ഒരു അച്ഛന്റെ ദുഖമാണവിടെ കണ്ടത്, വിജയ്നോട് അന്ന് ദാസേട്ടൻ ദേഷ്യപ്പെട്ടു; വിധിയുടെ കളി...: എംഡി രാജേന്ദ്രൻ
ഗാനഗന്ധർവൻ യേശുദാസിനെക്കുറിച്ചുള്ള ഒരു സംഭവം ഓർത്തെടുത്ത് ഗാനരചയിതാവ് എംഡി രാജേന്ദ്രൻ. കൂടും തേടി എന്ന സിനിമയിലെ വാചാലം എൻ മൗനവും എന്ന ഗാനം പാടിയപ്പോഴുള്ള അനുഭവമാണ് ഇദ്ദേഹം ഓർത്തെടുത്തത്. യേശുദാസിന്റെ തന്നെ തരംഗിണി സ്റ്റുഡിയോയിൽ വെച്ചാണ് ഈ പാട്ട് യേശുദാസ് പാടിയത്. മകൻ വിജയ് യേശുദാസിനോട് അന്ന് യേശുദാസ് ദേഷ്യപ്പെട്ടെന്ന് എംഡി രാജേന്ദ്രൻ പറയുന്നു. സഫാരി ചാനലിലാണ് പരാമർശം.
പുള്ളി പാടാൻ വന്നപ്പോൾ ഒരു സംഭവമുണ്ടായി. ട്യൂൺ കേട്ട് കഴിഞ്ഞ് കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികളിൽ ഒരുത്തനെ പുള്ളി വിളിച്ചു. ദാസേട്ടൻ പഠിച്ച ആ പാട്ട് കുട്ടിയെ പാടി കേൾപ്പിച്ചു. മോനേ നീ ഒന്ന് പാട് എന്ന് പറഞ്ഞു. വാചാലം എൻ മൗനവും നിൻ മൗനവും.., മോൻ പാട് എന്ന് ദാസേട്ടൻ.മ മോൻ മടിച്ചു. വിജയ് എന്ന മകനാണത്. അവൻ പാടാതെ മടിച്ച് നിന്നു. സ്റ്റുഡിയോയ്ക്ക് അകത്താണിത്. പാട് എന്ന് വീണ്ടും ദാസേട്ടൻ. അദ്ദേഹത്തിന്റെ മൂഡ് പോകുന്നുണ്ടെന്ന് എനിക്ക് മനസിലായി. കുറച്ച് ദേഷ്യം വരുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് ഞാൻ ജെറി അമൽദേവിനോട് പറഞ്ഞു.

ദേഷ്യം വന്ന് പാട് എന്ന് ദാസേട്ടൻ ഫീൽ ചെയ്ത് പറഞ്ഞു. ആജ്ഞയാണ്. അവസാനം വിജയ് പേടിച്ച് പാടി. മതി എന്ന് പറഞ്ഞ് അവനെ പുറത്തേക്ക് വിട്ടു. ദാസേട്ടൻ ആകെ അസ്വസ്ഥനായി. ആകെ പ്രശ്നം. പുള്ളിയും പുറത്തേക്ക് പോയി. പക്ഷെ പെട്ടെന്ന് പുള്ളി തിരിച്ച് വന്നു. പതിവില്ലാതെ സോറി പറഞ്ഞു. ജെറി, ആം സോറി, അവൻ പാടാതിരുന്നപ്പോൾ ഞാൻ പെട്ടെന്ന് എന്റെ ഭൂതകാലം ഓർത്തു. വളരെ ചെറുപ്പത്തിലാണ് എന്നെ എന്റെ അച്ഛൻ പാട്ട് പഠിപ്പിച്ചത്. അന്ന് നിഷ്ഠയോട് കൂടി എന്റെ അപ്പൻ പറയുന്ന പാട്ട് ഞാൻ അത് പോലെ പാടിയത് കൊണ്ടാണ് ഇവർക്കൊക്കെ വലിയ ബംഗ്ലാവും സുഖ സൗകര്യങ്ങളുമുണ്ടായത്.
എനിക്കതൊന്നും ഉണ്ടായിരുന്നില്ല. അത്ര നിഷ്കർഷിച്ചാണ് ഞാൻ പഠിച്ചത്. എന്റെ മോൻ വിജയ് അത് ചെയ്തില്ലല്ലോ എന്നതിൽ എനിക്ക് വലിയ വിഷമം തോന്നി എന്ന് ദാസേട്ടൻ പറഞ്ഞു. കുറച്ച് നേരം പുള്ളി ഒരു സാധാരണ പിതാവായി മാറി. ഒരു അച്ഛന്റെ ദുഖം ഞങ്ങൾ കണ്ടു. പക്ഷെ കാലം തെളിയിച്ചു. അദ്ദേഹം ദുഖിക്കേണ്ടി വന്നില്ല. വാചാലം നിൻ മൗനവും എന്ന ഇതേ പാട്ട് യേശുദാസിനോളം വളർന്ന മകൻ ഗൾഫിൽ ഒരു പരിപാടിയിൽ പാടുന്നു.
മോഹൻലാലാണ് ഈ പാട്ടിൽ അഭിനയിച്ചത്. ആ മോഹൻലാലിന്റെ ഷോയിലാണ് വിജയ് യേശുദാസ് ഈ പാട്ട് പാടിയത്. വിധിയുടെ കളി ആലോചിച്ച് നോക്കൂ. മകൻ പാട്ടുകാരനാകണമെന്നും സംഗീതത്തെ സ്നേഹിക്കണമെന്നും ദാസേട്ടന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അച്ഛന്റെ പാട്ട് മകൻ പാടുന്നു. ഇതിൽ പരം ഒരു ധന്യത എന്തുണ്ടെന്നും എംഡി രാജേന്ദ്രൻ പറഞ്ഞു.


Click it and Unblock the Notifications
















