അമ്മ മരിക്കാറായപ്പോൾ എന്നോട് പറഞ്ഞത്; ജീവിതം അർപ്പിക്കണം, അമ്മ അങ്ങനെയായിരുന്നു: മാല പാർവതി
മലയാളത്തിലും തമിഴിലും ശ്രദ്ധേയ റോളുകൾ ചെയ്ത് കരിയറിൽ മുന്നേറുകയാണ് നടി മാല പാർവതി. സമകാലിക വിഷയങ്ങളിൽ നടി അഭിപ്രായം പറയാറുണ്ട്. തിരുവനന്തപുരം സ്വദേശിയായ മാല പാർവതി ആങ്കറിംഗിൽ നിന്നുമാണ് അഭിനയ രംഗത്തേക്ക് വന്നത്. അഡ്വ. സിവി ത്രിവിക്രമൻ, ഗെെനക്കോളജിസ്റ്റ് ഡോ കെ ലളിത എന്നിവരാണ് മാല പാർവതിയുടെ മാതാപിതാക്കൾ. അമ്മയുടെ മരണത്തെക്കുറിച്ചും അമ്മയ്ക്കൊപ്പമുള്ള ഓർമകളെക്കുറിച്ചും സംസാരിക്കുകയാണ് മാല പാർവതിയിപ്പോൾ. ഗൗരവക്കാരിയായിരുന്ന അമ്മ ചില കാര്യങ്ങളിൽ കുട്ടികളെ പോലെയായിരുന്നെന്ന് മാല പാർവതി പറയുന്നു. മൂവി വേൾസ് മീഡിയയിലാണ് നടി മനസ് തുറന്നത്.
കൊച്ചുകുട്ടിയെ പോലെയുമായിരുന്നു അമ്മ. നമ്മളെ പെടുത്തിക്കളയും. ഫോൺ വിളിച്ചിട്ട് എടുത്തില്ലെങ്കിൽ ടെൻഷനടിപ്പിക്കും. പിണങ്ങും വഴക്കിടും. രണ്ട് മണിക്കെത്തും എന്ന് പറഞ്ഞാൽ രണ്ട് മണിക്കെത്തി ഫോൺ വരണം, അല്ലാതെ നാല് മണിക്ക് വിളിച്ചാൽ നമ്മുടെ കാര്യം തീർന്നു. അമ്മയുടെ അവസാന നാളുകളെക്കുറിച്ചും മാല പാർവതി സംസാരിച്ചു. ഇനി ഞാൻ പോകുകയാണ്. ഇനിയെനിക്ക് നിൽക്കേണ്ട എന്ന് അമ്മ പറഞ്ഞു. മരിക്കാൻ നേരത്ത് എന്തൊക്കെ ചെയ്യണം എന്ന് എന്നോട് പറഞ്ഞു. ഹോസ്പിറ്റലിലേക്ക് പോകുകയാണ്, രണ്ട് ദിവസത്തിനുള്ളിൽ ഓർമ പോകു നീ വന്ന് വിഷ്ണു സഹസ്രനാമവും ലളിത സഹസ്രനാമവും വായിച്ച് തരണമെന്ന് പറഞ്ഞു.

പൊറിഞ്ച് മറിയത്തിന്റെ ഷൂട്ടിലായിരുന്നു ഞാൻ. ഷൂട്ടില്ലാതെ ഉച്ചയ്ക്ക് റൂമിലേക്ക് വന്നപ്പോൾ ഉമ വിളിച്ചു. അമ്മയ്ക്ക് വയ്യ, ചേച്ചിയെ കാണണമെന്നുണ്ടായിരുന്നല്ലോ വരികയാണെങ്കിൽ വന്നോളൂ എന്ന് പറഞ്ഞു. കൊടുങ്ങല്ലൂരാണ് ഷൂട്ട്. ബസിൽ കയറി തൃശൂർ ഇറങ്ങി. ഹോസ്പിറ്റലിൽ അമ്മയുടെ അടുത്തിരുന്ന് നാമങ്ങൾ വായിച്ചു. അമ്മയുടെ കാലിൽ തൊട്ട് തൊഴുതു. അമ്മയുടെ കാലെടുത്ത് തലയുടെ നെറുകയിൽ വെച്ചു. തിരിച്ച് എട്ടരയായപ്പോൾ റൂമിലെത്തി. രണ്ട് മണിയായപ്പോൾ അമ്മ പോയെന്ന് ഉമയുടെ മെസേജ് വന്നെന്നും മാല പാർവതി ഓർത്തു.
