'എനിക്ക് നാലാമതൊരു കുഞ്ഞ് കൂടി പിറക്കാൻ നിങ്ങൾ പ്രാർത്ഥിക്കണം, താൻ പാതി ദൈവം പാതി എന്നാണല്ലോ'; സുരാജ്!
മലയാള സിനിമയിലെ അഭിനേതാക്കളിൽ ഫീനിക്സ് പക്ഷിയോട് പലരും ഉപമിക്കാറുള്ള നടനാണ് സുരാജ് വെഞ്ഞാറമൂട്. ആവർത്തന വിരസതയും കോമാളിത്തരവും മാത്രമായി കോമഡികൾ മാറി തുടങ്ങിയപ്പോൾ സുരാജ് യുഗം അവസാനിച്ചുവെന്ന് പറഞ്ഞവരുടെ മുന്നിൽ തന്റെ അഭിനയ പാടവത്തിന്റെ ചിറകുകളുമായി ഒരുപിടി നല്ല കഥാപാത്രങ്ങൾ റാഞ്ചി എടുത്തുകൊണ്ട് അദ്ദേഹം പറന്നുയർന്നു. വിമർശകർക്കുള്ള മറുപടിയായിരുന്നു ആക്ഷൻ ഹീറോ ബിജുവിലെ അദ്ദേഹത്തിന്റെ കഥാപാത്രം.
കേവലം രണ്ട് സീനുകൾ കൊണ്ട് പ്രേക്ഷകരുടെ മനസിൽ എന്നും വിങ്ങുന്ന ഒരു അസാധാരണ കഥാപാത്രം നിഷ്പ്രയാസം അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് നിസംശയം പറയാം. മദനോത്സവത്തിലെ മദനനിൽ വരെ അദ്ദേഹത്തിന്റെ സിനിമാ ജീവിതം എത്തി നിൽക്കുമ്പോൾ സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ അദ്ദേഹത്തിന്റെ കൈകളിൽ എത്തി കഴിഞ്ഞു.

സുരാജിന്റെ മികച്ച പ്രകടനങ്ങളെ കുറിച്ച് ആളുകൾ വാചാലരാകുമ്പോൾ എടുത്ത് പറയാറുള്ള കഥാപാത്രങ്ങളിൽ ഒന്ന് ആക്ഷൻ ഹീറോ ബിജുവിലെയും മറ്റൊന്ന് വികൃതിയിലേയുമാണ്. വികൃതിയിലെ എൽദോ എന്ന കഥാപാത്രം ഒരൽപ്പം മീറ്റർ കൂടിപ്പോയാൽ മിമിക്രി ആയിപോവുമായിരുന്നു. ഒരു കഥാപാത്രത്തിന്റെ ആത്മനൊമ്പരങ്ങൾ ഓരോ നോട്ടത്തിലൂടെയും ഒരോ മുരടനക്കത്തിലൂടെയും അദ്ദേഹം പ്രേക്ഷകനിലേക്ക് പകർന്നാടി.
നടന്റെ കയ്യടക്കം എന്ന പ്രയോഗത്തിന് ഒരു ഉത്തമ ഉദാഹരണം തന്നെയാണ് സുരാജിന്റെ എൽദോ എന്ന കഥാപാത്രം. വികൃതി മാത്രമല്ല... പത്താം വളവ്, ഹെവൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, കാണെക്കാണെ തുടങ്ങി ഒട്ടനവധി സിനിമകൾ സുരാജിന്റെ അഭിനയ മികവ് പ്രേക്ഷകർക് കാണിച്ച് കൊടുത്തവയാണ്.
സഹനടനിൽ നിന്നും നായകനിലേക്ക് വളർന്ന സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും നാല് സംസ്ഥാന പുരസ്‌കാരവും ഇരുവരെ ലഭിച്ച് കഴിഞ്ഞു. സിനിമകളിൽ സജീവമായിരിക്കുമ്പോഴും റിയാലിറ്റിഷോയും മറ്റുമായി ടെലിവിഷനിലും സുരാജ് സജീവമാണ്. സ്വന്തം അഭിപ്രായങ്ങൾ സോഷ്യൽമീഡിയ വഴി പങ്കുവെച്ചതിന്റെ പേരിലും പലപ്പോഴും ആക്രമിക്കപ്പെട്ടിട്ടുള്ള നടൻ കൂടിയാണ് സുരാജ്.
പൊതുവെ സരസമായി കാര്യങ്ങൾ അവതരിപ്പിക്കാൻ മിടുക്കുള്ള സുരാജ് കഴിഞ്ഞ ദിവസം നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ചോറ്റാനിക്കര ക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ നടത്തിയ പ്രസംഗമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഓസ്കാർ നേടാൻ വേണ്ടി നാലാമതൊരു കുഞ്ഞിന് ജന്മം നൽകാൻ തയ്യാറാണെന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്നുമാണ് സുരാജ് പറഞ്ഞത്.

'എനിക്ക് അവാർഡുകൾ കിട്ടിയ കഥയൊക്കെ അറിയാമല്ലോ... എനിക്ക് മൂന്ന് കുഞ്ഞുങ്ങളാണ്. നിങ്ങൾ കാണുന്നപോലെയൊന്നുമല്ല. ആദ്യത്തെ ആള് ജനിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിച്ചത്. കാശിനാഥ് എന്നാണ് പേര്. കയ്യടിക്ക് നിങ്ങൾ... എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് എന്ത് കാര്യവും ചോദിച്ച് വാങ്ങണമെന്ന്.'
'നിങ്ങൾ കയ്യടിക്ക്... പിന്നാലെ എന്റെ രണ്ടാമത്തെ മകൻ ജനിച്ചു വാസുദേവ്. ആള് ജനിച്ചപ്പോൾ രണ്ടാമത്തെ സംസ്ഥാന അവാർഡും കിട്ടി. അപ്പോൾ ഞാൻ കരുതി ഈ പരിപാടി കൊള്ളാമല്ലോയെന്ന്. അങ്ങനെ താൻ പാതി ദൈവം പാതി എന്നാണല്ലോ. മൂന്നാമത് ഒരു പെൺ കുഞ്ഞുവേണം എന്നാണ് ആഗ്രഹിച്ചത്. മൂന്നാമത് ഒരു പെൺകുട്ടി ജനിച്ചു ഹൃദ്യ.'
'ആള് ജനിച്ചപ്പോൾ എനിക്ക് സംസ്ഥാന അവാർഡും ദേശീയ അവാർഡും കിട്ടി. ഇനിയുള്ളത് ഓസ്ക്കാറാണ് അത് കിട്ടും എങ്കിൽ നാലാമത്തെ കുഞ്ഞിനും ഞാൻ റെഡിയാണ്. നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം... സഹകരണം വേണ്ട. ഞാൻ ഈ കഥ ഇവിടെ പറയുമെന്ന് പറഞ്ഞപ്പോൾ എന്റെ ഭാര്യ എന്നോട് ചോദിച്ചത് നാണമില്ലേ എന്നാണ്.'
'മൂന്ന് അവാർഡും എന്റെയും കൂടി മിടുക്ക് കൊണ്ടാണ് എന്നാണ് അവൾ പറഞ്ഞത്. ഇനിയൊരു കാര്യം ചെയ്യ് നല്ലോണം അധ്വാനിച്ച് അഭിനയിച്ച് അവാർഡ് വാങ്ങാനാണ് അവൾ പറയുന്നത്', സുരാജ് പറഞ്ഞു. മദനോത്സവമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സുരാജ് വെഞ്ഞാറമൂട് സിനിമ.


Click it and Unblock the Notifications











