ഭർത്താവിനെക്കുറിച്ച് ഒന്നുമറിയാതെ വിവാഹം; തീർത്തും അപരിചിതൻ; അമേരിക്കയിലേക്ക് പോയപ്പോൾ; മാധവി പറഞ്ഞത്
അഭിനയ രംഗം വിട്ടിട്ട് വർഷങ്ങളായെങ്കിലും നടി മാധവിയെ പ്രേക്ഷകർ മറന്നിട്ടില്ല. ആകാശദൂത്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം മാധവി ചെയ്തിട്ടുണ്ട്. ആയിരം നാവുള്ള അനന്തൻ ആണ് മാധവി അവസാനമായി അഭിനയിച്ച സിനിമ. ഇന്ന് ഭർത്താവിനും മക്കൾക്കുമൊപ്പം വിദേശത്ത് കുടുംബ ജീവിതം നയിക്കുകയാണ് മാധവി. ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനായ റാൾഫ് ശർമ്മയെയാണ് മാധവി വിവാഹം ചെയ്തത്. 1996 ലായിരുന്നു വിവാഹം.
തന്റെ വിവാഹത്തെക്കുറിച്ചും വിവാഹ ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും മാധവി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മാധവി മനസ് തുറന്നത്. എന്റേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അതായിരുന്നു ഞാനെപ്പോഴും ആഗ്രഹിച്ചത്. നിങ്ങൾ ഒരാളെ കണ്ടെത്തൂ, ഞാൻ വിവാഹം ചെയ്യാമെന്ന് പറഞ്ഞു.

മാതാപിതാക്കളും എന്റെ ആത്മീയ ഗുരു സ്വാമി രാമയും ചേർന്നാണ് അദ്ദേഹത്തെ എനിക്ക് വേണ്ടെത്തിയത്. അദ്ദേഹത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. തീർത്തും അപരിചിതനെയാണ് ഞാൻ വിവാഹം ചെയ്തത്. വിവാഹ ശേഷമാണ് ഞാനദ്ദേഹത്തെ അറിഞ്ഞത്. വിവാഹ ശേഷം ഞങ്ങൾ പ്രണയത്തിലായി. മൂന്ന് മക്കളാണ് ഞങ്ങൾക്കുള്ളത്. ഭാര്യ, അമ്മ എന്നീ നിലകളിൽ തിരക്കിലാണ് ഞാനിപ്പോൾ.
ബിസിനസിന്റെ കാര്യങ്ങളുമുണ്ടെന്നും മാധവി വ്യക്തമാക്കി. വിവാഹ ശേഷം ഭർത്താവിന്റെ കമ്പനിയിൽ ജോയിൻ ചെയ്തു. കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ഞാൻ. സമാധാനപരമായ ജീവിതം നയിക്കുകയാണിപ്പോൾ. സിനിമയിലായിരുന്നപ്പോൾ 20 മണിക്കൂറോളം വർക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് യാത്ര ചെയ്തു. പല ഭാഷകളിൽ പല കഥാപാത്രങ്ങൾ. ഒരുപാട് ആളുകളുമായി ഇടപഴകി. വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ നേരമില്ലായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും മാധവി വ്യക്തമാക്കി.

തിരക്ക് പിടിച്ച ജീവിതമല്ല. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് എവിടെയും പോകേണ്ടതില്ല. ബിസിനസ് വ്യത്യസ്തമാണ്. യാത്രകളുണ്ട്. പുതിയ ആളുകളെ കാണുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനാകുന്നെന്നും മാധവി പറഞ്ഞു. മക്കൾ വളർന്ന ശേഷം നല്ല അവസം വന്നാൽ സിനിമകളിൽ അഭിനയിക്കുമെന്നാണ് അന്ന് മാധവി പറഞ്ഞത്. എന്നാൽ വർഷങ്ങൾക്കിപ്പുറവും നടി അഭിനയ രംഗത്തേക്ക് തിരിച്ച് വന്നിട്ടില്ല.
ആന്ധ്രപ്രദേശിലാണ് മാധവി ജനിച്ച് വളർന്നത്. ഗോവിന്ദസ്വാമി, ശശിരേഖ എന്നിവരാണ് മാതാപിതാക്കൾ. രണ്ട് സഹോദരങ്ങളും മാധവിക്കുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും നിരവധി സിനിമകളിൽ മാധവി അഭിനയിച്ചിട്ടുണ്ട്. രാജ പാർവ, കാക്കി സട്ടെെ, സട്ടം, എല്ലാം ഇമ്പ മായം തുടങ്ങിയവയാണ് കമൽ ഹാസനൊപ്പം ചെയ്ത സിനിമകൾ.
ഗർജനെെ, തില്ലു മുല്ലു, തമ്പിക്ക് എന്ത് ഊരു, ഉൻ കണ്ണിൽ നീർ വഴിന്താൽ തുടങ്ങിയവയാണ് രജിനികാന്തിനൊപ്പം ചെയ്ത സിനിമകൾ. കരിയറിൽ മലയാള ചിത്രം ആകാശ ദൂതാണ് ഇന്നും ഏവരും എടുത്ത് പറയുന്ന സിനിമ. 1993 ൽ പുറത്തിറങ്ങിയ ആകാശദൂതിൽ ആനി എന്ന കഥാപാത്രത്തെയാണ് മാധവി അവതരിപ്പിച്ചത്.


Click it and Unblock the Notifications











