പാര്‍ട്ട്ണറെ ചതിക്കാന്‍ ശ്രമിക്കുന്നവര്‍ മുതല്‍ സമൂഹത്തിലെ ചില മുഖങ്ങളും സീരീസില്‍ കാട്ടുന്നു! നടി മാല പാർവതി
വേറിട്ടതും പുതുമയുള്ളതുമായ അമ്മ വേഷങ്ങളാണ് ഓരോ സിനിമയിലും നടി മാല പാര്‍വതി അവതരിപ്പിക്കാറുള്ളത്. ഇതിനകം ന്യൂജനറേഷന്‍ സിനിമകളിലടക്കം നടി കഴിവ് തെളിയിച്ച് കഴിഞ്ഞു. ഏറ്റവും പുതിയതായി മാസ്റ്റര്‍പീസ് എന്ന വെബ് സീരിസിലാണ് നടി അഭിനയിക്കുന്നത്.
ചിത്രത്തിലെ ആനിയമ്മ എന്ന കഥാപാത്രത്തിലൂടെ മാല പാര്‍വതി ജനപ്രീതി പിടിച്ചുപ്പറ്റി. എന്നാല്‍ ആനിയമ്മ ഓവറാണെന്നുള്ള കമന്റുകളാണ് പിന്നീട് വന്നത്. ഇതിനെ കുറിച്ച് പറഞ്ഞും ശരിക്കും ആനിയമ്മ ഓവറാകുന്നത് എങ്ങനെയാണെന്നും നടി തന്നെ പറയുകയാണ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്റെ കഥാപാത്രത്തിന്റെ പ്രത്യേകതയെ കുറിച്ച് മാല പാര്‍വതി സംസാരിച്ചത്.

ആനിയമ്മ ഓവര്‍ ആക്ടിംഗുമാണ്, വെറുപ്പിക്കലുമാണ്! മാസ്റ്റര്‍പീസ് ഡിസ്‌നി Dinsey+ Hotstar ല്‍ റിലീസ് ആയത് ഒക്ടോബര്‍ മാസം 25നാണ്. അഞ്ച് എപ്പിസോസുകളാണ് സീരീസില്‍. ഇത് ഇറങ്ങിയ ആദ്യ ദിവസങ്ങളില്‍ വന്നത് മിക്‌സഡ് കമന്റുകളാണ്. അതില്‍ ചിലത്, ആനിയമ്മ
വന്‍ വെറുപ്പിക്കലും, ഓവര്‍ ആക്ടിംഗും ആണെനാണ്.
മാസ്റ്റര്‍പീസിലെ ആനിയമ്മയുടെ ഓവറാക്ഷനെ കുറിച്ച്.. അല്ല മാസ്റ്റര്‍പീസിലെ കഥാപാത്രങ്ങളെ കുറിച്ച് എന്റെ ഒരു കാഴ്ച ഇവിടെ കുറിക്കണമെന്ന് തോന്നി. പ്രവീണ്‍ .എസ് എഴുതിയ മാസ്റ്റര്‍പീസില്‍ കഥാപാത്രങ്ങള്‍ 15 -ല്‍ താഴെയാണ്. എന്നാല്‍ ഈ 15 പേരെ വച്ച് സമൂഹത്തെ പുനര്‍സൃഷ്ടിച്ചിരിക്കുകയാണ് ഇവിടെ. മലയാളികള്‍ക്ക് പരിചിതമായ സാഹചര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു എന്ന് മാത്രം. പക്ഷേ ഇത് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ എവിടെയും ചേര്‍ത്ത് വയ്ക്കാവുന്നതാണ്.
പുരുഷാധിപത്യത്തില്‍ അധിഷ്ഠിതമായതാണ് ഇന്ത്യന്‍ സമൂഹം. മറ്റൊരു പ്രധാന സ്വാധീനം മതമാണ്. മതത്തിന്റെ ചട്ടക്കൂടുകളാണ്. പുരുഷാധിപത്യ സമൂഹത്തിന്റെ നിയമങ്ങള്‍ മതത്തിന്റെ നിയമങ്ങളിലൂന്നിയാണ്. അത് കൊണ്ട് തന്നെ പുരുഷാധിപത്യവും മതവും കെട്ടു പിണഞ്ഞ് കിടക്കുന്നു. അവരുടെ അന്തര്‍ധാര ശക്തവുമാണ്. ഈ മൂന്നു കാര്യങ്ങളുടെ, ഈ തലമുറയിലെ പ്രതീകങ്ങളാണ് ആനിയമ്മയും കുര്യച്ചനും ഫാദര്‍ സേവറിയാസും.
