കൊവിഡിന് ശേഷം തിരിച്ചെത്തിയ ഉടന്‍ ആദ്യം കേട്ട വാര്‍ത്ത അനിലിന്റെ മരണമായിരുന്നു; നടനെ കുറിച്ച് എം എ നിഷാദ്
മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് നടന്‍ അനില്‍ നെടുമങ്ങാടിന്റെ വിയോഗ വാര്‍ത്ത എത്തുന്നത്. സിനിമാ ചിത്രീകരണത്തിന് പോയ ലൊക്കേഷനില്‍ നിന്നും നടന്‍ പുഴയില്‍ മുങ്ങി പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് രാത്രിയില്‍ ഈ വിയോഗ വാര്‍ത്ത മലയാളികളെ സങ്കട കടലിലാക്കി. ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന അനില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. അയ്യപ്പനും കോശിയും പോലെയുള്ള സിനിമകളില്‍ ഏറ്റവും മികവുറ്റ കഥാപാത്രം അവതരിപ്പിച്ച് നല്ലൊരു നടനായി ശ്രദ്ധേയനാവുന്നതിനിടിയലാണ് വേര്‍പാടുണ്ടാവുന്നത്.
വീണ്ടുമൊരു ക്രിസ്തുമസ് വരുമ്പോള്‍ അനില്‍ നെടുമങ്ങാടിന്റെ വേര്‍പാടിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. നടന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ എം എ നിഷാദ്. നിലപാടുകളില്‍ വെളളം ചേര്‍ക്കാത്ത കലാകാരന്‍ ആയിരുന്നു അനില്‍ നെടുമങ്ങാട് എന്നാണ് നിഷാദ് പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'അന്ന് ഒരു ക്രിസ്തുമസ് ദിനത്തില്‍, അന്ന് എന്ന് പറയുമ്പോള്‍,കൃത്യം ഒരു വര്‍ഷം മുമ്പ്. കൊവിഡിനെ, ജയിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ, ഐ സി യു വില്‍ നിന്നും,എന്നെ ആശുപത്രിയിലെ മുറിയിലേക്ക് മാറ്റിയതും, ഈ ദിനത്തിലായിരുന്നു... പതിനാല് ദിവസത്തെ ദുരിത പൂര്‍ണ്ണമായ ദിനരാത്രങ്ങള്‍ക്ക് ശേഷം വെളിച്ചം കണ്ട ദിനം. മുറിയില്‍ എത്തി, ഞാന്‍ ആദ്യം കേട്ട വാര്‍ത്ത അനിലിന്റെ മരണമായിരുന്നു.
താങ്ങാവുന്നതിനുമപ്പുറം ദുഖം കടിച്ചമര്‍ത്താന്‍, ശ്രമിച്ചെങ്കിലും, കണ്ണുകള്‍ അതനുവദിച്ചില്ല. വിതുമ്പി, കണ്ണും, നെഞ്ചും.. അനില്‍, ഒരു നല്ല നടനും, സഹോദരനും, സുഹൃത്തുമായിരുന്നു... എന്റെ സിനിമകളായ കിണറിലെയും, തെളിവിലേയും നിറ സാന്നിധ്യം... രമേശ് അമ്മാനത്ത് സംവിധാനം ചെയ്ത ചൂളം എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടുമുണ്ട്. രണ്ട് നാള്‍ കൂടുമ്പോള്‍, ഒരു കോള്‍, അല്ലെങ്കില്‍ മെസ്സേജ്... അതൊരു പതിവായിരുന്നു.
നിലപാടുകളില്‍ വെളളം ചേര്‍ക്കാത്ത കലാകാരന്‍. സ്‌നേഹ സ്വരത്തില്‍, ഇടക്ക് ശാസിക്കാനുളള സ്വാതന്ത്ര്യം അനില്‍ എനിക്ക് നല്‍കിയിരുന്നു. മലയാളത്തിലെ, ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കേണ്ടവനെ, മരണമെന്ന രംഗ ബോധമില്ലാത്ത കോമാളി കൂട്ടി കൊണ്ട് പോയി. വേദനയോടെയല്ലാതെ, ഓര്‍ക്കാന്‍ കഴിയില്ല. പ്രിയ സഹോദരന്റെ സ്മരണകള്‍ക്ക് മുന്നില്‍, ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു''... എന്നും താരം പറയുന്നു.


Click it and Unblock the Notifications











