വൃത്തികെട്ട സ്ത്രീയുടെ ഭർത്താവെന്ന് പറഞ്ഞു, കല്യാണങ്ങൾക്കൊന്നും എന്നെ വിളിക്കാറില്ലായിരുന്നു: മാല പാർവതി
സോഷ്യൽ മീഡിയയിൽ വലിയ വിമർശനം നേരിടുകയാണ് നടി മാല പാർവതി. വിൻസി അലോഷ്യസ് ഷെെൻ ടോം ചാക്കോയ്ക്കതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ വിൻസിയുടെ തുറന്ന് പറച്ചിലിനെ മാല പാർവതി ലഘൂകരിച്ച് സംസാരിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. പോടാ എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമാണെന്നായിരുന്നു മാല പാർവതിയുടെ അഭിപ്രായം. പിന്നാലെ കടുത്ത വിമർശനം നടിക്ക് നേരെ വന്നു.
സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നയാളാണ് മാല പാർവതി. നടിയിൽ നിന്നും ഇത്തരത്തിലൊരു പ്രസ്താവന പ്രതീക്ഷിച്ചില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ മാല പാർവതിക്കെതിരെ രംഗത്ത് വന്നു. ഇപ്പോഴിതാ തനിക്ക് നേരെ വരുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് മാല പാർവതി. മുമ്പും തനിക്ക് ഇങ്ങനെയൊരു സാഹചര്യം വന്നിട്ടുണ്ടെന്നും അന്ന് താൻ പതറിയിട്ടില്ലെന്നും മാല പാർവതി പറയുന്നു. മനോരമ ന്യൂസിനോടാണ് പ്രതികരണം.

2005 ലാണ് മനോരമ പത്രവുമായി ചേർന്നുള്ള രാത്രി ജീവിതം എന്ന പംക്തിയുമായി ബന്ധപ്പെട്ട് ഞാൻ ഇറങ്ങി നടന്നത്. പിറ്റേ ദിവസം ആദ്യം എന്നെ വിളിച്ചത് ഭാഗ്യലക്ഷ്മി ചേച്ചിയായിരുന്നു. എന്ത് വൃത്തികേടാണ് നീ ചെയ്തത്, ആരെങ്കിലും നിന്നോടിനി സംസാരിക്കുമോ എന്ന് ചോദിച്ചു. പുനത്തിൽ കുഞ്ഞബ്ദുള്ള, കലാഭവൻ മണി തുടങ്ങിയവർ എനിക്കെതിരെ കുറിപ്പുകളെഴുതി. 2012 ൽ സൗമ്യ മരിക്കുന്നത് വരെ തിരുവനന്തപുരത്ത് അറിയപ്പെടുന്ന വിവാഹങ്ങൾക്ക് എന്നെ ക്ഷണിക്കില്ലായിരുന്നു. അതിൽ ഞാൻ തളർന്നില്ല.
എന്റെ മകൻ സ്കൂളിൽ ചെന്നപ്പോൾ ടീച്ചർ ചോദിച്ചത് അമ്മ എന്തൊരു വൃത്തികെട്ട സ്ത്രീയാണ്, രാതി ഇറങ്ങി ബസ് സ്റ്റാൻഡിൽ നിൽക്കുന്ന സ്ത്രീയാണോ എന്നാണ്. മകൻ എന്നോട് വന്ന് ചോദിച്ചു. ഞാനവന് വിശദീകരിച്ച് കൊടുത്തു. പിന്നെ അവനൊന്നും പറഞ്ഞില്ല. സതീശൻ (ഭർത്താവ് ഒന്നും ചോദിച്ചിട്ടേയില്ല.

നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യും എന്നറിയാം എന്നാണ് പറഞ്ഞത്. എന്നാൽ വൃത്തികെട്ട സ്ത്രീയുടെ ഭർത്താവാണെന്ന ലേബൽ വന്നു. 2012 ൽ സൗമ്യയുടെ മരണശേഷം എനിക്ക് ചാനലുകളിൽ നിന്ന് വിളി വന്നു. സംസാരിക്കാൻ വരണമെന്ന് പറഞ്ഞു. 2005 മുതൽ 2012 വരെ ചെറിയ പിരിയഡ് ആയിരുന്നില്ല. ഇന്ന് മറ്റൊരു വിഷയത്തിൽ ഞാൻ സ്ത്രീകൾക്ക് ഒപ്പമല്ല എന്ന് പറഞ്ഞ് എന്നെ മാറ്റി നിർത്തുന്നു. അല്ലെങ്കിൽ വലിയ അറ്റാക്ക് വരുന്നു. ഇത് രണ്ടും എനിക്ക് വിഷയമല്ല. എനിക്കറിയാവുന്ന ശരിയാണ് ഞാൻ ചെയ്തത്.
തുറിച്ച് നോട്ടവും കമന്റടിയും റേപ്പുമെല്ലാം ലെെംഗികാതിക്രമം ആണെങ്കിലും ഇവ ഒറ്റ കുഴലിലൂടെ കടത്തി വിടുന്നതിനെ തനിക്ക് യോജിക്കാനാകില്ലെന്നും മാല പാർവതി വ്യക്തമാക്കി. മോശം സമീപനങ്ങളെ അവഗണിക്കണമെന്ന് പറഞ്ഞിട്ടില്ല. ആ സമയത്ത് ആ പ്രശ്നം മാനേജ് ചെയ്യാൻ ആ മിനുട്ടിൽ പബ്ലിക്കായി പ്രതികരിക്കണം. അപ്പോൾ തന്നെ ഇങ്ങനെ ഒരു ഇഷ്യു നടക്കുന്നുണ്ടെന്ന് എല്ലാവരും അറിയും. പഴയ സിനിമയിലാണെങ്കിൽ നമ്മൾ ട്രാപ്പിലാകും. ഇപ്പോഴത്തെ സിനിമയിൽ സ്ത്രീ എംപവേർഡ് ആകും.
ഇന്നത്തെ കാലത്ത് പ്രൊഡ്യൂസേർസും പ്രൊഡ്യൂസേർസ് അസോസിയേഷനും സ്ത്രീകളുടെ പ്രശ്നത്തിൽ നിലപാടെടുത്തില്ലെങ്കിൽ ക്രൂശിക്കപ്പെടുമെന്ന് അറിയുന്നവരാണ്. ലെെംഗികച്ചുവയുള്ള സംസാരമാണെങ്കിലും അത് അതിക്രമമായാണ് കാണേണ്ടത്. പക്ഷെ ലെെംഗികാതിക്രമമെന്നത് അംബ്രല്ല വേർഡ് ആണ്.
അത് ഒരു പോയന്റിൽ നിന്നും വിട്ട് കൊടുത്താൽ അടുത്തതിലേക്ക് പോയി വലിയ ഇഷ്യു ആകും. തുടക്കത്തിൽ ഒരു തമാശ രൂപേണ വരുമ്പോൾ തന്നെ പ്രതികരിക്കണം എന്നാണ് ഞാൻ പറയുന്നത്. പോട എന്നത് ദുർബലമായ പ്രതികരണം അല്ല. ഞാൻ ഒരാളുടെ മുഖത്ത് രൂക്ഷമായി നോക്കി പോടാ എന്ന് പറഞ്ഞപ്പോൾ എനിക്ക് ഗുണങ്ങൾ കിട്ടിയിട്ടുണ്ട്. തമാശ പറഞ്ഞാൽ ചിരിക്കാതെ അവരുടെ കണ്ണിൽ നോക്കി നിന്നാൽ അവർ ചൂളിപ്പോകുന്നത് താൻ കണ്ടിട്ടുണ്ടെന്നും മാല പാർവതി പറയുന്നു.
