തമ്മില്‍ വ്യക്തി വൈരാഗ്യമുണ്ട്; സത്യഭാമ ടീച്ചര്‍ പഴയ ചിട്ടകള്‍ മാറ്റിയിട്ടില്ല; മാലാ പാര്‍വ്വതി
നര്‍ത്തകനും നടനുമായ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ശരീരം കാക്കയെ പോലെ കറുത്തതാണെന്നും അങ്ങനെയുള്ളവര്‍ക്ക് മോഹിനിയാട്ടം കളിക്കാന്‍ പറ്റില്ലെന്നുമായിരുന്നു സത്യഭാമ പറഞ്ഞത്. ബോഡി ഷെയ്മിംഗ് നടത്തിയത് മാത്രമല്ല, താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സത്യഭാമ പറഞ്ഞിരുന്നു.
ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും രാമകൃഷ്ണന്‍ തന്നെയാണെന്ന് വ്യക്തമാകുന്ന കൃത്യമായ സൂചനകള്‍ നല്‍കികൊണ്ടായിരുന്നു സത്യഭാമയുടെ അധിക്ഷേപം. നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയായ ആര്‍എല്‍വി രാമകൃഷ്ണന്‍ തനിക്കെതിരെ നടത്തിയ ബോഡി ഷെയ്മിംഗില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. പെറ്റ തള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്ന് സത്യഭാമ പറഞ്ഞത് തനിക്ക് വളരെ ദുഃഖമുണ്ടാക്കിയെന്നും എന്തിനാണ് ഇങ്ങനെ പറയുന്നതെന്നുമായിരുന്നു രാമകൃഷ്ണന്‍ പറഞ്ഞത്.

ഇപ്പോള്‍ നടി മാലാ പാര്‍വ്വതി ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴെങ്കിലും ഇത്തരം ബോഡിഷെയ്മിംഗ് വിഷയങ്ങള്‍ ചര്‍ച്ചയായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും എന്നാല്‍ ഇരുവരുടെതും വ്യക്തി വൈരാഗ്യത്തിന്മേല്‍ ഉള്ള പ്രശ്‌നമായിട്ടാണ് തനിക്ക് തോന്നുന്നതെന്നും ആ പെണ്‍കുട്ടി പറഞ്ഞു.
'ഒരിക്കലും അരോജകമല്ല. നല്ല നര്‍ത്തകരാണ്. ഇത് വ്യക്തിപരമായി ഒരു വൈരാഗ്യത്തിന്റെ കാര്യമായാണ് എനിക്ക് മനസിലായത്. അവര്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ടായിരുന്നു എന്റെ ജീവിതം നശിപ്പിച്ചയാളെ ഞാന്‍ പറയാതിരിക്കുന്നത് എങ്ങനെയാണെന്ന്. അങ്ങനെ ഒരു ശത്രുതയില്‍ നിന്ന് ഉണ്ടായ കാര്യമായാണ് ഞാന്‍ ഇതിനെ കാണുന്നത്,' മാലാ പാര്‍വ്വതി പറഞ്ഞു.
നൃത്തം എന്ന് പറയുന്നത് ജെന്‍ഡറില്‍ നിന്നൊക്കെ എത്രയോ മാറി. പുരുഷന്മാര്‍ സ്ത്രീകളായി പകര്‍ന്നാടുന്നത് എന്ത് മനോഹരമായിട്ടാണ്. ചില അധ്യാപികമാര്‍ അവരുടെ ചിട്ടയില്‍ നിന്ന് മാറില്ല. സത്യഭാമ ടീച്ചറെ വര്‍ഷങ്ങളായി അറിയാം. ടീച്ചര്‍ ചിട്ടകളില്‍ നിന്ന് ഒട്ടും മാറിയിട്ടില്ല. അവര് അങ്ങനെ തന്നെയാണ്. പക്ഷെ നൃത്തം ഒരു കലാരൂപമാണ്. അതിനെ ഒരിക്കലും അങ്ങനെ തന്നെ നിലനില്‍ക്കുന്നില്ല. അത് എല്ലാ കാലത്തും പരീക്ഷണങ്ങളിലൂടെയാണ് അത് കടന്നു പോകുന്നത്. ആ മാറ്റം സമൂഹത്തില്‍ അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും മാലാപാര്‍വതി പറഞ്ഞു.
വ്യക്തിപരമായി നോക്കിയാല്‍ അത് അവര്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെ പുറത്തുണ്ടായ പ്രശ്‌നമാണ്. പക്ഷെ സമൂഹത്തില്‍ നോക്കിയാല്‍ ഈ കറുപ്പ് നിറമുള്ള ആളുകളെ കുറിച്ചുള്ള ഈ ആശയം ഒന്ന് ചര്‍ച്ചയായത് വളരെ നല്ല കാര്യമാണ്. നമ്മള്‍ ഒരുപരിപാടിയില്‍ ഗസ്റ്റ് ആയിട്ട് വിളിച്ച് പോയാല്‍ പോലും, പൂവ് ഒക്കെ കൊണ്ടുത്തരാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണെങ്കില്‍ പോലും കൂട്ടത്തില്‍ വെളുത്ത കുട്ടിയെ ആയിരിക്കും തെരഞ്ഞെടുക്കുക. അപ്പുറത്ത് സുന്ദരിയായ കറുത്ത, നല്ല കണ്ണൊക്കെ എഴുതിയ, തിളക്കമുള്ള കുട്ടിയെ അവര്‍ മനപൂര്‍വ്വം ഒഴിവാക്കിയതാണോ എന്നൊക്കെ തോന്നും.

