ഒന്ന് കൂടി ആലോചിക്കണമായിരുന്നു, നന്നായി പെർഫോം ചെയ്തില്ല, വീഴ്ചയുണ്ടായി കാണാൻ അവര്‍ കാത്തിരിക്കുന്നു; മാധവ്
കുമ്മാട്ടിക്കളി ഒടിടിയിൽ റിലീസ് ചെയ്തശേഷവും ജെഎസ്കെയുടെ റിലീസിനുശേഷവും ഏറ്റവും കൂടുതൽ പരിഹാസവും ട്രോളും ഏറ്റുവാങ്ങുന്നത് സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷാണ്. മാധവിന്റെ ആദ്യ സിനിമ കുമ്മാട്ടിക്കളിയായിരുന്നു. പക്ഷെ സിനിമ തിയേറ്റിൽ പരാജയപ്പെട്ടു. ശരാശരി അനുഭവം പോലും സിനിമ നൽകിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വന്നത്. മാത്രമല്ല അഭിനയം മാധവിന് പറ്റിയ ഒന്നല്ലെന്നും വിമർശനം ഉയരുന്നുണ്ട്.
ജെഎസ്കെയിലും മാധവിന്റേത് ഒട്ടും തൃപ്തികരമല്ലാത്ത പ്രകടനമായിരുന്നുവെന്നാണ് സിനിമ കണ്ടവർ കുറിച്ചത്. ട്രോൾസും കമന്റ്സും താനും കാണുന്നുണ്ടെന്നും എന്നാൽ തനിക്ക് സ്വയം ബോധ്യം വന്നാൽ അല്ലാതെ അഭിനയം ഉപേക്ഷിക്കില്ലെന്നും മാധവ് പറയുന്നു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു യുവനടൻ.

കുമ്മാട്ടിക്കളിയിൽ ഞാൻ നന്നായി പെർഫോം ചെയ്തിട്ടില്ല. അതൊരു നല്ല കാൻവാസും അല്ലായിരുന്നു. അതുമായി ബന്ധപ്പെട്ട് വരുന്ന ട്രോൾസ് കേൾക്കുന്നത് മറ്റാരുമല്ല ഞാൻ മാത്രമാണ്. നീ നിർത്തിയിട്ട് പോ പണി, നിനക്ക് ഇത് പറ്റില്ല എന്നെല്ലാം വിമർശനമുണ്ട്. അതിലൊന്നും കുഴപ്പമില്ല. എനിക്ക് പറ്റുമോ ഇല്ലയോയെന്ന് ഞാൻ ശ്രമിച്ച് തെളിഞ്ഞ് എനിക്ക് പറ്റില്ലെന്ന് തോന്നുമ്പോൾ ഞാൻ പൊക്കോളം.
അല്ലെങ്കിൽ ഞാൻ ഇവിടെ തന്നെ കാണും. അരങ്ങേറ്റ സിനിമയായി കുമ്മാട്ടിക്കളി ചെയ്യേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ എനിക്ക് ഇനി അത് മാറ്റാൻ പറ്റില്ല. അന്ന് ഒന്ന് കൂടി ഞാൻ ആലോചിക്കണമായിരുന്നു. സത്യാവസ്ഥയെ കുറിച്ച് അധികം സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
എന്റെ അടുത്ത് അവർ പ്രസന്റ് ചെയ്ത സിനിമ അതായിരുന്നില്ല. പിന്നെ ഇങ്ങനെയൊക്കെ സംഭവിക്കും. എനിക്ക് മാത്രമല്ല ഇത് സംഭവിച്ചിരിക്കുന്നത്. എല്ലാ കാലത്തും എല്ലാ താരങ്ങൾക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. സ്ക്രിപ്റ്റ് പറയുമ്പോൾ ഒരു കഥയായിരിക്കും. ഷൂട്ടിങിന് പോകുമ്പോൾ വേറൊരു കഥയാകും.