ഷെെൻ ടോം ചാക്കോയെ വെള്ളപൂശുന്നു എന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ മാല പാർവതി പ്രതികരിച്ചിരുന്നു.
മാലാ പാർവതി,ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും വിൻസിയെ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല. കാലത്ത് ഒന്നിന് പുറമേ ഒന്നായി ഫോൺ കോളുകൾ വരുകയായിരുന്നു. ചോദ്യങ്ങൾക്കാണ് ഞാൻ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈൻ സെറ്റിൽ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാൻ എൻ്റെ അനുഭവം പറഞ്ഞു.
ഈ ഇൻ്റർവ്യൂസിലൊക്കെ, ഷൈൻ കാണിക്കുന്ന കാര്യങ്ങൾ, സെറ്റിൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്.സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റിൽ, ഷോട്ടിൻ്റെ സമയത്തെ പരസ്പരം കാണുവൊള്ളു. ഷോട്ട് കഴിഞ്ഞാൽ ഷൈൻ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികൾ ഞാൻ വിശദമായി, ഈ context - ൽ പറയാൻ പാടില്ലായിരുന്നു, എന്ന് ഞാൻ മനസ്സിലാക്കുന്നു.
ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എൻ്റെ സെറ്റിലെ അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു.അത് അങ്ങനെ ആണെങ്കിലും, അത് അപ്പോൾ പറയരുതായിരുന്നു. വിൻസി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാൻ പ്രതികരിച്ചത്. വിൻസി കേസ് കൊടുക്കുന്നതിൻ്റെ പേരിൽ ഒറ്റപ്പെടാനും പോകുന്നില്ല എന്നും.
രണ്ടാമത്തെ വിഷയം - കോമഡി " എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാൻ, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള 'കോമഡി " പറയാറുണ്ട്. ഇത് കോമഡിയല്ല കുറ്റകൃത്യമാണ്. അങ്ങനെയാണ് പുതിയ നിയമങ്ങൾ. നമ്മുടെ ചെറുപ്പക്കാർക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.ഈ ചോദ്യങ്ങൾ ഒക്കെ കോമഡി എന്ന പേരിൽ നോർമലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന്.ഒരു ടെലി ഇന്നിൻ്റെ ലിമിറ്റഡ് സമയത്തിൽ, എനിക്ക് വിശദീകരിക്കാൻ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി. ഞാൻ മനസ്സിലാക്കുന്നെന്നും മാല പാർവതി വ്യക്തമാക്കി. ഷെെൻ ടോം വിൻസിയോട് പറഞ്ഞത് തമാശയായി തള്ളിക്കളയണമെന്ന് മാല പാർവതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം നൽകിയത്.
അവസരങ്ങൾ നിലനിർത്താൻ വേണ്ടിയാണ് മാല പാർവതി ഇങ്ങനെയൊരു നിലപാടെടുത്തതെന്ന് ആക്ഷേപം വന്നിരുന്നു. എന്നാൽ ഈ വാദത്തെ മാല പാർവതി അംഗീകരിക്കുന്നില്ല. 2019 ൽ ഹാപ്പി സർദാർ എന്ന സിനിമയുടെ സെറ്റിൽ വെച്ച് മറ്റ് നടിമാർക്ക് വേണ്ടി ശബ്ദിച്ചതിൽ തനിക്ക് അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് തനിക്ക് തിരിച്ച് വരാൻ കഴിഞ്ഞെന്നും മാല പാർവതി വ്യക്തമാക്കി. ഷെെൻ ടോം ചാക്കോയുടെ ലഹരിക്കേസ് വലിയ ചർച്ചയായിരിക്കെയാണ് മാല പാർവതിയുടെ പരാമർശവും വിവാദത്തിലായത്. മലയാള സിനിമാ ലോകത്തെ മറ്റ് ചിലരുടെ പേരും കേസിൽ ഉയർന്ന് വരുന്നുണ്ട്.


Click it and Unblock the Notifications











