താങ്കൾ കലാകാരനല്ലെന്നത് പരമാർത്ഥം, സാധുക്കൾ തലയിൽ മുണ്ടിട്ട് നാടുവിടാൻ ഇനിയും ഇടയാക്കരുത്: എംഎ നിഷാദ്
അമ്മ സംഘടനയിൽ നിന്നും രാജി വെച്ചതിന് പിന്നാലെ നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ എംഎ നിഷാദ്. ടിനി ടോം ഒരു കലാകാരനല്ലെന്നും ഇത് ടിനി ടോമിന് അറിയില്ലെന്നും എംഎ നിഷാദ് തുറന്നടിച്ചു. പ്രിയപ്പെട്ട ടിങ് ടോങ്, താങ്കൾ ഒരു കലാകാരനല്ല എന്ന സത്യം താങ്കൾക്ക് വേദി തരുന്ന അപൂർവ്വം ചിലരൊഴികെ, ഭൂമിമലയാളത്തിൽ സകലമനുഷ്യജീവികൾക്കും അറിയാവുന്ന പരമാർത്ഥമാകുന്നു. ടി സത്യം താങ്കളും മനസ്സിലാക്കണമെന്ന് ആഗ്രഹമുണ്ട്. കലാകാരനാവണമെന്നുള്ള താങ്കളുടെ ആഗ്രഹത്തെ മാനിക്കുന്നു. അതോടൊപ്പം തന്നെ കല എന്ന പേരിൽ താങ്കൾ ചെയ്യുന്ന പ്രവൃത്തികൾ വഴി കലാകാരന്മാരായ സാധുക്കൾ തലയിൽ മുണ്ടിട്ട് നാടുവിടാൻ ഇനിയും ഇടയാക്കരുതെന്ന് അപേക്ഷിക്കുന്നു. പൊതുവേദികൾ ഒഴിവാക്കി ദണ്ഡനത്തിന്റെ കാഠിന്യം അസാരം കുറയ്ക്കണമെന്ന് വ്യംഗ്യം.
താങ്കൾക്ക് അനുകരണകല തന്നെ ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ മനുഷ്യനടക്കമുള്ള ജീവജാലങ്ങളെ ഒഴിവാക്കി നിർജ്ജീവമായ വസ്തുക്കളെ ഇരയാക്കിക്കൊള്ളുക. ജനങ്ങൾ സ്നേഹിക്കുകയും നെഞ്ചിൽ സൂക്ഷിക്കുകയും ചെയ്യുന്ന അഭിനേതാക്കളെ വെറുതെ വിടാൻ ദയവുണ്ടാകണം..ഇപ്പോൾ വാർത്തയായ വിഷയത്തിൽ താങ്കൾ ആരുടെ ശബ്ദത്തിലാണ് അൻസിബയെ ജിഹാദി എന്നു വിളിച്ചതെന്നറിയില്ല. എങ്കിലും കൃത്യം വൈബ് മാച്ചായ സ്ഥിതിക്ക് അർഹിക്കുന്ന അംഗീകാരങ്ങളും ഉദ്ദിഷ്ടസ്ഥാനലബ്ധിയും വന്നുചേരുമെന്ന് ഇതിനാൽ മനസ്സിലാവുന്നു. കാരാഗ്രഹവാസം അശേഷം താല്പര്യമില്ലാത്ത സ്ഥിതിക്ക് ഇനിയൊരിക്കൽ കൂടി നേരിൽ കാണാനിടയാവതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു..സ്വസ്തി-എന്നാണ് എംഎ നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ്.

കടുത്ത ആരോപണങ്ങളാണ് അൻസിഹ ഹസൻ ടിനി ടോമിനെതിരെ ഉന്നയിച്ചത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതൽ അനുഭവിക്കാൻ തുടങ്ങിയതാണ്. ഒരു കമ്മിറ്റിയാകുമ്പോൾ എല്ലാവർക്കും ഒരേ അഭിപ്രായം ആകണമെന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിന്റെ പേരിൽ വ്യക്തി വെെരാഗ്യമാണ് കാണിച്ച് കൊണ്ടിരിക്കുന്നത്. എനിക്ക് ഈ ലോകത്തിൽ അവിഹിതമുണ്ടാകാൻ ബാക്കിയൊരാളുണ്ടോ എന്നെനിക്ക് അറിയില്ല. മറ്റ് പലരോടും ഇത് പറഞ്ഞിട്ട് അവർ എന്നോട് വന്ന് പറയുന്നു. ഞാനത് സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണത്.
അത് കഴിഞ്ഞ് എനിക്ക് തീരെ സഹിക്കാൻ പറ്റാതായത് ഞാൻ ഇസ്ലാമിലേക്ക് അദ്ദേഹത്തിന്റെ ഡ്രെെവറെ ഉൾപ്പെടെ കൺവേർട്ട് ചെയ്യാൻ ശ്രമിച്ചു എന്ന ആരോപണമാണ്. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ ഞാനെങ്ങനെയാണ് ഒരു കമ്മിറ്റിയിൽ ഇരിക്കുക. അറപ്പ് തോന്നും. നൂന കുറുപ്പ് ചേച്ചിയാണ് കേട്ട കാര്യം എന്നോട് വന്ന് പറഞ്ഞത്. അവർ ഔദ്യോഗികമായി അമ്മയിലേക്ക് പരാതിയും അയച്ചിട്ടുണ്ട്.
ഞാൻ ചോദിക്കാൻ പോയിട്ടില്ല. കാരണം എങ്ങനെ ചോദിക്കാൻ പറ്റും. ഇത്രയും നാളായി കണ്ട് കൊണ്ടിരിക്കുന്നയാൾ വ്യക്തി വെെരാഗ്യം കാരണം ഓരോന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു. ഇസ്ലാമിലേക്ക് കൺവേർട്ട് ചെയ്യാൻ ശ്രമിച്ചെന്ന് പറയാൻ അയാൾക്കെങ്ങനെ തോന്നി. എന്റെ പേര് അൻസിബ ഹസൻ എന്നായത് കൊണ്ട് മാത്രമല്ലേ അങ്ങനെയൊക്കെ പറയുന്നത്.
ഇങ്ങനെയാെരു കമ്മിറ്റിയിൽ തുടരേണ്ട എന്നെനിക്ക് തോന്നി. അസോസിയേഷനിൽ പാവമായ കുറേ മെമ്പേഴ്സ് ഉണ്ട്. അവർക്കെല്ലാം കൃത്യമായി സഹായവും കിട്ടുന്നുണ്ട്. ഞാനിത് പറഞ്ഞ് സംഘടനയ്ക്കൊരു ചീത്തപ്പേര് വരേണ്ടെന്ന് തോന്നി. എന്റെ കരിയറിനെ ബാധിക്കുമോ എന്ന പേടിയുണ്ടായിരുന്നു. പിന്നെ ഇത് കേട്ടതിന്റെ ട്രോമയുമുണ്ടായിരുന്നെന്നും അൻസിബ പറഞ്ഞു.


Click it and Unblock the Notifications
