മമ്മൂക്കയും ഇന്നസന്റേട്ടനും കൊടുത്ത കാശ് കൊണ്ട് കല്യാണം! ശ്രീനിയും വിമലയും ഒന്നിച്ച ആ ദിവസം: എം മോഹനൻ
അഭിനേതാവും തിരക്കഥാകൃത്തുമായി ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗം ഇന്നും ഉള്‍ക്കൊള്ളാനായിട്ടില്ല പ്രിയപ്പെട്ടവര്‍ക്ക്. അസുഖബാധിതനായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് പോവുമെന്ന് കരുതിയില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. സന്ദേശം പോലെയൊരു പൊളിറ്റിക്കല്‍ സിനിമയുടെ ആലോചനയിലായിരുന്നു അദ്ദേഹം. വയ്യാതിരുന്നപ്പോഴും എഴുത്തിനെക്കുറിച്ചും, സിനിമകളെക്കുറിച്ചുമൊക്കെയായിരുന്നു ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതെന്ന് സത്യന്‍ അന്തിക്കാട് വ്യക്തമാക്കിയിരുന്നു. ഇടയ്ക്കിടയ്ക്ക് ശ്രീനിയെ കാണാന്‍ പോവാറുണ്ടായിരുന്നു. സത്യേട്ടന്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ രാവിലെ മുതല്‍ കുളിച്ച് റെഡിയായി അദ്ദേഹത്തെ കാത്തിരിക്കും. എത്താന്‍ വൈകിയാല്‍ പരിഭവം പറയും. വന്ന് കഴിഞ്ഞാല്‍ ലോക കാര്യങ്ങളും, സിനിമയും, തമാശകളുമൊക്കെയായി ആള്‍ ഉഷാറാവും എന്ന് ഭാര്യ വിമലയും പറഞ്ഞിരുന്നു.
മമ്മൂട്ടിയും ഇന്നസെന്റുമാണ് തന്റെ വിവാഹത്തിന് പണം തന്ന് സഹായിച്ചതെന്ന് ശ്രീനിവാസന്‍ തുറന്നുപറഞ്ഞിരുന്നു. രജിസ്റ്റര്‍ മാര്യേജാണ് പ്ലാന്‍ ചെയ്തതെങ്കിലും താലി കെട്ടിയേ തീരൂ എന്ന് അമ്മ പറഞ്ഞിരുന്നു. കൈയ്യില്‍ പൈസയില്ലാതിരുന്നതൊന്നും അമ്മയ്ക്ക് വിഷയമായിരുന്നില്ല. അങ്ങനെയാണ് മമ്മൂട്ടിയോട് പണം ചോദിക്കുന്നത്. പൈസ കൊടുത്തപ്പോള്‍ കല്യാണത്തിന് വരേണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. വേറൊന്നും കൊണ്ടല്ല, നിങ്ങള്‍ വന്നാല്‍ എല്ലാവരും വിവരം അറിയും. അതുകൊണ്ടാണ് വരേണ്ടെന്ന് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. അഭിമുഖങ്ങളിലെല്ലാം പ്രണയ വിവാഹത്തെക്കുറിച്ചും, മമ്മൂട്ടിയും, ഇന്നസെന്റും സഹായിച്ചതിനെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനാവാറുണ്ട്. ഇപ്പോഴിതാ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യാ സഹോദരനും, സംവിധായകനുമായ എം മോഹനന്‍ പങ്കുവെച്ച കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇന്നാണ് ആ ദിവസം, ജനുവരി-13. മമ്മൂക്കയും ഇന്നസന്റേട്ടനും കൊടുത്ത കാശുകൊണ്ട്, ഫോട്ടോഗ്രാഫറോ വീഡിയോഗ്രാഫറോ ഇല്ലാതെ നിലവിളക്കിന്റെ വെളിച്ചമോ, ചന്ദനത്തിരിയുടെ സുഗന്ധമോ ഇല്ലാതെ ഇവർ, ഒരുമിച്ച് യാത്ര തുടങ്ങിയ ദിവസം. എല്ലാ യാത്രകളും ഇങ്ങനെയാണ്, എവിടെ വച്ചെങ്കിലും ഏതെങ്കിലും ഒരാൾ പെട്ടെന്നങ്ങ് പോകും എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.ആ വിയോഗം തീരാവേദനയാണ്. കുറേക്കാലം കൂടി ഒന്നിച്ചുണ്ടായിരുന്നുവെങ്കില്‍. നാടിനും കുടുംബത്തിനും അഭിമാനമായി മാറിയ ശ്രീനിയേട്ടന്‍ തുടങ്ങിയ പ്രതികരണങ്ങളായിരുന്നു പോസ്റ്റിന് താഴെ.
പാരലല്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന സമയത്തായിരുന്നു ശ്രീനിവാസനും വിമലയും പരിചയത്തിലാവുന്നത്. നിര്‍മലഗിരി കോളേജിലായിരുന്നു വിമല പഠിച്ചിരുന്നത്. എന്നും ഒരേ സമയത്തായിരുന്നു ഇരുവരുടെയും യാത്ര. കാണുമ്പോഴെല്ലാം ശ്രീനി വിമലയോട് സംസാരിക്കാറുണ്ടായിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. സാമ്പത്തിക പ്രതിസന്ധികളിലായിരുന്നതിനാല്‍ ആ സമയത്ത് വിവാഹം നടത്താന്‍ പറ്റിയിരുന്നില്ല. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനായി പോയപ്പോള്‍ കത്തുകളിലൂടെയായിരുന്നു ഇരുവരും ആശയവിനിമയം നടത്തിയത്. തനിക്ക് വിവാഹാലോചനകള്‍ വരുന്നതിനെക്കുറിച്ച് വിമല സൂചിപ്പിക്കുന്നുണ്ടായിരുന്നു. താനല്ലാതെ മറ്റൊരാളെയും വിമല വിവാഹം ചെയ്യില്ലെന്ന് ശ്രീനിവാസന് അറിയാമായിരുന്നു.
പെട്ടെന്നാണ് രജിസ്റ്റര്‍ മാര്യേജ് ചെയ്യുന്നതിനെക്കുറിച്ച് വിമലയോട് പറയുന്നത്. വിവാഹത്തിന് രണ്ട് ദിവസം മുന്‍പായാണ് ശ്രീനിവാസന്‍ നാട്ടിലെത്തുന്നത്. എന്തായാലും താലി മാല മേടിക്കണം എന്ന് അമ്മ പറഞ്ഞതോടെയായിരുന്നു അദ്ദേഹം പ്രതിസന്ധിയിലാവുന്നത്. അങ്ങനെയാണ് മമ്മൂട്ടിയോട് പൈസ ചോദിക്കുന്നത്. കല്യാണത്തിന് വരേണ്ടെന്നും പറഞ്ഞിരുന്നു. ഇതൊരു രജിസ്റ്റര്‍ മാര്യേജാണ്. വീട്ടില്‍ പരിപാടികളൊന്നുമില്ല. നിങ്ങളെപ്പോലൊരാള്‍ ഈ ചടങ്ങിന് വന്നാല്‍ ഇതേക്കുറിച്ച് ലോകം മുഴുവനും അറിയും. മമ്മൂട്ടിയോട് കാര്യങ്ങള്‍ വിശദീകരിച്ച് പറഞ്ഞിരുന്നു അന്ന് എന്ന് അഭിമുഖങ്ങളിലെല്ലാം ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അന്നത്തെ അതേ സ്‌നേഹത്തോടെയാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നതെന്ന് വിമലയും വിശദീകരിച്ചിരുന്നു.


Click it and Unblock the Notifications











