'സുരേഷ് ഗോപി കാരുണ്യത്തെ കുറിച്ച് വലിയ വർത്തമാനം പറയും, എന്നോട് അയാൾ ഒരു കാരുണ്യവും കാണിച്ചിട്ടില്ല'; കൈതപ്രം
അഭിനേതാവ്, ഗായകൻ, എഴുത്തുകാരൻ, കവി തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമിലൂടെയാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് എഴുതിയതെല്ലാം മുത്തുകളായിരുന്നു.
മന്ദാരചെപ്പുണ്ടോ..., പ്രമഥവനം, ലജ്ജാവതിയേ... മുതൽ നിരവധി ഗാനങ്ങൾ കൈതപ്രത്തിന്റെ സംഭാവനയാണ്. അവയലിൽ മിക്കതും മലയാളികൾ ഇന്നും മൂളി നടക്കുന്നവയാണ്. അടുത്തിടെ അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിലെ ചില നടന്മാരും സംവിധായകരും തന്നോട് കാണിച്ച വിവേചനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.
അതിൽ സുരേഷ് ഗോപിയെ കുറിച്ച് കൈതപ്രം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്. സുരേഷ് ഗോപി കാരുണ്യത്തെ കുറിച്ച് വലിയ വർത്തമാനമൊക്കെ പറയുമെങ്കിലും തന്നോട് ഇതുവരെ സുരേഷ് ഗോപി കാരുണ്യത്തോടെ പെരുമാറിയിട്ടില്ലെന്നാണ് കൈതപ്രം പറയുന്നത്.

പൊതുവെ എല്ലാ കാര്യങ്ങളും അഭിപ്രായങ്ങളും മടി കൂടാതെ തുറന്ന് പറയുന്ന കലാകാരനാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. തുറന്ന് പറച്ചിലുകൾ നടത്തിയതിന്റെ പേരിൽ പിന്നീട് അവഗണനയോ അവസരം നഷ്ടപ്പെടുകയോ ചെയ്താലോയെന്ന ഭയം അദ്ദേഹത്തിന് ഇല്ല. 'എല്ലാവരെയും സഹായിക്കുന്ന സുരേഷ് ഗോപി പോലും എന്നോട് ചോദിച്ചിട്ടില്ല.'
'അയാളെ ഞാൻ ഒരു സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അറുപത് ലക്ഷം രൂപയാണ് പ്രതിഫലമായി ചോദിച്ചത്. നാല് ദിവസത്തേക്ക് അഭിനയിക്കാൻ വേണ്ടിയാണ് സുരേഷിനെ വിളിച്ചത്. സുരേഷ് ഗോപി കാരുണ്യത്തെ കുറിച്ച് വലിയ വർത്തമാനമൊക്കെ പറയും പക്ഷെ എന്നോട് അയാൾ ഒരു കാരുണ്യവും കാണിച്ചിട്ടില്ല.'
'അയാളുടെ സിനിമകൾക്ക് വേണ്ടി ഞാൻ എത്രയോ പാട്ടുകൾ എഴുതിയിട്ടുണ്ട്. നാല് ദിവസത്തേക്ക് അഭിനയിക്കാനാണ് അറുപത് ലക്ഷം ചോദിച്ചത്. സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതിയ റസാഖാണ് സുരേഷ് ഗോപിയോട് സംസാരിച്ചത്. ഇത്രയേയുള്ളു ഇവർക്കൊക്കെ കാരുണ്യം. എന്നിരുന്നാലും സുരേഷ് ഗോപിയോട് എനിക്ക് വിരോധമൊന്നും ഇല്ല.'
'അയാൾ പറഞ്ഞാൽ ഞാൻ പോകും. അടുത്തിടെ അയാളുടെ ഒരു സിനിമയ്ക്ക് ഞാൻ പാട്ടെഴുതി. വിരോധത്തിലും സ്നേഹത്തിലുമൊന്നും കാര്യമില്ലെന്ന് മനസിലായി എനിക്ക്', എന്നാണ് സുരേഷ് ഗോപിയിൽ നിന്നുണ്ടായ അനുഭവം പങ്കിട്ട് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞത്.

കൈതപ്രത്തിന്റെ വാക്കുകൾ വൈറലായതോടെ ചിലർ കൈതപ്രത്തെ അനുകൂലിച്ചും ചിലർ സുരേഷ് ഗോപിയെ അനുകൂലിച്ചും രംഗത്തെത്തി. വയസുകാലത്ത് കൈതപ്രം പരദൂഷണം പറയുന്നുവെന്നാണ് ഒരു വിഭാഗം കമന്റ് ചെയ്തത്. കൈതപ്പുറം ഫ്രീയായിട്ട് ആർക്കെങ്കിലും പാട്ട് എഴുതി കൊടുത്തിട്ടുണ്ടോ? ഇല്ലാലോ... അദ്ദേഹം 60 ലക്ഷം വാങ്ങിയാൽ 40 പാവങ്ങൾക്ക് പങ്കിട്ട് കൊടുക്കും.
താങ്കൾക്ക് ഫ്രീയായി അഭിനയിച്ച് തന്നിട്ട് താങ്കൾ ആ പടം വിറ്റ് പണം കിട്ടിയാൽ പാവങ്ങൾക്ക് എന്ത് ഗുണം എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു പ്രവൃത്തി ഉണ്ടായത്.
സംഭവം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും പിന്നാലെ സുരേഷ് ഗോപി മാപ്പ് ചോദിച്ച് എത്തുകയും ചെയ്തിരുന്നു. സുരേഷ് ഗോപി മാപ്പ് ചോദിച്ചതായി തോന്നിയിട്ടില്ലെന്നും വിശദീകരണം നൽകിയതായാണ് തോന്നിയതെന്നും പറഞ്ഞാണ് മാധ്യമപ്രവർത്തക കേസ് കൊടുത്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രവൃത്തി വലിയ ചർച്ചയായതോടെ താരത്തെ ന്യായീകരിച്ച് സിനിമ മേഖലയിൽ നിന്നുള്ളവർ അടക്കം എത്തി. സുരേഷ് ഗോപി ചെയ്തതിൽ മോശമായി ഒന്നും തോന്നിയില്ലെന്നാണ് താരത്തെ അനുകൂലിക്കുന്നവർ പറഞ്ഞത്.


Click it and Unblock the Notifications