'നിർദേശം പാലിക്കാതെ തോന്നുന്നത് വിളിച്ച് പറഞ്ഞു'; ഉറ്റ സുഹൃത്ത് വിജയകാന്തുമായി വടിവേലു വഴക്കിട്ടതിന് പിന്നിൽ!
മാമന്നൻ സിനിമയുടെ ഒടിടി റിലീസിന് ശേഷം വടിവേലുവിന്റെ അഭിനയത്തിന് ഗംഭീരപ്രതികരണമാണ് ലഭിക്കുന്നത്. എ.ആർ റഹ്‌മാന്റെ സംഗീതത്തിൽ പിന്നണി പാടിയും ലുക്കിലും അഭിനയത്തിലും ഇതുവരെയില്ലാത്ത വിധം മാറ്റം വരുത്തിയും ചിരിപ്പിക്കാന്‍ മാത്രമല്ല അഭിനയിപ്പിച്ച് ഞെട്ടിക്കാനും തനിക്ക് കഴിയുമെന്ന് മാമന്നനിലൂടെ വീണ്ടും വടിവേലു തെളിയിച്ചു.
സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തിയ കാലത്തുപോലും മീമുകളിലൂടെയും ട്രോളുകളിലൂടെയും യുവാക്കള്‍ക്ക് ഇടയില്‍ ശോഭയോടെ തന്നെ സജീവസാന്നിധ്യമായിരുന്നു വടിവേലു.
തമിഴന്റെ ജീവിതത്തില്‍ വടിവേലു ടച്ചില്ലാത്ത ജീവിതത്തിലെ ഒരു സന്ദര്‍ഭത്തില്‍ എങ്കിലും അദ്ദേഹത്തിന്റെ ഡയലോഗുകള്‍ പറയാതെ ഒരു ദിവസം പോലും കടന്നുപോകില്ലെന്ന് പറയാം. നമ്മള്‍ മലയാളികളും പലകുറി ചിരിച്ച് പറഞ്ഞ ഡയലോഗുകൾ വടിവേലുവിന്റേതാണ്.
തമിഴ് സിനിമാ ലോകത്ത് വിജയകാന്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഒരേയൊരാൾ വടിവേലു മാത്രമാണ്. വിജയകാന്തിനെ കുറിച്ച് തമിഴ് ജനതയ്ക്ക് എന്നും നല്ല അഭിപ്രായമാണ്.

വിജയകാന്ത് മൂലം ലഭിച്ച സഹായങ്ങൾക്കൊണ്ട് ജീവിതം കെട്ടിപടുത്ത നിരവധി പേരുണ്ട്. ശാരീരിക അസ്വസ്ഥതകൾ മൂലം വിജയകാന്ത് ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്. വിജയകാന്തിനോട് വടിവേലുവിന് ഇത്ര ദേഷ്യം വരാൻ കാരണങ്ങൾ പലതാണ്. വിജയകാന്തും വടിവേലുവും മധുര സ്വദേശികളാണ്.
വടിവേലു ചെന്നൈയിൽ വന്ന് സിനിമയിൽ അവസരം അന്വേഷിച്ച് നടന്ന സമയത്ത് വിജയകാന്ത് വലിയ താരമായിരുന്നു. രാജ്കിരണിന്റെ എൻ രാസാവിൻ മനസിലെ എന്ന ചിത്രത്തിലൂടെയാണ് വടിവേലുവിന്റെ അരങ്ങേറ്റം. ആ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് രാജ്കിരണിന്റെ ഓഫീസിൽ കാപ്പിയും ചായയും വാങ്ങി കൊടുക്കുന്ന ചെറിയ ജോലികൾ ചെയ്താണ് വടിവേലു ജീവിച്ചിരുന്നത്.
ചിന്ന കൗണ്ടർ സിനിമയിൽ വിജയകാന്തിനൊപ്പം അഭിനയിച്ച ശേഷമാണ് വടിവേലു വിജയകാന്തുമായി കൂടുതൽ അടുത്തത്. സിനിമയിൽ കാലുറപ്പിച്ച് തുടങ്ങിയതോടെ വടിവേലു വിജയകാന്തിനൊപ്പം ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ സംവിധായകൻ പറഞ്ഞ് കൊടുത്ത ഡയലോഗുകൾ പറയാതെ തനിക്ക് തോന്നുന്നത് പറയുന്ന സ്ഥിതിയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട വിജയകാന്ത് സംവിധായകൻ സംസാരിക്കാൻ പറയാതെ നിങ്ങൾ എന്തിനാണ് സ്വയം ഡയലോഗുകൾ പറയുന്നതെന്ന് ചോദിച്ച് നടനെ വിലക്കി. എന്നാൽ വിജയകാന്തിന്റെ നിർദേശം മാനിക്കാതെ വീണ്ടും അതേ പ്രവൃത്തി വടിവേലു ചെയ്തു.

കൂടാതെ ഒരിക്കൽ രാജ്കിരൺ കടുത്ത പ്രതിസന്ധിയിലായപ്പോൾ വടിവേലു അദ്ദേഹത്തിന് അഞ്ച് ലക്ഷം രൂപ നൽകി സഹായിച്ചു. ശേഷം ഇക്കാര്യം പരിചയമുള്ളവരോട് എല്ലാം വടിവേലു പറഞ്ഞ് നടന്നു. ഇതുകേട്ട വിജയകാന്ത് വടിവേലുവിനെ ഉപദേശിച്ചു. രാജ്കിരണിന്റെ ഓഫീസിൽ നിന്നും കിട്ടുന്നത് വെച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളാണ് നീ. അവനില്ലാതെ ഈ നിലയിൽ നീ എത്തുമായിരുന്നോ?. ഒരാളെ സഹായിച്ചാൽ എല്ലാവരോടും പറയേണ്ട കാര്യമുണ്ടോ എന്നാണ് വിജയകാന്ത് വടിവേലുവിനോട് ചോദിച്ചത്.
ഇതെല്ലാം വടിവേലുവിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതിന് ശേഷം വിജയകാന്ത് സിനിമയിൽ അഭിനയിക്കാനുള്ള അവസരം വരുമ്പോൾ വടിവേലു അതെല്ലാം മനപൂർവം ഒഴിവാക്കി. ഒരു ഘട്ടത്തിൽ വിജയകാന്തിനെ രൂക്ഷമായി വടിവേലു ശാസിച്ചതോടെ വിലക്കും താരത്തിന് നേരിടേണ്ടി വന്നു.
പിന്നീട് ജയലളിത ഭരിച്ചിരുന്ന സമയത്ത് വടിവേലുവിന് സിനിമയിൽ അപ്രഖ്യാപിത വിലക്ക് വന്നു. 2011മുതൽ 2018 വരെ ഒറ്റപ്പെട്ട ചിത്രങ്ങൾ ചെയ്തെങ്കിലും അൽപമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വിജയ് നായകനായ മെർസലിലെ പ്രകടനമാണ്. ശേഷം 2018ൽ തമിഴ് പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ വിലക്കും വടിവേലുവിന് നേരിടേണ്ടി വന്നു. ഇംസൈ അരശൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ ചിമ്പു ദേവനുമായുള്ള അഭിപ്രായ വ്യത്യാസമായിരുന്നു കാരണം.


Click it and Unblock the Notifications