മമ്മൂട്ടി അസർബൈജാനിൽ, ഗുരുവിനെ അവസാനമായി കാണാൻ മെഗാസ്റ്റാറും കുടുംബവും എത്തുകയില്ലേ?; എംടിയുടെ മമ്മൂട്ടി
വിൽക്കാനുണ്ട് സ്വപ്നങ്ങൾ മുതൽ മനോരഥങ്ങൾ വരെയായി ഏകദേശം പതിമൂന്നോളം സിനിമകളിലാണ് എംടിയും മമ്മൂട്ടിയും ഒരുമിച്ച് പ്രവർത്തിച്ചത്. തൃഷ്ണ, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകൾ, അക്ഷരങ്ങള്‍, ഇടനിലങ്ങള്‍, അനുബന്ധം, ഒരു വടക്കന്‍ വീരഗാഥ, സുകൃതം, കേരളവർമ്മ പഴശ്ശിരാജ എന്നിവ അവയിൽ ചിലത് മാത്രം. എംടിയുടെ രു വടക്കൻ വീരഗാഥയിലൂടെയാണ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. മറ്റ് ഭാഷകൾക്ക് കടം കൊടുത്താലും മലയാളി തിരിച്ച് വാങ്ങി സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടി എന്നാണ് ഒരിക്കൽ എംടി പറഞ്ഞത്.
സിനിമയിൽ വന്നകാലം മുതൽ മമ്മൂട്ടിക്ക് ആരെല്ലാമോ ആണ് എം.ടി. മരണ വിവരം അറിഞ്ഞയുടൻ അനുശോചനം അറിയിച്ച് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ മനസ് ശൂന്യമാകുന്നത് പോലെ തോന്നുന്നുവെന്നാണ് മമ്മൂട്ടി കുറിച്ചത്. എം.ടി കണ്ടെത്തിയ നടനാണ് മമ്മൂട്ടിയെന്നും മമ്മൂട്ടിയെ ഉദ്ദേശിച്ചാണ് എം.ടി കഥകൾ എഴുതുന്നതെന്നും ഒരിടയ്ക്ക് പ്രചരിച്ചിരുന്നു.

പലരും എം.ടിയോട് നേരിട്ട് തന്നെ ഇക്കാര്യം ചോദിച്ചിട്ടുമുണ്ട്. ഒരു പൊതുവേദിയിൽ വെച്ച് അതിനുള്ള മറുപടിയായി എംടി പറഞ്ഞത് ഇങ്ങനെയായിരുന്നു... മമ്മൂട്ടിയിലെ നടനെ ഇന്നല്ലെങ്കിൽ നാളെ മറ്റൊരാൾ കണ്ടെത്തും എന്ന കാര്യം ഉറപ്പാണ്. ഞാനതിന് നിമിത്തമായി എന്നേയുള്ളു. എനിക്കതിൽ വളരെയധികം സന്തോഷമുണ്ട്. ഞാനതിനെ ഡിസ്‌കവർ ചെയ്തു എന്നതല്ല മമ്മൂട്ടി എന്ന ടാലന്റ് ഇവിടെ ഉണ്ടായിരുന്നു.
വ്യത്യസ്തങ്ങളായ അനേകം കഥാപാത്രങ്ങളെ മമ്മൂട്ടി വളരെ ഭാഗിയായി അവതരിപ്പിച്ചിട്ടുണ്ട്. വളരെ ബുദ്ധിമുട്ടേറിയ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഞാൻ തന്നെ ബന്ധപ്പെട്ടിട്ടുള്ള ഒരു വടക്കൻ വീരഗാഥ.... ആയുധ അഭ്യാസം, കളരി പയറ്റ് തുടങ്ങിയ കാര്യങ്ങൾ വളരെ സ്വാഭാവികമായി മമ്മൂട്ടി ചെയ്തിട്ടുണ്ട്.
അത് എങ്ങനെ ചെയ്യാൻ സാധിച്ചുവെന്ന് ചോദിച്ചാൽ അധ്വാനം തന്നെ എന്നാണ് ഉത്തരം. ചിലർ അഭിമുഖങ്ങളിൽ ചോദിക്കാറുണ്ട് മമ്മൂട്ടിയെ ഉദ്ദേശിച്ചിട്ടാണോ എഴുതിയതെന്ന്. അല്ല മമ്മൂട്ടിയെ ഉദ്ദേശിച്ചല്ല എഴുതാറ്. പക്ഷെ എഴുതി കഴിയുമ്പോൾ ഇത് മമ്മൂട്ടി ചെയ്താൽ കൊള്ളാമെന്ന് തോന്നും. ഇന്നയാളുടെ തീയതി ഉണ്ടെന്ന് പറഞ്ഞ് അയാൾക്ക് പറ്റിയ കഥ വേണമെന്ന് പറഞ്ഞ് ഒരു സംവിധായകനും എന്റെ അടുത്ത് വന്നിട്ടില്ല.
ഹരിഹരനോ ഐവി ശശിയോ ഒന്നും എന്റെ അടുത്ത് ഇങ്ങനൊരു കാര്യം പറഞ്ഞ് വന്നിട്ടില്ല. പറഞ്ഞാൽ ഞാൻ അത് കേൾക്കുകയുമില്ല. അത് വേറെ കാര്യം. പക്ഷെ എഴുതി കഴിയുമ്പോൾ ആ കഥാപാത്രത്തിന് എന്റെ മനസിൽ ഒരു രൂപമുണ്ട്. രൂപം, രൂപഘടന, ആകൃതി, പ്രകൃതി, ചലനം, സംസാരം എന്നിങ്ങനെ... അതിന് യോജിച്ച ആളായിരിക്കും മമ്മൂട്ടി എന്നാണ് എംടി പറഞ്ഞത്.

എംടിക്ക് മുന്നിൽ അന്നും ഇന്നും ഒരു വിദ്യർത്ഥിയുടെ അച്ചടക്കത്തോടെയും എളിമയോടെയും നിഷ്കളങ്കതയോടെയും മാത്രമെ മമ്മൂട്ടിയെ കാണാൻ സാധിക്കൂ. നാല് മാസങ്ങൾക്ക് മുമ്പും പ്രിയ ശിഷ്യനേയും കുടുംബത്തേയും എംടി കുടുംബസമേതം സന്ദർശിച്ചിരുന്നു. മരണ വിവരം അറിഞ്ഞ് കോഴിക്കോട്ടെ സിത്താരയിലേക്ക് ആദ്യം ഓടി എത്തിയവരിൽ നടൻ മോഹൻലാലുമുണ്ട്.
അതേസമയം പ്രിയ ഗുരുവിനെ അവസാനമായി കാണാൻ മെഗാസ്റ്റാറും കുടുംബവും എത്തുകയില്ലേ എന്ന ചോദ്യവും ആരാധകരിലുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി മമ്മൂട്ടിയുടെ ഫാൻ പേജുകളിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളിൽ നിന്നും നടൻ അസർബൈജാനിലാണെന്നാണ് വ്യക്തമാകുന്നത്. ഇത്തവണത്തെ മമ്മൂട്ടിയുടെ ക്രിസ്മസും അസർബൈജാനിലായിരുന്നു.
അതേസമയം എം.ടിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താനാണ് സർക്കാരിന്റെ തീരുമാനം. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ വെച്ച് നടക്കും. വൈകിട്ട് നാല് വരെ അദ്ദേഹത്തിൻ്റെ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാം.


Click it and Unblock the Notifications