അതുപോലെ സ്ക്രിപ്റ്റ് പറയുമ്പോൾ ഇത്ര എമൗണ്ടിന് ഇന്ന കാൻവാസിൽ ചെയ്യാനുള്ള പ്രൊഡക്ഷനാകും പ്ലാൻ ചെയ്യുന്നത്. നിർമാതാവ് കഷ്ടപ്പെട്ട് സമ്പാദിച്ച പൈസ എടുത്ത് നമ്മൾ ഒരു സിനിമ ചെയ്യുന്നു. അത് കാണാൻ ജനങ്ങൾ അവർ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും ചിലവഴിച്ച് വരുന്നു. അതുകൊണ്ട് സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് രണ്ട് സൈഡിലും ഉത്തരവാദിത്വമുണ്ട്.

പൈസ തന്നവന് ഒരു റിട്ടേൺ കൊടുക്കാനുള്ള ഉത്തരവാദിത്വമാണ് അതിൽ ഒന്ന്. പൈസ മുടക്കി കാണാൻ വരുന്നവർക്ക് നല്ലൊരു എന്റർടെയ്മെന്റ് കൊടുക്കുക എന്നതാണ് മറ്റൊരു ഉത്തരവാദിത്വം. അത് ആ സിനിമയിൽ നടന്നിട്ടില്ല. അതിലാണ് എനിക്ക് ഏറ്റവും നിരാശ. എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞ സിനിമയാണ് കുമ്മാട്ടിക്കളിയെന്നും മാധവ് പറഞ്ഞു. അങ്കം അട്ടഹാസമാണ് എന്റെ പുതിയ സിനിമ. കരിയറിലെ മൂന്നാമത്തെ സിനിമയാണ്.
ഞാൻ ഏറ്റവും കൂടുതൽ എഫേർട്ട് ഇട്ട് വർക്ക് ചെയ്ത സിനിമയാണ്. പെർഫോമൻസ് ലെവലിൽ ഓരോ ദിവസവും പുതിയ ഓരോ കാര്യങ്ങൾ ഞാൻ പഠിക്കുകയാണ്. എല്ലാവരേയും പോലും എനിക്കും സമയം എടുക്കും എല്ലാം പഠിക്കാൻ. അങ്കം അട്ടഹാസത്തിന്റെ ഷൂട്ടിനിടെ പലതവണ ആശുപത്രിയിൽ അഡ്മിറ്റായി. കൂടാതെ പെർമനന്റായി ഒരു പാടും തലയിൽ വന്നു. ഫൈറ്റ് സീനിന് ഇടയിൽ സംഭവിച്ചതാണ്. ഷൈൻ ചേട്ടൻ സൈജു ചേട്ടൻ മഖ്ബുൽ ഇക്ക എല്ലാം ഉള്ള സിനിമയാണ്.
ഷൈൻ ചേട്ടനെ എനിക്ക് നേരത്തെ പരിചയമുണ്ട്. ജെഎസ്കെയിലേക്ക് എന്നെ വിളിച്ചത് സുരേഷ് ഗോപിയുടെ മകനായതുകൊണ്ടാകും. അഭിനേതാവാകാൻ ആഗ്രഹിക്കുന്ന നെപ്പോ കിഡ്സുണ്ട്. അവർക്ക് സിനിമയിലേക്ക് എത്തിപ്പെടാനുള്ള ആക്സസ് ഈസിയായിരിക്കും. പക്ഷെ എന്നും പബ്ലിക്ക് ഐയ്യിൽ അവർ കാണും. നെപ്പോ കിഡ്സ് ഒരു മിസ്റ്റേക്ക് ചെയ്യുന്നത് കാണാനും അടിച്ചമർത്താനും അവർ കാത്തിരിക്കുകയാണ്. സിനിമ എന്നിലേക്ക് വന്നതാണെന്നും യുവതാരം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications