ഉർവശിക്ക് താഴയേയുള്ളു മഞ്ജു വാര്യർ, പാർവതി യഥാർത്ഥത്തിൽ പാവം, സുരേഷ് ഗോപി റിയാലിറ്റി മനസിലാക്കണം; എംഎ നിഷാദ്
സംവിധായകനും നടനുമായ എംഎ നിഷാദ് ഉർവശി, സുരേഷ് ഗോപി അടക്കമുള്ള മലയാളത്തിലെ മുൻനിര താരങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ലേഡി സൂപ്പർ സ്റ്റാർ ടൈറ്റിൽ ആർക്കാണെന്ന് നോക്കേണ്ടതില്ലെന്നും നല്ല നടി ആരാണെന്ന് നോക്കിയാൽ മതിയെന്നും നിഷാദ് പോപ്പിൻസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാർവതി തിരുവോത്ത് പാവമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ഏറ്റവും നല്ല നടി ഉർവശിയാണ്.
അഭിനേത്രി എന്ന രീതിയിലാണ് ഞാൻ പറഞ്ഞത്. വ്യക്തിപരമായ കാര്യങ്ങളല്ല. ഉർവശിയെ വെല്ലാൻ ഒരു നടിയുണ്ടായിട്ടില്ല. ഉർവശിക്ക് താഴയെയുള്ളു ശോഭനയും മഞ്ജു വാര്യരും രേവതിയും പാർവതി തെരുവോത്തുമെല്ലാം. ഉർവശി എന്നാൽ ഉർവശിയാണ്. എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്ക് താഴെയാണെന്ന് പല വേദികളിലും പരസ്യമായി ഞാൻ പറഞ്ഞിട്ടുണ്ട്.

ഒരു അഭിനേത്രി എന്ന നിലയിൽ ഉർവശിയോളം പോന്ന ഒരു നടിയെ മലയാള സിനിമ കണ്ടിട്ടില്ല. ലേഡി സൂപ്പർ സ്റ്റാർ എന്ന ടാഗിനെ കുറിച്ച് പറയുമ്പോൾ... വാണി വിശ്വനാഥ് ആക്ഷൻ സൂപ്പർസ്റ്റാറല്ലേ?. സൂപ്പർസ്റ്റാർഡം നോക്കേണ്ടതില്ല. മികച്ച നടി ആരാണെന്ന് നോക്കിയാൽ മതി. മഞ്ജു വാര്യരും ഒരുപാട് നല്ല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ല ആർട്ടിസ്റ്റുമാണ്. അതിൽ സംശയമില്ല. പാൻ ഇന്ത്യൻ ആക്ടറായി മാറിയില്ലേ.
പിന്നെ ലേഡി സൂപ്പർസ്റ്റാർ ആരെന്ന തർക്കത്തിന്റെ ആവശ്യമില്ല. ഉർവശിയാണ് മികച്ച നടി എന്ന അഭിപ്രായമാണ് എനിക്ക്. നല്ല കലാകാരന്മാരെ അംഗീകരിക്കുക, ബഹുമാനിക്കുക എന്നതല്ലേയുള്ളു. ഇർഫാൻ ഖാന്റെ കൂടെ അഭിനയിക്കാൻ പാർവതിക്ക് കഴിഞ്ഞില്ലേ. അതൊരു ഭാഗ്യമല്ലേ. പാർവതിയെ ഞാൻ ക്ലോസായി വാച്ച് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യുന്നയാളാണ്.
അവർ പാവമാണ്. ഇരുവശങ്ങളിലുമുണ്ടായിരുന്ന മറ്റുള്ളവർ കസബയ്ക്ക് എതിരെ പാർവതിയെ കൊണ്ട് പറയിപ്പിച്ചതാണ്. അവർ നല്ല പിള്ള ചമഞ്ഞിരുന്നു. അതുപോലെ തിലകൻ ചേട്ടൻ സാമൂഹിക പ്രതിബദ്ധയുണ്ടായിരുന്ന മനുഷ്യനാണ്. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ പല കാര്യങ്ങളിലും പ്രതികരിക്കുമായിരുന്നു. കലാകാരന്മാരെ വിലക്കുന്നത് ശരിയായ രീതിയല്ലെന്ന അഭിപ്രായമാണ് എനിക്ക്. എന്തിനാണ് അങ്ങനെ ചെയ്യുന്നത് നിഷാദ് ചോദിച്ചു.
സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആയുധം സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ഡയലോഗ് പറയാൻ സുരേഷ് ഗോപി തയ്യാറായില്ല. അപ്പോഴേ എനിക്ക് മനസിലായി പുള്ളിയുടെ ചാട്ടം എങ്ങോട്ടാണെന്ന്. ഞങ്ങൾക്ക് പരസ്പരം സ്നേഹമുണ്ട്. പക്ഷെ രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് മാത്രം. പാവമാണ് പുള്ളി.

പുള്ളിയുടെ ചാട്ടം എങ്ങോട്ടാണെന്ന് മനസിലായിരുന്നു. സുരേഷേട്ടൻ ഇങ്ങനൊന്നും ആയിരുന്നില്ല. ഒരേ സമയം ഉമ്മൻ ചാണ്ടിക്ക് വേണ്ടിയും വിഎസ് അച്യുതാനന്ദന് വേണ്ടിയും പ്രചാരണത്തിന് പോയ ആളാണ്. അത്രയേയുള്ളു രാഷ്ട്രീയ ബോധം. എന്റെ അമ്മാവനും സുരേഷ് ഗോപിയും ഒരുമിച്ച് പഠിച്ചതാണ്. പത്രക്കാരെ കാണുമ്പോൾ സുരേഷ് ഗോപി ഭരത് ചന്ദ്രനിൽ നിന്നും ഇറങ്ങാത്തതുപോലെ എനിക്ക് തോന്നും. അതേയുള്ള പ്രശ്നം. റിയാലിറ്റിയാണെന്ന് മനസിലാക്കണം.
അദ്ദേഹവുമായി എനിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ല. മകളുടെ കല്യാണത്തിന് ഞാൻ പോയിരുന്നു. മകൻ എനിക്കൊപ്പം അഭിനയിച്ചിരുന്നുവെന്നും നിഷാദ് പറയുന്നു. നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായ നിഷാദ് 1997 മുതൽ മലയാള സിനിമയുടെ ഭാഗമാണ്. ഒരാൾ മാത്രം സിനിമ നിർമ്മിച്ചുകൊണ്ടായിരുന്നു തുടക്കം.
പിന്നീട് വൈരം അടക്കമുള്ള സിനിമകൾ സംവിധാനം ചെയ്തു. അയ്യർ ഇൻ അറേബ്യ, ഒരു അന്വേഷണത്തിന്റെ തുടക്കം എന്നിവയാണ് അവസാനമായി സംവിധാനം ചെയ്ത സിനിമകൾ. സംവിധാനത്തിനൊപ്പം അഭിനയത്തിലും സജീവമാണ്.


Click it and Unblock the Notifications

















