'ഞാനാണ് രാധികയുടെ പഠനം നിർത്തിച്ചത്, ഞാൻ പഠിച്ച് എംഎയും എംഫില്ലും എടുത്തു... അവൾ കല്യാണം കഴിച്ച് പോയി'
മലയാളത്തിൽ ഇപ്പോഴുള്ള മികച്ച സഹനടിമാരിൽ ഒരാളാണ് മാലാ പാർവതി. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും അമ്മ വേഷങ്ങളിൽ അടക്കം തിളങ്ങുന്ന പാർവതി സാമൂഹിക സാംസ്‌കാരിക വിഷയങ്ങളിൽ അടക്കം ഇടപെടുകയും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുകയും ചെയ്യുന്ന വ്യക്തിത്വം കൂടിയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ 2007 ലാണ് പാർവതി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ഇമ്മാനുവൽ, ഞാൻ, ഓം ശാന്തി ഓശാന, കൊന്തയും പൂണുലും, ആക്ഷൻ ഹീറോ ബിജു, മുന്നറിയിപ്പ്, ടേക്ക് ഓഫ്, ഗോദ, ലൂസിഫർ, ഇഷ്ക്, ആൻഡ് ദ ഓസ്കാർ ഗോസ്റ്റു, ബ്രദേഴ്സ് ഡേ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, മാമാങ്കം എന്ന് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ പീന്നിട് താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പാർവതിയുടെ കുടുംബ സുഹൃത്തും അടുത്ത കൂട്ടുകാരിയുമാണ് സുരേഷ് ഗോപിയുടെ ഭാര്യയും ഗായികയുമായ രാധിക. ഇരുവരും ഒരുമിച്ച് കോളജിൽ പഠിച്ചിരുന്നു. മാത്രമല്ല കുട്ടിക്കാലം മുതൽ പരിചയക്കാരുമാണ്.

രാധികയുമായുള്ള സൗഹൃദത്തെ കുറിച്ച് അഭിമുഖങ്ങളിൽ ഒന്നും പാർവതി ഇതുവരെ സംസാരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് മാല പാർവതി രാധികയെ കുറിച്ച് വാചാലയായത്. അന്നും അസ്സലായി പാടുമായിരുന്നു രാധികയെന്നും പാർവതി പറഞ്ഞു. രാധിക വെർച്വലായി എത്തി പാർവതിക്കൊപ്പമുള്ള ഓർമകളും അഭിമുഖത്തിൽ പങ്കുവെച്ചു. രാധികയെ രാജി എന്നാണ് പാർവതി അടക്കമുള്ള സഹപാഠികൾ വിളിക്കുന്നത്. രാജിയുടെ പഠിത്തം നിർത്തിയത് ഞാനാണ്.
വുമൺസ് കോളേജിൽ ഡിഗ്രി ഫസ്റ്റ് ഇയർ പരീക്ഷ എഴുതാൻ രാജി (രാധിക സുരേഷ്ഗോപി) പോവുകയാണ്. ഞാൻ അവിടെ മതിലിന് മുകളിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നോട് പരീക്ഷ എഴുതുന്നില്ലേയെന്ന് ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്ന് പറഞ്ഞു. അതുകൊണ്ട് അവളും പരീക്ഷ എഴുതിയില്ല. ഞങ്ങൾ ഒരുമിച്ച് രാജിയുടെ വീട്ടിൽ പോയി.
അവിടെ ചെന്നപ്പോൾ സുരേഷേട്ടൻ ഇരിപ്പുണ്ടായിരുന്നു. ഞങ്ങൾ പിന്നെ അവിടെ ഇരുന്ന് ഒരുപാട് വർത്തമാനമൊക്കെ പറഞ്ഞു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം ഞാൻ പഠിച്ച് എംഎയും എംഫില്ലും എല്ലാം എടുത്തു. പാവം അവൾ തുടർന്ന് പഠിച്ചില്ല. കല്യാണം കഴിച്ച് പോയി. അങ്ങനെ രാജിയുടെ പഠിത്തം പോയി. അന്ന് പരീക്ഷയെഴുതിയിരുന്നുവെങ്കിൽ രാജി എല്ലാം എഴുതിപ്പോയേനെ എന്നാണ് പാർവതി സുഹൃത്തിനെ കുറിച്ച് പറഞ്ഞത്.
നേരിട്ട് വന്ന് പാർവതിക്കൊപ്പമുള്ള നല്ല ഓർമകൾ അഭിമുഖത്തിൽ പങ്കിടണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും തിരക്കുകൾ കാരണം സാധിച്ചില്ലെന്നും പറഞ്ഞുകൊണ്ടാണ് രാധിക പാർവതിയെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. തിരക്ക് കാരണം വരാൻ പറ്റിയില്ല. ഞാൻ പഠനം നിർത്തിയത് പാറു കാരണമാണെന്ന് ഓർത്ത് വിഷമിക്കേണ്ട... ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് ഇതേ പറഞ്ഞിട്ടുള്ളു.

എന്റെ കല്യാണ സമയത്ത് പാറുവൊക്കെ തന്ന കുപ്പിവളയിൽ കുറച്ച് ഞാൻ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പാറുവിന്റെ കുടുംബവുമായി ചെറുപ്പം മുതൽ ഞങ്ങൾക്കെല്ലാം പരിചയമുണ്ട്. എല്ലാവരും കൂടി കഴിഞ്ഞാൽ സന്തോഷവും വർത്തമാനവമായി വേറൊരു ലോകത്തേക്ക് പോകും. വേറൊന്നും ആലോചിക്കില്ലെന്നാണ് രാധിക പറഞ്ഞത്.
രാധിക അഞ്ജന കണ്ണെഴുതി എന്ന പാട്ട് അസ്സലായി പാടുമെന്നും അത് അവൾ പാടുമ്പോൾ രാധികയെ തന്നെ നോക്കി നിന്നാൽ നമ്മൾ വേറൊരു ലോകത്ത് എത്തുമെന്നും മാല പാർവതി കൂട്ടിച്ചേർത്തു. പിന്നീട് ഭർത്താവിനെ കുറിച്ചാണ് നടി സംസാരിച്ചത്. സി-ഡിറ്റിൽ ഉദ്യോഗസ്ഥനായ ബി.സതീശനാണ് മാല പാർവതിയുടെ ജീവിത പങ്കാളി. ഞാനും സതീശനും തമ്മിൽ പ്രേമമുണ്ടായിരുന്നില്ല. എനിക്ക് സതീശനെ പരിചയവുമില്ലായിരുന്നു.
നാട്ടുകാർ കഥകൾ പറഞ്ഞ് തുടങ്ങിയപ്പോൾ എന്നെ കല്യാണം കഴിക്കാമോയെന്ന് ഞാൻ സതീശനെ വിളിച്ച് ചോദിക്കുകയായിരുന്നു. ഞാൻ ഒരു കമ്മിറ്റിയിലാണ് പിന്നെ വിളിക്കൂവെന്ന് പറഞ്ഞ് അദ്ദേഹം കട്ട് ചെയ്തു എന്നാണ് പ്രണയ കഥ ചോദിച്ചപ്പോൾ പാർവതി നൽകിയ മറുപടി. അടുത്തിടെയാണ് ഇരുവരും മുപ്പത്തിമൂന്നാം വിവാഹ വാർഷികം ആഘോഷിച്ചത്.


Click it and Unblock the Notifications











