'മോഹൻലാലിനെ കാണാൻ ജനം തടിച്ചുകൂടി പക്ഷെ ഐ.വി ശശി സാർ പിന്മാറിയില്ല, അദ്ദേഹം അല്ലാതെ അതിന് മുതിരില്ല'
മലയാളക്കരയിൽ വർഷങ്ങൾക്ക് ശേഷവും ആഘോഷിക്കപ്പെടുന്ന ചലച്ചിത്രാനുഭവങ്ങളിൽ പ്രഥമസ്ഥാനം തന്നെ അർഹിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദേവാസുരം. ദേവനെയും അസുരനെയും ഒരേപോലെ സ്ക്രീനിൽ പ്രതിഷ്ഠിച്ചത് കൊണ്ടാവാം ഉത്സവങ്ങൾ ലഹരിയായ മലയാളികളുടെ മനസിൽ ഇന്നും ദേവാസുരം മായാതെ കിടക്കുന്നത്. നമ്മുടെയെല്ലാം ഉള്ളിൽ പുറത്തുചാടാൻ വെമ്പൽ കൊള്ളുന്ന ഹീറോയിസമാണ് മംഗലശ്ശേരി നീലകണ്ഠൻ. നീലനില്ലെങ്കിൽ പിന്നെ ശേഖരനില്ല... അതേ നീലകണ്ഠൻ എന്ന ഉഗ്രപ്രതാപിയായ കഥാപാത്രത്തിന് അത്രയും തന്നെ ചേലുള്ള വില്ലനായി ശേഖരനുമില്ലെങ്കിൽ ദേവാസുരം പൂർണമാവില്ല.
മുണ്ടയ്ക്കൽ കുടുംബക്കാർ ആഘോഷമായി കൊണ്ടുവന്ന പഞ്ചവാദ്യക്കാരെ മംഗലശ്ശേരി മുറ്റത് കൊട്ടിക്കുകയും ഉത്സവം കലക്കുകയും ചെയ്യുന്ന നീലനിൽ നിന്നും തുടങ്ങുന്ന ചിത്രം ശേഖരന്റെ അമ്മാവനെ അബദ്ധത്തിൽ നീലന്റെ ആളുകൾ കൊല്ലുന്നതോട് കൂടി ശേഖരൻ നീലന് തുല്യനായ എതിരാളിയായി മാറുന്നു.

നടൻ അഗസ്റ്റിന്റെ നിർദേശപ്രകാരം രഞ്ജിത്ത് സംവിധായകൻ ഐ.വി ശശിയുടെ അടുത്ത് ഈ കഥയുമായി ചെല്ലുമ്പോൾ ദേവാസുരം വളരെ ചെറിയൊരു ചിത്രമായിരുന്നു. എന്നാൽ അന്ന് വമ്പൻ ചിത്രങ്ങൾ മാത്രം ചെയ്തുകൊണ്ടിരുന്ന ഐ.വി ശശിയുടെ നിർദേശപ്രകാരമാണ് സിനിമയിൽ രഞ്ജിത്ത് മാറ്റങ്ങൾ വരുത്തുന്നതും ഒത്തിരിയേറെ കഥാപാത്രങ്ങൾ രൂപപ്പെടുന്നതും.
രൂപം കൊണ്ട് ലാലിനൊപ്പം നിൽക്കുന്ന ഒരു മുഖം വില്ലൻ വേഷത്തിനായി തിരയുമ്പോഴാണ് മോഹൻലാൽ നെപ്പോളിയനെ ആ വേഷത്തിലേക്ക് നിർദേശിക്കുന്നത്. അന്ന് രജിനികാന്ത് നായകനായ യജമാൻ എന്ന സിനിമയിലെ വില്ലൻ വേഷം കഴിഞ്ഞ് നിക്കുന്ന ഭാരതിരാജ തമിഴിൽ അവതരിപ്പിച്ച കുമരേശൻ ദൊരൈസാമി എന്ന നെപ്പോളിയൻ സന്തോഷത്തോടെ ഈ വേഷം ഏറ്റെടുത്തു.
ശേഖരന്റെ മാനറിസങ്ങൾ സംവിധായകന്റെ നിർദേശത്തിലൂടെയും നിരീക്ഷണത്തിലൂടെയും സ്വായത്തമാക്കി നെപ്പോളിയൻ നീലന് ഒത്ത വില്ലനായി മാറി. സാധാരണയായി ഐ.വി ശശിയുടെ ഒരു രീതി അനുസരിച്ച് ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നത് നടീനടന്മാർ പൂർണമായും കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കാൻ തുടങ്ങിയതിന് ശേഷമാണ്.
എന്നാൽ ദേവസുരത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുന്നത് ഷൂട്ട് തുടങ്ങി അഞ്ചാമത്തെ ദിവസമാണെന്നാണ് പലരും പറഞ്ഞ് കേട്ടിട്ടുള്ളത്. സ്വയം പിൻവാങ്ങുന്ന നീലന്റെ തോൽവിക്കായി ഭാനുമതിയെ പടക്കശാലയിൽ കെട്ടിയിട്ട് നീലന് മേൽ അധീശത്വം ഉറപ്പിക്കുന്ന ശേഖരനും ഒടുക്കം ശേഖരന്റെ വലത് കൈ വെട്ടിയെടുക്കുന്ന നീലനും അസാമാന്യമായ പ്രകടനം നടത്തിയ ആ ക്ലൈമാക്സ് ആർക്കും മറക്കാനാവില്ല.

