പിന്നെ ഉര്‍വശി നിര്‍മാതാവായി, മനോജ് കെ ജയന്റെ ഭാര്യയായി! കുസൃതി കാണിച്ച് ഓടി നടന്ന നടിയെ കുറിച്ച് പത്മകുമാര്‍
ഒരുകാലത്ത് മിന്നും താരമായിരുന്ന നടി ഉര്‍വശി ഇപ്പോള്‍ അമ്മ കഥാപാത്രങ്ങളിലൂടെയാണ് നിറഞ്ഞു നില്‍ക്കുന്നത്. മലയാളത്തിന്റെ പുറമേ തമിഴിലും സജീവമായ ഉര്‍വശിയുടെ ഏറ്റവും പുതിയ സിനിമയാണ് ഉള്ളൊഴുക്ക്. കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം നടി പാര്‍വതി തിരുവോത്തും മലയാളത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണിത്.
രണ്ട് നടിമാരും മത്സരിച്ചഭിനയിച്ചു എന്ന് പ്രേക്ഷകര്‍ ഒരുപോലെ പറയുകയാണ്. അതേസമയം ഉര്‍വശിയെ പ്രശംസിക്കുകയാണ് സംവിധായകന്‍ എം പത്മകുമാര്‍. നടിയെ ആദ്യമായി കണ്ടതും അവരുടെ കൂടെ ഒരുമിച്ച് സിനിമകള്‍ ചെയ്തതിനെ പറ്റിയും പത്മകുമാര്‍ പറയുന്നു.

ഉര്‍വശി എന്ന അഭിനേത്രിയെ ഞാനാദ്യം കാണുന്നത് 'ഇന്‍സ്‌പെക്ടര്‍ ബല്‍റാം' സിനിമയുടെ സെറ്റിലാണ്. ഞാന്‍ ആ സിനിമയില്‍ ഐ.വി.ശശി എന്ന ഇതിഹാസ സംവിധായകന്റെ സഹായിയായി ജോലി ചെയ്യുകയായിരുന്നു. ഉര്‍വശി ശശിയേട്ടന്റെ 'പൊടി'യായിരുന്നു. പൊടിമോളെ എന്നാണ് ഉര്‍വശിയെ വീട്ടില്‍ വിളിക്കുക.
അന്ന് മലയാളത്തിലും തമിഴിലും തിരക്കുള്ള താരമായിരുന്നെങ്കിലും താരജാഡ ഒട്ടുമില്ലാതെ, ഏറ്റവും താഴെയുള്ള അസിസ്റ്റന്റായ എന്നോടു വരെ കലഹിച്ചും കുസൃതി കാണിച്ചും സെറ്റില്‍ ഓടി നടന്ന ഉര്‍വശിയാണ് അന്നും ഇന്നും എന്റെ മനസ്സില്‍...
പിന്നെയും ശശിയേട്ടന്റെ തന്നെ പല സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായി. പിന്നെ ഉര്‍വശി നിര്‍മാതാവായി, മനോജ് കെ ജയന്റെ ഭാര്യയായി, പിന്നീട് എപ്പോഴോ അവര്‍ പിരിഞ്ഞു, കുറച്ചുകാലം സിനിമ ഉര്‍വശിയില്‍ നിന്നും ഉര്‍വശി സിനിമയില്‍ നിന്നും വേറിട്ടു നിന്നു.

ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കു മടങ്ങി വന്ന ഉര്‍വശിയ്ക്ക് മറ്റൊരു രൂപവും ഭാവവും ദൗത്യവും ഉണ്ടായിരുന്നു. കഥാപാത്രങ്ങളില്‍ നിന്നും കഥാപാത്രങ്ങളിലേക്കുള്ള ആ കൂടുമാറ്റങ്ങളില്‍ ഏറ്റവും ഒടുവിലത്തേതായി പ്രേക്ഷകര്‍ കണ്ടത് 'ഉള്ളൊഴുക്കി'ലെ ലീലാമ്മയെയായിരുന്നു.
ഒരു അഭിനേത്രി തന്റെ കഥാപാത്രത്തിലൂടെ ഒരു സിനിമയെ സ്വന്തം ചുമലിലേറ്റി എങ്ങനെ മുന്നോട്ടു കൊണ്ടു പോവുകയും പ്രേക്ഷകരെ കൂടെ കൂട്ടുകയും ചെയ്യുന്നു എന്നതിന്റെ ഉപമകളില്ലാത്ത ദൃഷ്ടാന്തമാണ് ലീലാമ്മയും ഉര്‍വശിയും. ലീലാമ്മ പ്രത്യക്ഷപ്പെടുന്ന ഓരോ ഫ്രെയിമിലും ലീലാമ്മയെ അല്ലാതെ മറ്റൊരാളിലേക്കും നമ്മുടെ കാഴ്ചയോ ശ്രദ്ധയോ മാറിപ്പോകുന്നില്ല എന്ന് പറയുമ്പോള്‍ ഒരു അഭിനേത്രിക്ക് തന്റെ കഥാപാത്രത്തിനായി അതില്‍ കൂടുതലായി എന്താണു നല്‍കാനുണ്ടാവുക!
'ഉള്ളൊഴുക്ക്' എന്ന സിനിമയെ പറ്റി പറയുമ്പോള്‍ ക്രിസ്റ്റോ ടോമിയെയും പാര്‍വതി തിരുവോത്തിനെയും പ്രശാന്ത് മുരളിയെയും കുറിച്ച് പറയാതിരിക്കാനാവില്ല. പക്ഷേ സിനിമ കണ്ടിറങ്ങുമ്പോള്‍ എല്ലാ പേരിനും മീതെ ഒരു മഹാമേരു പോലെ ഉര്‍വശി എന്ന ശശിയേട്ടന്റെ പഴയ പൊടിമോള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.' എന്നും പറഞ്ഞാണ് പത്മകുമാര്‍ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











