എന്താണ് ഉദ്ദേശ്യം എന്നാണ് ആ ഗായിക എന്നോട് ചോദിച്ചത്; പിന്തുടർന്ന് അവസരം നിഷേധിച്ചവരുണ്ടെന്നും ജയചന്ദ്രൻ
സംഗീത ലോകത്ത് തന്റേതായ സ്ഥാനമുള്ള സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ജയചന്ദ്രന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. എന്ന് നിന്റെ മൊയ്തീൻ, പട്ടം പോലെ, ഒടിയൻ തുടങ്ങിയ സിനിമകളിൽ എം ജയചന്ദ്രൻ ഒരുക്കിയ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്. അഭിപ്രായങ്ങൾ തുറന്ന് പറയാൻ ജയചന്ദ്രൻ മടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കരിയറിൽ തിരിച്ചടികളും എം ജയചന്ദ്രന് ഉണ്ടായിട്ടുണ്ട്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ എം ജയചന്ദ്രൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
സംഗീതം ഉള്ളിലുണ്ടെങ്കിൽ എല്ലാ ഗായകരെയും വലുപ്പ ചെറുപ്പമില്ലാതെ കാണാൻ സാധിക്കുമെന്ന് എം ജയചന്ദ്രൻ പറയുന്നു. പക്ഷെ എന്റെ കുഴപ്പമെന്നത് ക്ഷമ കുറച്ച് കുറവായിരിക്കും. പാടിക്കുന്ന സമയത്ത് ഒരു തെറ്റ് വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ദേഷ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ വരരുത് എന്ന് ഞാനെന്നോട് തന്നെ പറയാറുണ്ട്. പാട്ട് പാടുന്നയാൾക്ക് സമാധാനം തോന്നണം. എല്ലാവർക്കും ഞാൻ സമയം കൊടുക്കും. ഒന്നും രണ്ടും മാസം എന്റെ പാട്ടുകൾ പാടിയവരുണ്ട്. അതിന് ബുദ്ധിമുട്ട് തോന്നിയ പാട്ടുകാരുണ്ടെന്നും ജയചന്ദ്രൻ പറയുന്നു.

ഞാൻ പാടിയത് പെർഫെക്ട് ആണല്ലോ, പിന്നെ എന്തിനാണ് പിന്നെയും പാടിക്കുന്നതെന്ന് ഒരു ഗായിക എന്നോട് ചോദിച്ചു. ഞാനുദ്ദേശിച്ചതിലേക്ക് എത്തിയിട്ടില്ലെന്ന് ഞാൻ പറഞ്ഞു. നിങ്ങളുടെ ഉദ്ദേശ്യം എന്താണ്, ഇങ്ങനെ പാടിച്ച് കൊണ്ടിരിക്കുകയാണോ എന്ന രീതിയിൽ സംസാരിച്ചു. ആ സിനിമ കണ്ട ശേഷം ആ ഗായിക പറഞ്ഞത് ജയൻ ചേട്ടൻ പറഞ്ഞത് കറക്ട് ആയിരുന്നു എന്നാണെന്നും ജയചന്ദ്രൻ വ്യക്തമാക്കി.
കരിയറിലെ തുടക്ക കാലത്ത് സംവിധായകരുടെ ആവശ്യങ്ങളുമായി ഒത്ത് ചേരാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. അന്ന് സിനിമയെന്തെന്ന് കൃത്യമായി മനസിലായിട്ടുണ്ടായിരുന്നു. സിനിമ സംവിധായകന്റേതാണ്. ഇതല്ല എന്ന് പറഞ്ഞാൽ അത് നമ്മൾ മനസിലാക്കേണ്ടതുണ്ട്. വെറുതെ പറയുന്നവരുടെ കാര്യമല്ല. യഥാർത്ഥ സംവിധായകർ എന്ന് നമുക്ക് വിളിക്കാൻ പറ്റുന്നവർ ഒരു കാര്യം ഇങ്ങനെയല്ല എന്ന് പറഞ്ഞാൽ അതിനൊരു കാരണം ഉണ്ടാകും.

സിനിമ അവരാണ് ഉണ്ടാക്കുന്നത്. സോങ് സിറ്റുേവഷനും ഉണ്ടാക്കിയത് ഞാനല്ല. പക്ഷെ ചിലർ സെൻസിബിളല്ലാതെ വെറുതെ പറയുന്നതും കണ്ടിട്ടുണ്ട്. ഇയാളുടെ ഈണം പെട്ടെന്ന് സമ്മതിച്ച് കൊടുക്കേണ്ട എന്ന ഈഗോ വർക്ക് ചെയ്യുന്നവരുണ്ട്. അത്തരം ആളുകളുമായി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. വേറെ ആളുകളെ വെച്ച് ചെയ്തോ എന്ന് അവരോട് പറഞ്ഞ് സിനിമകളിൽ നിന്നും താൻ മാറിയിട്ടുണ്ടെന്നും ജയചന്ദ്രൻ പറയുന്നു.
സിനിമകളിൽ നിന്ന് മാറ്റി നിർത്തിയ അനുഭവമുണ്ടെന്നും ജയചന്ദ്രൻ പറയുന്നു. ഞാൻ സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല. പക്ഷെ എനിക്കെല്ലാവരോടും സ്നേഹമാണ്. വർഷങ്ങളോളം എന്നെ പിന്തുടർന്ന് അവസരങ്ങൾ നിഷേധിച്ചവരുണ്ടെന്നും ജയചന്ദ്രൻ തുറന്ന് പറഞ്ഞു. ഇപ്പോൾ ഞാൻ എവിടെ ഇരിക്കുന്നോ അത് ഭഗവാന്റെ ഏറ്റവും വലിയ വരദാനമാണെന്നും എം ജയചന്ദ്രൻ വ്യക്തമാക്കി.


Click it and Unblock the Notifications