ഒരു കല്യാണാലോചന വന്നാല്‍, ' കുട്ടി കൊള്ളാം, പക്ഷെ കറുത്തതാ' എന്ന് പറയുന്ന ആള്‍ക്കാരാണ്. അതില്‍ നിന്നൊക്കെ ഒത്തിരി മാറേണ്ടതുണ്ട്. താഴ്ന്ന ജാതിയില്‍ നിന്ന് കറുത്ത നിറമുള്ള ഒരാള്‍ക്ക് മുന്നോട്ട് വരാന്‍ എടുക്കുന്ന പരിശ്രമത്തെക്കുറിച്ചുള്ള ഒരു വലിയ വെളിപ്പെടുത്തലായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. തന്നെ നാടകം പഠിപ്പിച്ച വ്യക്തി ഇതുപോലെ കറുത്ത നിറമായതിനാല്‍ പൊലീസ് പിടിച്ച് വെച്ച് സംസാരിച്ചിട്ടുണ്ടെന്നും മാലാ പാര്‍വ്വതി ഓര്‍ത്തെടുത്തു പറയുന്നു.
ഇതൊരു പൊതുബോധമാണ്. താന്‍ പറഞ്ഞത് 10 വര്‍ഷം മുമ്പത്തെ കാര്യമാണ്. അതില്‍ നിന്നും വലിയ വ്യത്യാസമൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. ആര്‍എല്‍വി രാമകൃഷ്ണന് അത് വംശീയ അധിക്ഷേപമായി തോന്നുന്നതില്‍ തെറ്റില്ല. മലയാളികളുടെ മാത്രം പ്രശ്‌നമല്ല, ലോകമെമ്പാടും വെളുക്കാനുള്ള ക്രീമുകളും മരുന്നുകളും ചികിത്സകളും ഉള്ളത് എന്തുകൊണ്ടാണ്? അതുകൊണ്ട് തന്നെയാണ് ആളുകള്‍ക്ക് കറുപ്പ് പ്രശ്‌നമായി തോന്നുന്നതെന്നും മാലാ പാര്‍വ്വതി പറഞ്ഞു.


Click it and Unblock the Notifications