കാറിന്റെ ചിത്രമുള്ള പോസ്റ്ററില്‍ ടീസര്‍ റിലീസിന്റെ തീയ്യതി എഴുതിയിട്ടുണ്ടായിരുന്നു. 13 എന്ന് ആ തീയ്യതിയ്ക്ക് ഒരു പ്രത്യേകതയുണ്ടെന്നാണ് ഇപ്പോള്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.

പതിമൂന്നിലെ റിലീസ്
പൊതുവേ പതിമൂന്ന് എന്ന നമ്പര്‍ കൊള്ളില്ലെന്നാണ് പണ്ട് മുതലുള്ള അഭിപ്രായം. പതിമൂന്നിന് മാത്രമല്ല പ്രത്യേകതയുള്ളത്. 13/12/2018 എന്ന തീയ്യതിയിലെ 13 ഉം 18 ഉം മാത്രമെടുത്ത് നോക്കുമ്പോഴാണ് ചെറിയൊരു കുഴപ്പം ഫീല്‍ ചെയ്യുന്നത്. ലൂസിഫര്‍ എന്ന പേര് പരാമര്‍ശിച്ചിരിക്കുന്ന ബൈബിളിലെ വെളിപ്പാട് എന്ന ഗ്രന്ഥത്തിലെ 13-ാം അധ്യായം 18-ാം വാക്യമാണ് ഇതുമായി സാമ്യപ്പെടുത്താന്‍ കഴിയുക. 'ഉള്‍കാഴ്ചയുള്ളവന്‍ കാട്ടുമൃഗത്തിന്റെ സംഖ്യ കണക്കു കൂട്ടിയെടുക്കട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. 666 ആണ് അതിന്റെ സംഖ്യ. ജ്ഞാനമുള്ളവര്‍ക്ക് മാത്രമേ അത് മനസിലാവുകയുള്ളു.

ചെകുത്താന്റെ വണ്ടിയോ?
നേരത്തെ ലൂസിഫറിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമുള്ള വീഡിയോസും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. അതില്‍ ശ്രദ്ധേയമായത് മോഹന്‍ലാലിന്റെ കറുത്ത നിറമുള്ള അംബാസിഡര്‍ കാറാണ്. ആ കാറിലേക്ക് മോഹന്‍ലാല്‍ കയറുന്ന രംഗമായിരുന്നു വൈറലായത്. കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയ മറ്റൊരു കണ്ടുപിടുത്തം കൂടി നടത്തിയിരുന്നു. ആ അംബാസിഡര്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് KLT 666 എന്നാണ്. ഈ നമ്പറുകള്‍ സൂചിപ്പിക്കുന്നത് ചെകുത്താന്റെ നമ്പറെന്നാണ്. ലൂസിഫര്‍ ചെകുത്താന്‍ ആയതോടെ സിനിമ പറയാന്‍ പോകുന്ന കഥ എന്തായിരിക്കുമെന്ന ആകാംഷ ആരാധകര്‍ക്കുമുണ്ടായിരുന്നു. ഇപ്പോഴിതാ മറ്റൊരു തീയ്യതി കൂടി അതുപോലൊരു സാമ്യം കാണിച്ചതോടെ പ്രേക്ഷകരും ത്രില്ലിലാണ്.

വമ്പന്‍ താരങ്ങള്‍
മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരക്കുന്നത്. മഞ്ജു വാര്യരാണ് നായിക. മംമ്ത മോഹന്‍ദാസ്, സാനിയ അയ്യപ്പന്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, എന്നിവരും ലൂസിഫറില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍, ജോണ്‍ വിജയ്, ബൈജു, ബാബുരാജ്, പൗളി വില്‍സണ്‍, സച്ചിന്‍ പടേക്കര്‍, ഫാസില്‍ (സംവിധായകന്‍) തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയാണ് ചിത്രത്തിലെ വില്ലന്‍.


Click it and Unblock the Notifications