പഠിക്കണ്ടേ, അമ്മയെ പോലെയാവണ്ടേ എന്ന് നാട്ടുകാർ ചോദിക്കുമ്പോൾ അമ്മ പറഞ്ഞത് ഇത് പഠിക്കേണ്ടെെന്നാണ്. കൊച്ചേ ഇതാെക്കെ വലിയ ബുദ്ധിമുട്ടുള്ള ജോലിയാണ്, വലിയ ഡെഡിക്കഷൻ വേണം, രാവിലെ കിടന്ന് ഉറങ്ങുന്നവർക്കൊന്നും പറഞ്ഞ പണിയല്ലെന്നാണ് അമ്മ പറഞ്ഞത്. ജീവിതം അർപ്പിക്കാൻ താൽപര്യമുള്ളവർ മാത്രമേ ഈ പണി ചെയ്യാവൂ എന്നും അമ്മ പറഞ്ഞു.

അമ്മ അങ്ങനെയായിരുന്നു. 84ാം വയസിൽ അമ്മ ലാസ്റ്റ് സർജറി ചെയ്തു. ജൂലെെ നാലിനാണ് ഹോസ്പിറ്റലിലെ അവസാന സർജറി ചെയ്തത്. ഓഗസ്റ്റ് നാലിന് അമ്മ പോയി. വയ്യാതായി കിടക്കുമ്പോൾ അമ്മ പറഞ്ഞത് തിരിച്ച് ആരോഗ്യത്തോടെ വരികയാണെങ്കിൽ ഹോസ്പിറ്റലിൽ പോകാൻ പറ്റണം, അല്ലെങ്കിൽ വേണ്ട എന്നാണ്. അതാണ് പാഷൻ.
അമ്മയുടെ ഫസ്റ്റ് പ്രയോരിറ്റി പേഷ്യന്റ്സ് ആയിരുന്നു. അതിലൊരു സംശയവും ഞങ്ങളുടെ വീട്ടിൽ പോലും ആർക്കും ഉണ്ടായിരുന്നില്ല. മക്കൾക്ക് വയ്യാതാകുമ്പോഴോ പരീക്ഷ വരുമ്പോഴോ അമ്മ ലീവെടുത്തിട്ടില്ല. അങ്ങനെ അമ്മ ചെയ്ത ഓർമ പോലും ഞങ്ങൾക്കില്ല. അതിൽ അമ്മയോട് ബഹുമാനമായിരുന്നു. മിസ് ചെയ്തു എന്ന് തോന്നിയിട്ടില്ല. അങ്ങനെയല്ല വീട്ടിൽ ഞങ്ങൾക്ക് പറഞ്ഞ് തന്നിരുന്നതെന്നും മാല പാർവതി ഓർത്തു.
മൂന്ന് തവണ അമ്മ ക്യാൻസർ സർവെെവ് ചെയ്തു. മൂന്നാമത്തെ വട്ടം അമ്മ വിട പറയുകയായിരുന്നെന്നും മാല പാർവതി ഓർത്തു.
അടുത്തിടെ റിലീസ് ചെയ്ത തമിഴ് ചിത്രം വീര ധൂര സൂരനിൽ ശ്രദ്ധേയ വേഷമാണ് മാല പാർവതി ചെയ്തത്. നായകനായ നടൻ ചിയാൻ വിക്രമിനെക്കുറിച്ചും മാല പാർവതി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. പൃഥ്വിരാജ് അഭിനയിക്കുമ്പോൾ ക്യാമറയും ലെെറ്റും തുടങ്ങി എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. ചിയാൻ സർ അതിന്റെ അപ്ഗ്രേഡഡ് വെർഷനാണ്. ഒരു ഷോട്ടെടുക്കുമ്പോൾ എല്ലാ കാര്യവും പുള്ളിക്ക് അറിയാം. പിറകിൽ നിന്ന് സപ്പോർട്ടിംഗ് ആക്ടറോ ജൂനിയർ ആർട്ടിസ്റ്റോ തെറ്റിച്ചാൽ പുള്ളി ചൂണ്ടിക്കാണിക്കും. എന്ത് തരം സാറ്റ്ലെെറ്റാണ് ഘടിപ്പിച്ചതെന്ന് നമുക്ക് തോന്നും. രാജുവും അങ്ങനെയാണ്. ലെെറ്റ് ഓഫായിൽ കട്ട് ചെയ്തിട്ട് പറയും. അവർ രണ്ട് പേരെയും അത്ഭുതത്തോടെയാണ് താൻ കാണുന്നതെന്നും മാല പാർവതി വ്യക്തമാക്കി.
