'എടാ മോനെ... പെങ്ങള് പൊളിയാണല്ലോ...'; മധു വാര്യരുടെ വർഷങ്ങളായുള്ള ആഗ്രഹം സഫലമാക്കി കൊടുത്ത് സഹോദരി മഞ്ജു!
മഞ്ജു വാര്യരെ ഒരു അഭിനേത്രിയായല്ല തങ്ങളുടെ വീട്ടിലെ കുട്ടിയായാണ് മലയാളികൾ കാണുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമയിൽ വന്ന കാലം തൊട്ട് ഇതുവരെയും ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാള നടിയായി മഞ്ജുവിന് നിലകൊള്ളാൻ സാധിച്ചതും. മഞ്ജുവിനെപ്പോലെ തന്നെ സിനിമയിൽ തന്നെയാണ് ചേട്ടൻ മധു വാര്യരും. തുടക്കം അഭിനയത്തിൽ ആയിരുന്നുവെങ്കിലും ഇപ്പോൾ സംവിധാനത്തിൽ അടക്കമുള്ള തന്റെ പ്രതിഭ തെളിയിച്ച് കഴിഞ്ഞു മധു വാര്യർ.
സിനിമയും ഷൂട്ടിങ് തിരക്കുകളും കഴിഞ്ഞാൽ അമ്മയും സഹോദരനും അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളുമാണ് മഞ്ജുവിന്റെ ലോകം. അനിയത്തിയെ ചുറ്റിപറ്റിയാണ് മധുവിന്റെ സന്തോഷവും തിരക്കുകളും. ഇരുവരുടെയും ചേട്ടൻ-അനിയത്തി കോമ്പോയെക്കാൾ സൗഹൃദമാണ് പ്രേക്ഷകർക്ക് ഇഷ്ടം. സോഷ്യൽമീഡിയയിൽ മഞ്ജുവിനെപ്പോലെ തന്നെ വളരെ ആക്ടീവാണ് മധു വാര്യരും.

അത്തരത്തിൽ കഴിഞ്ഞ ദിവസം മധു വാര്യർ സോഷ്യയയൽമീഡിയയിൽ പങ്കിട്ടൊരു വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വർഷങ്ങളായുള്ള മധുവിന്റെ ഒരു ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് മഞ്ജു വാര്യർ. വർഷങ്ങളായുള്ള സ്വപ്ന സാക്ഷാത്കാരത്തിനായി പോകുന്നതിന്റെ വിശദമായ വീഡിയോയാണ് മധു വാര്യർ പങ്കിട്ടിരിക്കുന്നത്.
ഇന്ത്യൻ സിനിമയുടെ അഭിമാനവും സ്റ്റൈൽ മന്നനുമായ നടൻ രജിനികാന്തിനെ നേരിട്ട് കാണുക എന്നതായിരുന്നു വർഷങ്ങളായി മധുവിന് ഉണ്ടായിരുന്ന ഒരു സ്വപ്നം. ചേട്ടന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അടുത്തറിയാവുന്ന അനിയത്തിയായതിനാൽ മഞ്ജു അത് സാധിച്ച് കൊടുത്തു. ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു എന്നെഴുതി കാണിച്ചുകൊണ്ടാണ് വീഡിയോ മധു തുടങ്ങിയത്.
രജനി നായകനായെത്തുന്ന വേട്ടയ്യൻ എന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ഇതേ സിനിമയുടെ ചെന്നൈയിലെ സെറ്റിൽ വെച്ചാണ് മധു വാര്യർ തന്റെ ഇഷ്ടതാരത്തെ നേരിട്ടുകാണുകയും പരിചയപ്പെടുകയും ചെയ്തത്. വീട്ടിൽ നിന്നും ബാഗ് പാക്ക് ചെയ്ത് ഇറങ്ങിയത് മുതൽ സെറ്റിലെത്തി രജിനികാന്തിനൊപ്പം ഫോട്ടോ പകർത്തിയത് വരെയുള്ള ദൃശ്യങ്ങൾ വീഡിയോയിൽ മധു വാര്യർ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകൾ വീഡിയോയ്ക്ക് വരുന്നുണ്ട്.
എടാ മോനെ... പെങ്ങള് പൊളിയാണല്ലോ, ഇതെങ്ങനെ സാധിച്ചു? എന്നിങ്ങനെ നീളുന്നു കമന്റുകൾ. വീഡിയോ ആരംഭിച്ചപ്പോൾ തന്നെ പടയപ്പയെ കാണാനാണ് മധുവിന്റെ യാത്രയെന്ന് ഊഹിച്ചിരുന്നുവെന്നും കമന്റുകളുണ്ട്. രജിനികാന്തിനെ നായകനാക്കി ടി.ജി ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയാണ് വേട്ടയ്യൻ.

രജിനിക്കൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാര്യർ, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, ജി.എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജയ് ഭീം എന്ന ചിത്രത്തിനുശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മലയാളത്തിന് പുറമെ തമിഴിലും മഞ്ജുവിന് തിരക്കേറി വരികയാണ്.
അജിത്ത് സിനിമ തുനിവാണ് ഏറ്റവും അവസാനം മഞ്ജു അഭിനയിച്ച് റിലീസ് ചെയ്ത തമിഴ് സിനിമ. ചിത്രത്തിലെ മഞ്ജുവിന്റെ കൺമണിയെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ വെള്ളരിപ്പട്ടണമാണ് അവസാനം റീലിസ് ചെയ്തത്. മലയാളത്തിൽ നല്ലൊരു വിജയം മഞ്ജുവിന് ലഭിച്ചിട്ട് നാളേറെയായി. അതേസമയം ലളിതം സുന്ദരമാണ് മധുവിന്റെ റിലീസ് ചെയ്ത അവസാന പ്രോജക്ട്.
സിനിമയുടെ സംവിധായകൻ മധു വാര്യരായിരുന്നു. ബിജു മേനോൻ, മഞ്ജു, സൈജു കുറുപ്പ്, ദീപ്തി സതി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. നടനായി മായാമോഹിനിക്കുശേഷം ബിഗ് സ്ക്രീനിൽ മധു വാര്യർ പ്രത്യക്ഷപ്പെട്ടിട്ടില്ല. ലളിതം സുന്ദരം നിർമിച്ചവരിൽ ഒരാൾ മഞ്ജു വാര്യരായിരുന്നു.


Click it and Unblock the Notifications











