ശാരദയുടെ ഇന്നത്തെ സാഹചര്യം, ജയഭാരതിക്ക് പബ്ലിക്കുമായി കോൺടാക്ടേയില്ല; മധു പറയുന്നു
മലയാള സിനിമാ രംഗത്ത് ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിൽ തിളങ്ങി നിന്ന നായികമാരാണ് ഷീല, ജയഭാരതി, ശാരദ എന്നിവർ. ഇവർക്ക് പിന്നാലെ ശ്രീവിദ്യയും നായികനിരയിൽ തിളങ്ങി. നായികമാരുടെ സുവർണകാലഘട്ടമായിരുന്നു അത്. മലയാളത്തിലെ പ്രശസ്തമായ പല നോവലുകളും സിനിമയായപ്പോൾ ഷാല നായികയായെത്തി. വെെവിധ്യമാർന്ന വേഷങ്ങൾ ഷീല ചെയ്തു. അഭിനയ സരസ്വതി എന്നാണ് ഷീലയെ അക്കാലത്ത് ആരാധകർ വിളിച്ചിരുന്നത്. ആന്ധ്രപ്രദേശുകാരിയാണ് ശാരദ. എന്നാൽ മലയാളി പ്രേക്ഷകർ വലിയ സ്ഥാനം ശാരദയ്ക്ക് നൽകി. കണ്ണീർപുത്രി ഇമേജായിരുന്നു ശാരദയ്ക്ക്.
ശാരദയും ഷീലയും കരിയറിൽ നിന്നും പതിയെ അകന്ന് തുടങ്ങുന്ന കാലത്താണ് ജയഭാരതി മലയാള സിനിമാ ലോകത്ത് തിളങ്ങുന്നത്. ഗ്ലാമറസായ വേഷങ്ങളിലൂടെ ജയഭാരതി പെട്ടെന്ന് ശ്രദ്ധ നേടി. അഭിനയപ്രധാന്യമുള്ള റോളുകളും ജയഭാരതിയെ തേടി വന്നു. പിന്നീട് ശ്രീവിദ്യ, സീമ തുടങ്ങിയവരും മലയാളത്തിൽ മുൻനിര നായിക നടിമാരായി. ഇവർക്കൊപ്പമെല്ലാം അഭിനയിച്ച പ്രഗൽഭ നടനാണ് മധു.

ഷീല, ജയഭാരതി, ശാരദ, ശ്രീവിദ്യ എന്നിവരെക്കുറിച്ച് സംസാരിക്കുകയാണ് മധുവിപ്പോൾ. കൗമുദി മൂവീസിലാണ് നടൻ മനസ് തുറന്നത്. ഇവരിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ എല്ലാവരോടും സ്നേഹമാണ്. ഷീല ചെയ്ത റോളുകൾ മറ്റുള്ളവർക്ക് ചെയ്യാൻ പറ്റില്ല. അത് പോലെ തന്നെയാണ് ശാരദയും ജയഭാരതിയും. അവർ ചെയ്ത ക്യാരക്ടറുകൾ മറ്റ് രണ്ട് പേർ ചെയ്താൽ ശരിയാകില്ല. ശ്രീവിദ്യയുടെ കാര്യം പിന്നെ പറയുകയേ വേണ്ട.
ഞാൻ മധ്യവയസിലെത്തി തടി വെച്ച ശേഷമാണ് ഞാനും ശ്രീവിദ്യയും ഒരുമിച്ച് അഭിനയിക്കാൻ തുടങ്ങിയത്. ഞങ്ങൾ രണ്ട് പേരും നല്ല പെയറായി പൊതുജനങ്ങൾക്ക് തോന്നി. ആ പ്രായത്തിൽ വന്ന ക്യാരക്ടറുകളെ വളരെ നല്ലതായിരുന്നു. അവർ ഭംഗിയായി അഭിനയിച്ചു. ഞാനും അഭിനയിച്ചു. ശ്രീവിദ്യക്ക് സിനിമയിൽ മറ്റുള്ളവരേക്കാൾ കഴിവുണ്ടായിരുന്നു. അഭിനയിക്കും, വേണ്ടി വന്നാൽ പാടും, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ സ്വന്തം ശബ്ദത്തിൽ അഭിനയിക്കും. വേറൊരാൾ ഡബ് ചെയ്യേണ്ടിയിരുന്നില്ലെന്നും മധു ചൂണ്ടിക്കാട്ടി.

ശ്രീവിദ്യ പോയി. ജയഭാരതിക്ക് പബ്ലിക്കുമായി കോൺടാക്ടേയില്ല. തിരുവനന്തപുരത്ത് വരുമ്പോൾ ഇവിടെ കൂടെക്കൂടെ വരും.അധികമാരെയും വിളിക്കാറില്ല. ശാരദ അങ്ങനെയല്ല. ശാരദയ്ക്ക് വയ്യ. ഏതാണ്ട് എന്റെ സ്ഥിതിയാണ്. കൂളായി നടന്ന് പോകാനാകില്ല. അവർക്ക് നല്ല സുഖമില്ല. തലകറക്കമോ മറ്റോ ആണ്. ആരുടെയെങ്കിലും സഹായമില്ലാതെ പുറത്ത് പോകാൻ പറ്റില്ല.
വല്ലപ്പോഴും കാറിൽ ഒന്ന് കറങ്ങുന്നതല്ലാതെ ഒന്നിനും പോകുന്നില്ല. പക്ഷെ ആഴ്ചയിൽ ഒരിക്കൽ മിക്കവാറും എന്നെ വിളിക്കാതിരിക്കില്ല. അത്ര അടുപ്പമാണ് ഞങ്ങൾ തമ്മിലെന്നും മധു പറയുന്നു. നാല് നടിമാരും സ്വന്തം സഹോദരനോടെന്ന പോലെയാണ് എന്നോട് പെരുമാറിയത്. ആ സ്നേഹം എന്നുമുണ്ടായിരുന്നു. ഇപ്പോഴും എനിക്ക് കിട്ടുന്നുമുണ്ട്. അവർക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടെന്നും മധു വ്യക്തമാക്കി. സിനിമാ രംഗത്ത് സജീവമല്ല മധു ഇന്ന്. 91 കാരനാണ് മധു.


Click it and Unblock the Notifications