ദേവാസുരം മുപ്പത് വർഷം പൂർത്തിയാക്കുമ്പോൾ. സിനിമയുടെ ക്ലൈമാക്സ് രം ഗങ്ങൾ ഷൂട്ട് ചെയ്തപ്പോൾ നടന്ന ചില സംഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ എം.പത്മകുമാർ. ദേവാസുരത്തിൽ ഐ.വി ശശിയുടെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു എം.പത്മകുമാർ. ഐ.വി ശശി അല്ലാതെ ലോകത്ത് മറ്റൊരാൾക്കും ദേവാസുരം എന്ന സിനിമ സംവിധാനം ചെയ്യാൻ പറ്റില്ലെന്നാണ് എം. പത്മകുമാർ ക്ലബ് എഫ്എമ്മിന് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
'ശ്രീകൃഷ്ണപുരത്തെ ഒരു അമ്പലത്തിലാണ് ദേവാസുരത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. ഉത്സവം ഷൂട്ട് ചെയ്യുമ്പോൾ വലിയൊരു ക്രൗഡ് വേണം. അത്ര അധികം ജൂനിയർ ആർട്ടിസ്റ്റുകളെയൊന്നും അന്ന് കിട്ടാനില്ല. അതുകൊണ്ട് തന്നെ ആളുകൾ വരാനായി ഷൂട്ടിന്റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് അമ്പലത്തിന്റെ പരിസര പ്രദേശങ്ങളിൽ ഞങ്ങൾ പോസ്റ്റർ ഒട്ടിച്ചു.'
'മോഹൻലാൽ വരും എന്നൊക്കെ പരസ്യം ചെയ്തിരുന്നു. അങ്ങനെ ഷൂട്ട് ചെയ്യാനായി നിശ്ചയിച്ച ദിവസം വൈകുന്നേരത്തോടെ ഞങ്ങൾ എല്ലാവരും അമ്പലത്തിൽ എത്തി. എന്നാൽ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച അമ്പലത്തിന്റെ മൂന്ന് കിലോമീറ്റർ ദൂരത്തിൽ വരെ ജനം തിങ്ങി നിറഞ്ഞിരിക്കുകയാണ്. ക്രൂവിലുള്ളവരുടെ വണ്ടിയോ ഒന്നും കയറ്റാൻ സാധിക്കാത്ത അവസ്ഥ. മോഹൻലാൽ വന്നാലും വണ്ടിയിൽ നിന്നും ഇറങ്ങാൻ സാധിക്കില്ല. ഒരാൾക്കും കൺട്രോൾ ചെയ്യാൻ പറ്റാത്ത അത്രത്തോളം ജനം നിറഞ്ഞിരുന്നു. പോലീസുകാരും കുറവാണ്.'
'സാധാരണ ഗതിയിൽ ആരായാലും ഷൂട്ട് നിർത്തിവെച്ച് തിരിച്ച് പോകും. പക്ഷെ ഐ.വി ശശി സാർ അത് ചെയ്തില്ല. അദ്ദേഹമില്ലായിരുന്നെങ്കിൽ ആ സിനിമ ഷൂട്ട് ചെയ്യാൻ പറ്റില്ലായിരുന്നു. പുള്ളി ക്രൗഡൊന്നും മൈന്റ് ചെയ്തില്ല. കാറിൽ നിന്ന് ഇറങ്ങി നിർദേശം കൊടുത്ത് ക്രൗഡിന് ഇടയിലൂടെ നടന്ന് ക്യാമറകളും മറ്റും സെറ്റ് ചെയ്ത് ഷൂട്ട് തുടങ്ങി. അദ്ദേഹം അല്ലാതെ ലോകത്തിലെ ഒരു സംവിധായകർക്കും ആ സിനിമ ഷൂട്ട് ചെയ്യാൻ പറ്റില്ലെന്നാണ്', അനുഭവം വിവരിച്ച് എം.പത്മകുമാർ പറഞ്ഞത്.


Click it and Unblock the Notifications











