ആ പെണ്ണിന്റെ ചൈതന്യത്തിൽ സത്യമുണ്ടായിരുന്നു; നീലവെളിച്ചത്തിൽ പാട്ടുകൾ നശിപ്പിച്ചു; മധു
സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു നീലവെളിച്ചം. 1964 ൽ പുറത്തിറങ്ങിയ ഭാർഗവി നിലയം എന്ന ഹിറ്റ് സിനിമയുടെ റീമേക്കാണ് നീല വെളിച്ചം. വിജയ നിർമല, പിജെ ആന്റണി, പ്രേം നസീർ, മധു എന്നിവരാണ് ഭാർഗവി നിലയത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. വർഷങ്ങൾക്കിപ്പുറം സിനിമ നീലവെളിച്ചമായി പ്രേക്ഷകർക്ക് മുന്നിലെത്തിയപ്പോൾ റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്.
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നീലവെളിച്ചം പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മേക്കിംഗ് പ്രശംസ നേടിയെങ്കിലും സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തിയില്ല. ബോക്സ്ഓഫീസിൽ പരാജയം ഏറ്റുവാങ്ങിയ സിനിമ പിന്നീട് സിനിമാ ഗ്രൂപ്പുകളിൽ പല ചർച്ചകൾക്കും തുടക്കമിട്ടു. ഇപ്പോഴിതാ നീലവെളിച്ചത്തിന് നേരിടേണ്ടി വന്ന പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ മധു. സിനിമയുടെ പരാജയത്തിന് കാരണമായ ഘടകങ്ങൾ ഇദ്ദേഹം വിശദീകരിച്ചു. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

ടൊവിനോ എന്നെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. വേറൊരു സ്റ്റെെലിലാണ് ചെയ്തത്. നല്ല രീതിയിൽ അഭിനയിച്ചു. നസീറിന്റെയും പിജെ ആന്റണിയും ഒരു ഇമേജ് ഉണ്ടാക്കിയിരുന്നു. നസീറിന്റെ മുകളിൽ നിൽക്കുന്ന ഒരാളെ വെച്ചാൽ മാത്രമേ ഏൽക്കൂ. ഇവിടെ ഏറ്റില്ല. റിമ കല്ലിങ്കലും ഭർത്താവും ഇവിടെ വന്നിരുന്നു. ഞാനവരോട് പറഞ്ഞു. റിമ നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഭാർഗവി നിലയത്തിൽ ആ പെണ്ണിന്റെ ചൈതന്യം ഉണ്ടായിരുന്നു. ആ ചൈതന്യം സത്യമായിരുന്നു.
കഥയുടെ ചർച്ച നടക്കുമ്പോൾ നായികയായി ആരെയൊക്കെ ആലോചിച്ചിട്ടും വിൻസെന്റ് മാഷിന് തൃപ്തി വന്നില്ല. തമിഴിലും തെലുങ്കിലുമൊക്കെ നോക്കി. അങ്ങനെ ഒരു ദിവസം സ്റ്റുഡിയോയിൽ ഒരു പെണ്ണ് (വിജയ നിർമല) ചോറ്റുപാത്രവുമായി പോകുന്നു. സംവിധായകൻ അവളുടെ കണ്ണ് ശ്രദ്ധിച്ചു. അന്വേഷിച്ചപ്പോൾ തിയറ്ററിലെ ഓപ്പറേറ്ററുടെ മകളാണ്. അദ്ദേഹത്തിന് ചോറും കൊണ്ട് വന്നതാണ്. അവളുടെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുമുണ്ട്. ഇതുവരെ അഭിനയിച്ചിട്ടില്ല.

സാർ അവരോട് സംസാരിച്ച് അഭിനയിക്കാൻ സമ്മതിപ്പിക്കുകയായിരുന്നു. സിനിമയുടെ വിജയം ആ പെണ്ണ് തന്നെയാണ്. അതിന് ശേഷം അവൾ തെലുങ്കിൽ അഭിനയിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ പടങ്ങൾ ചെയ്ത സംവിധായികയായി. ഭർത്താവിനെ ഉപേക്ഷിച്ച് നടൻ കൃഷ്ണയെ കല്യാണം കഴിച്ചു. അവളിൽ എന്തോ ഒന്നുണ്ട്. അത് വിൻസെന്റ് മാഷിന് കാണാൻ സാധിച്ചു. ആ ലെവലിൽ വേറെ ആര് അഭിനയിച്ചാലും പറ്റില്ല.
നസീറിന്റെ കഥാപാത്രത്തിലും അങ്ങനെ തന്നെയാണ്. ആ റോൾ നസീറല്ലാതെ വേറെ ആര് അഭിനയിച്ചാലും ശരിയാകില്ല. അഭിനേതാക്കളെ കുറ്റം പറയേണ്ട. ഏത് താരങ്ങൾ അഭിനനയിച്ചാലും ഭാർഗവി നിലയം പോലെ വരില്ലെന്നും മധു വ്യക്തമാക്കി. നീല വെളിച്ചത്തിലെ ഗാനങ്ങൾ നശിപ്പിച്ച് കളഞ്ഞെന്നും മധു അഭിപ്രായപ്പെട്ടു.
ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസാണ് നീല വെളിച്ചം നിർമ്മിച്ചത്. റെക്സ് വിജയൻ, ബിജിപാൽ എന്നിവരാണ് നീലവെളിച്ചത്തിലെ സംഗീതം ഒരുക്കിയത്. അതേസമയം നീലവെളിച്ചം തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും നിരൂപക പ്രശംസ നേടി. ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരുടെ പെർഫോമൻസും ശ്രദ്ധിക്കപ്പെട്ടു. നാരദൻ എന്ന ആഷിഖ് അബു ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ സിനിമയായിരുന്നു നീലവെളിച്ചം. ടൊവിനോയും ആഷിഖ് അബുവും കൈ കോർത്ത നാരദനും വേണ്ടത്ര സ്വീകാര്യത നേടിയില്ല.


Click it and Unblock the Notifications