സമൂഹത്തിന്റെ 'പാട്രിയാര്‍ക്കിക് ശരികള്‍' നിലനിര്‍ത്താനാണ് ആനിയമ്മ ശ്രമിക്കുന്നത്. യഥാര്‍ത്ഥ സമൂഹത്തിലും, സോഷ്യല്‍ മീഡിയയിലും എല്ലാം ഏറ്റവും ഉറക്കെ ഉയര്‍ന്ന് കേള്‍ക്കുന്ന ചോദ്യങ്ങള്‍ പുരുഷാധിപത്യത്തിന്റെയാണ്. താലി ഇടാത്തതിനെ കുറിച്ച്, കുട്ടിയുണ്ടാകാത്തതിനെ കുറിച്ച്, വസ്ത്രധാരണത്തെ കുറിച്ച്, വീട്ടില്‍ ഉണ്ടാക്കേണ്ട ഭക്ഷണത്തെ കുറിച്ച്, ഭാര്യ ഭര്‍ത്താവിനെ വിളിക്കേണ്ട പേരിനെ കുറിച്ച്, വിവാഹത്തില്‍ പാലിക്കേണ്ട മര്യാദയെ കുറിച്ച് എല്ലാം..
നമ്മള്‍ കേള്‍ക്കുന്ന ചോദ്യങ്ങള്‍ വലിയ ഒച്ചയോടെയാണ് നമ്മുടെ ചെവിയില്‍ പതിക്കുന്നത്. അത് കൊണ്ട് തന്നെ ആനിയമ്മ ഓവറാണ്. മരുമകള്‍ക്ക് മുട്ട കൊടുക്കാത്ത തെയ്യാമ്മച്ചിയുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും, പാട്രിയാര്‍ക്കിയുടെ ബാറ്റണ്‍ ഏറ്റ് വാങ്ങി ആനിയമ്മ ജൈത്രയാത്ര നടത്തുകയാണ്. 'ആനിയമ്മ' മാത്രമാണ് ശരി എന്ന് ഉറച്ച് വിശ്വസിച്ച് മുന്നോട്ട് പോകുമ്പോള്‍, അവര്‍ക്ക് സഹായിയായി എത്തുന്നത് മതമാണ്.
മതത്തിന്റെ പ്രതീകങ്ങളാകുന്നത്, സീരീസില്‍ രണ്ട് പേരാണ്. ഒന്ന് മതത്തിന്റെ മുന്‍നിര പോരാളി, മറ്റൊന്ന് മേടയിലെ സൂത്രധാരന്‍. ഇവിടെ കുര്യച്ചനും, ഫാദര്‍ സേവറിയാസും. പാട്രിയാര്‍ക്കിയും മതവും യോജിക്കുന്നത് യുദ്ധം ചെയ്യാനാണ്. മതവും, പാട്രിയാര്‍ക്കിയും ഒന്നിക്കുമ്പോള്‍, അതിനെ വെല്ലുവിളിക്കാന്‍ എല്ലാ തലമുറയിലും ആളുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ യുദ്ധത്തില്‍ ചിറക് നഷ്ടപ്പെട്ടവരും ശബ്ദം നഷ്ടപ്പെട്ടവരുമാണ് പലരും. എല്ലാ തലമുറയിലും ഇങ്ങനെ യുദ്ധം ചെയ്തവരുണ്ട്.
വീല്‍ ചെയറില്‍ ജീവിക്കുന്ന റോസ്ലീന്‍ ചേച്ചി, ആ യുദ്ധത്തില്‍ തളര്‍ന്ന് പോയ വ്യക്തിയാണ്. അറിവും, കലയുമാണ് ചാണ്ടിച്ചനും ലിസമ്മയും. പാട്രിയാര്‍ക്കിയുടെ ഒച്ചയ്ക്ക് മുന്നില്‍ നിശ്ശബ്ദരായി പോയവര്‍. റോസ്ലീന്‍ ചേച്ചിയുടെ മനസ്സാണ് പുതിയ തലമുറയിലെ റിയയ്ക്ക്. പക്ഷേ റോസ്ലീനെ പോലെ, ജോസ് കുട്ടി അങ്കിളിനെ കാണുമ്പോള്‍ ഭയന്നോടാന്‍ തയ്യാറാകാത്തവളാണവള്‍. ചോദ്യങ്ങളെ നേരിടുന്നവള്‍. ഉത്തരങ്ങള്‍ ഉള്ളവള്‍.

എന്നാല്‍ റിയമാര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നത് ശരിയാണോ എന്ന് സംശയിക്കുന്ന, പഴയതും പുതിയതും തമ്മില്‍ പൊരുത്തപ്പെടണമെന്ന് കരുതുന്ന ആളാണ് ബിനോയ്. ബാലന്‍സ് വേണമെന്ന് കരുതുന്ന, അതിന് വേണ്ടി ശ്രമിക്കുന്ന ബാലന്‍സിംഗ് ബിനോയ്. സമൂഹത്തിന്റെ നീക്കുപോക്കുകള്‍ ശ്രദ്ധിച്ച്, തെറ്റാതെ കാവല്‍ നില്‍ക്കുന്ന ആളാണ് വിജിലന്‍സിലെ സര്‍. സമൂഹത്തിന്റെ നിയമങ്ങള്‍ തെറ്റിച്ചാല്‍ ജോലി മുതല്‍ വീട് വരെ നല്‍കാതെ ശിക്ഷ നടപ്പിലാക്കുന്ന 'സ്റ്റാന്‍ഡാര്‍ഡിന്' കാവല്‍ നില്‍ക്കുന വിജിലന്‍സിലെ സര്‍.
