കേട്ടത് സത്യമാകരുതെന്ന് മനമുരുകി പ്രാർത്ഥിച്ചുവെന്ന് സംഗീതപ്രേമികൾ; താങ്ങാൻ പറ്റുന്നില്ലെന്ന് എംജി!
മധുര ശബ്ദത്തിന്റെ രാജാവ്... സംഗീതപ്രേമികൾ ഉള്ള കാലത്തോളം ആസ്വദിക്കാൻ എമ്പിടി ഗാനങ്ങൾ സമ്മാനിച്ച് തിരശ്ശീലക്കുള്ളിലേക്ക് മറഞ്ഞിരിക്കുന്നു മലയാളികളുടെ ഹൃദയസ്വരമായിരുന്ന പി.ജയചന്ദ്രൻ. അതുല്യപ്രതിഭയുടെ വേർപാട് ഉൾക്കൊള്ളാനാവാതെ വിങ്ങുകയാണ് ആസ്വാദകർ. പതിവായി കേൾക്കാറുള്ള വ്യാജ വാർത്തകളിൽ ഒന്നായി മാറണമെ ഇതുമെന്ന് പോലും അദ്ദേഹത്തിന്റെ മരണ വാർത്ത കേട്ടപ്പോൾ എല്ലാ സംഗീത ആസ്വാദകരും ഒരു നിമിഷം ആശിച്ചു.
പ്രായത്തിന്റെതായ പ്രശ്നങ്ങളിലൂടെ പ്രിയ ഗായകൻ കടന്നുപോയിരുന്ന കാലത്തെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. പി. ജയചന്ദ്രന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിലാണെന്നും പറയുന്ന ചിത്രവും കുറിപ്പുമാണ് സമൂഹമാധ്യമങ്ങളിൽ ഒരിടയ്ക്ക് വ്യാപകമായി പ്രചരിച്ചിരുന്നത്.

പിന്നീട് കുടുംബവും അദ്ദേഹം തന്നെയും പ്രതികരിച്ച് എത്തുകയും ചെയ്തിരുന്നു. എല്ലാ അവശതകളും ആരോഗ്യപ്രശ്നങ്ങളും അതിജീവിച്ച് സംഗീതരംഗത്തേക്ക് കുറച്ച് മാസങ്ങൾക്ക് മുമ്പ് അദ്ദേഹം തിരിച്ചെത്തിയിരുന്നു. അടുത്തിടെ റെക്കോർഡിങ്ങിന് പാടാനും അദ്ദേഹം എത്തിയിരുന്നു. അതുകൊണ്ട് തന്നെ പ്രിയ ഗായകന്റെ വേർപാട് ഉൾക്കൊള്ളാൻ ആ മധുര ശബ്ദത്തെ സ്നേഹിക്കുന്നവർക്കും സാധിക്കുന്നില്ല.
ഈ വിയോഗം താങ്ങാൻ പറ്റുന്നില്ലെന്നാണ് ഗായകൻ എംജി ശ്രീകുമാർ അനുശോചനം രേഖപ്പെടുത്തി പറഞ്ഞത്. മരണം ഉൾകൊള്ളാൻ സാധിക്കുന്നില്ല. ജയേട്ടന് ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല. ജയേട്ടൻ്റേത് താങ്ങാൻ പറ്റുന്ന വിയോഗമല്ല. അദ്ദേഹം മലയാള സിനിമയുടെ കാരണവരായിരുന്നു. അദ്ദേഹത്തിൻ്റെ മുന്നിൽ പല വേദികളിലും അദ്ദേഹത്തിൻ്റെ തന്നെ പാട്ടുകൾ പാടാൻ സാധിച്ചിരുന്നു.
ഭാവഗായകൻ എന്ന് പറയുന്നത് നൂറ് ശതമാനം അനുയോജ്യമായിരുന്നു. ദാസേട്ടനെ പോലെ ഒരുപാട് ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. കഴിഞ്ഞ മാസം കൂടി അദ്ദേഹം സ്റ്റുഡിയോയിൽ പാടുന്നത് കണ്ടിരുന്നു. എൻ്റെ സ്വന്തം ജേഷ്ഠനെ പോലെയായിരുന്നു എന്നുമാണ് എംജി ശ്രീകുമാർ റിപ്പോർട്ടർ ചാനലിനോട് സംസാരിക്കവെ പറഞ്ഞത്. ഒരു പാട്ടുകാരൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയായിരുന്നു പി. ജയചന്ദ്രൻ എന്നാണ് നടൻ മധു മീഡിയ വണ്ണിനോട് സംസാരിക്കവെ പറഞ്ഞത്.
വലിയൊരു ഗുണം ആ മനുഷ്യനിൽ കണ്ടിട്ടുള്ളത് എന്താണെന്ന് വെച്ചാൽ സിനിമാക്കാരനെന്ന രീതിയിലുള്ള പ്രസ്താവനകൾ ഒന്നും നടത്താതെ പാട്ടിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു എന്നതാണ്. ഞാൻ പറയാനുള്ളതിന്റെ നൂറിരട്ടി എല്ലാവരും അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് കഴിഞ്ഞു. അദ്ദേഹത്തിന് ഈ രോഗം വരരുതായിരുന്നു. പക്ഷെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ.

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടേയെന്ന് പ്രാർത്ഥിക്കുന്നു... മധു പറഞ്ഞു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ഇന്ന് വൈകുന്നേരമാണ് പി. ജയചന്ദ്രൻ അന്തരിച്ചത്. 81 വയസായിരുന്നു. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം.
ഇതിനോടകം 15000ത്തിൽ അധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം പ്രിയ ഗായകന് ആദരാഞ്ജലികൾ നേർന്നു.


Click it and Unblock the Notifications