ചിയാൻ സർ പഴയ മലയാളം പാട്ടുകളെക്കുറിച്ചെല്ലാം സംസാരിക്കും. നന്നായി പാടുകയും ചെയ്യും. എല്ലാവരെയും ചേർത്ത് പിടിക്കും. ഫ്ലോപ്പുകളെക്കുറിച്ച് സംസാരിക്കും. ജീവിതത്തിൽ സംഭവിച്ച തോൽവികളെക്കുറിച്ച് സംസാരിക്കും. അതിൽ നിന്ന് എങ്ങനെയാണ് കര കയറിയതെന്ന് പറയും. ചില സിനിമകളിൽ പോയി അബദ്ധം പറ്റിയതിനെക്കുറിച്ച് പറയും. അതിൽ മറയൊന്നുമില്ല. കള്ളം പറയില്ല. സത്യസന്ധമായി സംസാരിക്കുമെന്നും മാല പാർവതി പറഞ്ഞു. മലയാളത്തിൽ മുറ എന്ന സിനിമയിൽ മാല പാർവതി ചെയ്ത വേഷം ഏറെ ശ്രദ്ധ നേടി. നെഗറ്റീവ് റോളിലാണ് നടി ഈ സിനിമയിലെത്തിയത്. കരിയറിൽ ആദ്യമായാണ് ഇത്രയും വ്യത്യസ്തമായ റോൾ മാല പാർവതി ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മാല പാർവതി വിവാദത്തിലായത്. നടി വിൻസി അലോഷ്യസ് ഷെെൻ ടോം ചാക്കോയ്ക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മാല പാർവതി വിഷയത്തെ ലഘൂകരിച്ച് സംസാരിച്ചു എന്നായിരുന്നു വിമർശനം. മോശമായി സംസാരിച്ചാൽ പോടാ എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നായിരുന്നു മാല പാർവതി പറഞ്ഞത്. പിന്നാലെ വ്യാപക വിമർശനം നടിക്കെതിരെ വന്നു.
എന്നാൽ താൻ പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന വാദവുമായി മാല പാർവതി പിന്നീട് രംഗത്ത് വന്നു. സ്ത്രീകൾ മോശം സമീപനങ്ങളിൽ തളർന്ന് പോകാതെ അപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ് താൻ പറഞ്ഞതെന്ന് മാല പാർവതി വ്യക്തമാക്കി.
അവസരങ്ങൾ നഷ്ടപ്പെടുത്താൻ വേണ്ടിയാണ് മാല പാർവതി ഇങ്ങനെയൊരു നിലപാടെടുത്തതെന്ന് ആക്ഷേപം വന്നിരുന്നു. നേരത്തെ സിനിമാ ലോകത്തെ പല വിഷയങ്ങളിലും ശക്തമായ നിലപാടെടുത്തയാളാണ് മാല പാർവതി. നടിയിൽ നിന്നും ഈ വിഷയത്തിൽ ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് അഭിപ്രായം വന്നു. തന്റെ നിലപാടുകളിൽ മാറ്റം വന്നിട്ടില്ലെന്നാണ് മാല പാർവതി പറയുന്നത്. 2019 ൽ ഹാപ്പി സർദാർ എന്ന സിനിമയുടെ സെറ്റിൽ വെച്ച് മറ്റ് നടിമാർക്ക് വേണ്ടി ശബ്ദിച്ചതിൽ തനിക്ക് അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് തനിക്ക് തിരിച്ച് വരാൻ കഴിഞ്ഞു. പല പ്രശ്നങ്ങൾ നേരിട്ടപ്പോഴും അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴത്തെ കുറ്റപ്പെടുത്തലുകളും തന്നെ തളർത്തില്ലെന്ന് മാല പാർവതി വ്യക്തമാക്കി. പോടാ എന്ന് പറഞ്ഞാൽ മോശം സമീപനങ്ങളെ തടുക്കാനാകുമോ എന്ന ചോദ്യങ്ങൾക്കും മാല പാർവതി മറുപടി നൽകി. പോടാ എന്നത് ദുർബലമായ പ്രതികരണം അല്ല. ഞാൻ ഒരാളുടെ മുഖത്ത് രൂക്ഷമായി നോക്കി പോടാ പറഞ്ഞപ്പോൾ അതിന് ഫലം കണ്ടിട്ടുണ്ട്. രൂക്ഷമായി നോക്കിയാൽ പോലും മതിയെന്നും മാല പാർവതി വ്യക്തമാക്കി. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ മാല പാർവതിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. മാല പാർവതിയെ പോലൊരാളിൽ നിന്നും ഇങ്ങനെയാരു പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.


Click it and Unblock the Notifications











