'ഇനിയൊരു ജന്മമുണ്ടെങ്കില്‍ മോഹന്‍ലാലായി ജനിക്കണം, അദ്ദേഹത്തിന്റെ എളിമ എന്നെ അതിശയിപ്പിച്ചു'; എം.മുകുന്ദൻ!
മലയാളികൾക്ക് മാത്രമല്ല സിനിമയെ സ്നേഹിക്കുന്നവർക്കെല്ലാം എന്നും വിസ്മയമാണ് മോഹൻലാൽ എന്ന പ്രതിഭ. കണ്ട തീരാത്ത ചിത്രം പോലെ കേട്ടു തീരാത്ത പാട്ടുപോലെ ആരാധകരുടെ മനസിൽ കുടിയിരിക്കുന്നു.
ഒരേ രൂപത്തിൽ നാല് മോഹൻലാൽ കഥാപാത്രങ്ങൾ വരുമ്പോഴും ആ കഥാപാത്രങ്ങളെ ഇന്നും അവയുടെ പേരിൽത്തന്നെ ഓർമ്മയിൽ അടയാളപ്പെടുത്താൻ മോഹൻലാലിന് കഴിയുന്നുണ്ട്. മിഥുനത്തിലെ സേതുവിന്റെ മുഖത്ത് നിന്നും ആ കണ്ണടയുടെ ഫ്രെയിം ഒന്ന് മാറ്റിയാൽ മണിച്ചിത്രത്താഴിലെ സണ്ണിയെ കാണാം.
ആ കണ്ണടയൊന്നൂരിയാൽ കളിപ്പാട്ടത്തിലെ വേണുവിനെയും മുടിയൊരൽപ്പം നീട്ടിയാൽ ഗാന്ധർവ്വത്തിലെ സാമിനെയും മായാമയൂരത്തിലെ നരേന്ദ്രനെയും കാണാം. മുഖത്തൊരു ചെറിയ വെട്ടിന്റെ പാടുവന്നാൽ ചെങ്കോലിനെ സേതുവിനെ കാണാം. എന്നിട്ടും അവരൊക്കെ തമ്മിൽ വലിയ വ്യത്യാസമുള്ളതായാണ് ആസ്വാദകന് തോന്നാറ്. ലാൽ ഭാവങ്ങൾ ഇനിയും കണ്ടും ആസ്വദിച്ചും മലയാളിക്ക് മതിയായിട്ടില്ല.

ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ കഥാകാരൻ മയ്യഴിയുടെ പ്രിയങ്കരൻ എം. മുകുന്ദൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ഏറെ പ്രിയപ്പെട്ട കലാകാരനെ കുറിച്ച് എം.മുകുന്ദൻ എഴുതിയത്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ തനിക്ക് മോഹന്‍ലാലായി ജനിക്കണമെന്നാണ് എം.മുകുന്ദൻ പറയുന്നത്.
'ഒരിക്കൽ മോഹൻലാലിനൊപ്പം കുറച്ച് സമയം ചിലവഴിച്ചപ്പോഴുള്ള അനുഭവവും എം.മുകുന്ദൻ വിവരിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച വാനപ്രസ്ഥം ഞാന്‍ രണ്ടുതവണ കണ്ടിരുന്നു. എന്നെ ഒരുപാട് ആഹ്ലാദിപ്പിച്ച ഒരു സിനിമയാണത്.'
'വാനപ്രസ്ഥത്തിലെ മോഹന്‍ലാലിന്റെ അഭിനയം എന്നെ ശരിക്കും മോഹിപ്പിച്ചു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഞാന്‍ മോഹന്‍ലാലായി ജനിക്കാന്‍ ആഗ്രഹിക്കുന്നു... അദ്ദേഹം സമ്മതിക്കുമെങ്കില്‍. അത് പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല. മോഹന്‍ലാലിനെപ്പോലെ വെള്ളിത്തിരയില്‍ അഭിനയിച്ചാടിത്തകര്‍ക്കാന്‍ വേണ്ടിമാത്രം.'
'ഒരിക്കൽ അശോക റോഡിലെ കോക്കനട്ട് ഗ്രോവ് റസ്റ്ററന്റില്‍ വെച്ച് മോഹന്‍ലാലിനെ കണ്ടു. മോഹന്‍ലാലിന്റെ എളിമ എന്നെ അതിശയിപ്പിച്ചു. വിശ്വാസമല്ലേ എല്ലാം എന്നൊരു പരസ്യവാക്യമുണ്ടല്ലോ. ഞാനത് തിരുത്തുന്നു. എളിമയല്ലേ എല്ലാം. ഞങ്ങള്‍ മോഹന്‍ലാലിനോടൊപ്പം അപ്പവും സ്റ്റൂവും കഴിച്ചുകൊണ്ട് കുറെനേരം സംസാരിച്ചിരുന്നു.'

'ഒരിക്കല്‍ ഞാന്‍ കേരള ക്ലബ്ബില്‍ വാനപ്രസ്ഥത്തെക്കുറിച്ച് വാചാലനായി സംസാരിക്കുന്നതിനിടയില്‍ മോഹന്‍ലാലിന്റെ പേര് മറന്നുപോയി. എത്ര ശ്രമിച്ചിട്ടും ആ പേര് ഓര്‍മയില്‍ തെളിഞ്ഞുവന്നില്ലെന്നാണ്', അനുഭവം പങ്കിട്ട് എം. മുകുന്ദൻ കുറിച്ചത്. നിവിൻ പോളിയുടെ മഹാവീര്യർ, ആൻ അഗസ്റ്റിൻ സിനിമ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിവയുടെ കഥ എം.മുകുന്ദന്റേതായിരുന്നു.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയ ശേഷം മുപ്പത് വയസെങ്കിലും കുറഞ്ഞ് കിട്ടിയിരുന്നെങ്കിലെന്ന് ചിന്തിക്കാറുണ്ടെന്ന് മുമ്പൊരിക്കൽ എം.മുകുന്ദൻ പറഞ്ഞിരുന്നു. 'കഥയും തിരക്കഥയും സ്വന്തമായി എഴുതിയ സന്തോഷമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ നൽകുന്നത്.'
'മുപ്പതുവയസെങ്കിലും കുറഞ്ഞുകിട്ടിയിരുന്നെങ്കിലെന്ന് ചിന്തിക്കാറുണ്ട്. അങ്ങനെയെങ്കിൽ കുറച്ചുകൂടി സജീവമായി പ്രവർത്തിക്കാമായിരുന്നു. തിരക്കഥാരചന അനായാസം ചെയ്യാവുന്ന പ്രവൃത്തിയല്ല. ഈ പ്രായത്തിൽ ഇനി ബുദ്ധിമുട്ടാണ്. സിനിമ കല മാത്രമല്ല അതിൽ സാങ്കേതികവിദ്യയുടെ കൂട്ടുകൂടിയുണ്ട്. സാഹിത്യത്തിൽ എഴുത്തുകാരൻ സ്വതന്ത്രനാണ്. സിനിമയും എഴുതണമെന്ന് ആഗ്രഹമുണ്ടെന്നാണ്', എം.മുകുന്ദൻ പറഞ്ഞത്.


Click it and Unblock the Notifications