സമൂഹത്തിലെ മറ്റ് ചില മുഖങ്ങളും സീരീസില്‍ കാട്ടി തരുന്നുണ്ട്. സ്വാതന്ത്ര്യത്തെ ഉപയോഗിക്കാന്‍ അറിയാത്തവര്‍. സ്വതന്ത്രമായി ജീവിക്കുമ്പോഴും, പാര്‍ട്ട്ണറെ ചതിക്കാന്‍ ശ്രമിക്കുന്നവര്‍. പുതിയ തലമുറിയിലുമുണ്ട് ആദര്‍ശ് എന്ന പേരുമണിഞ്ഞ് തീരെ ആദര്‍ശമില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍. മാസ്റ്റര്‍ പീസിന്റെ മറ്റൊരു കൗതുകം തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളാണ്. ടെര്‍മിനേറ്റ് ചെയ്യപ്പെടുമെന്ന ഭീഷണിയുടെയും, ശമ്പളമില്ലായ്മയുടെയും, ഡെഡ് ലൈനുകളുടെയും ഇടയിലും നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന, ഐസ് ക്രീമും കഴിക്കുന്ന, ഒന്നിനെ കുറിച്ചും ഒരു ധാരണയുമില്ലാത്ത കുറച്ച് ചെറുപ്പക്കാര്‍.
ഇവരെയെല്ലാം നോക്കി കാണുന്നതാകട്ടെ തലമുറകളായി, സങ്കടത്തെയും, ചിരിയെയും, നിര്‍വ്വികാരതയെയും എല്ലാം മുഖത്ത് സൂക്ഷിക്കുന്ന, ജീവിതത്തിന്റെ പ്രതീകമായ മോണാലിസയും. സീരീസില്‍ എഴുത്തുകാരന്‍ ഒരു പക്ഷവും പിടിക്കുന്നില്ല. ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുള്ള, സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള അപര്‍ണ്ണ ഇടയ്ക്ക് ഒന്നോ രണ്ടോ വരിയില്‍ എടുത്തുകാരന്റെ ശബ്ദമാകുന്നുണ്ട്. ഇതാണ് ഞാന്‍ കണ്ട 'മാസ്റ്റര്‍പീസ്.' വലിയ ലോകത്തിലെ, ചെറിയ മനുഷ്യരും അവരുടെ ഊപ്പിരിക്കാ പ്രശ്‌നങ്ങളും!
Master Peace.. is not just a series.. ഈ സീരിസിന്റെ ഭാഗമായതില്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ട്. കഴിഞ്ഞിട്ടും കഴിയാതെ അത് നെഞ്ചിലേറ്റി നടക്കുകയാണ്. ജീവിതം കണ്ടു കൊണ്ട് മോണാലിസ ചുവരിലും, കാറിലെ ലൈറ്റിലും ഉള്ളതാണ് ഒരേ ഒര് പ്രതീക്ഷ. നമുക്ക് ഒന്നിച്ച് യാത്ര ചെയ്യാം. 'ഇന്നര്‍ പീസിലേക്ക്!'
പ്രവീണിന്റെ ഈ ക്ലാസ്സിക് രചനയ്ക്ക് ദൃശ്യഭാഷ നല്‍കിയതും, സംവിധാനം ചെയ്തതും ശ്രീജിത്താണ്. ഒന്നാം ക്ലാസ്സില്‍ നിന്ന് ഒരു ഉല്ലാസയാത്രയ്ക്ക് പോയപ്പോള്‍, അതിന് മുമ്പും പിമ്പും തോന്നിയ ഒരു ഉത്സാഹമുണ്ട്. സ്‌ക്രിപ്റ്റ് കൈയ്യില്‍, കിട്ടിയപ്പോള്‍ മുതല്‍, ഷൂട്ട് നടന്നപ്പോഴും, അത് കഴിഞ്ഞിട്ടും. ആ ഒന്നാം ക്ലാസ്സുകാരി അനുഭവിച്ച ഉത്സാഹം ഞാന്‍ അനുഭവിച്ചു, അനുഭവിക്കുന്നു. ഈ സീരീസ് സാധ്യമാക്കിയ എല്ലാവര്‍ക്കും നന്ദി. പ്രൊഡ്യൂസര്‍ മാത്യൂ ജോര്‍ജ് സാറിനും, സെന്‍ട്രല്‍ പിക്‌ചേഴ്‌സിനും, ഇത് തിരഞ്ഞെടുത്ത അനന്തപത്മനാഭനും, ദിലീപിനും, ഹോട്ട് സ്റ്റാറ്റിനും നന്ദി.
വാല്‍ക്കഷണം ആനിയമ്മ ഓവറാണ്. വെറുപ്പിക്കലാണ്. എന്നാണ് നമ്മളും പറയുന്നത്.


Click it and Unblock the Notifications











