'നടന്‍ നല്ലതാവണമെന്നില്ല ഉയർന്ന പ്രതിഫലം കിട്ടാന്‍, മദ്യമല്ലേ കൂടുതല്‍ വിറ്റുപോവുന്നത് ബൈബിള്‍ അല്ലല്ലോ'; ഷൈൻ!
ഗദ്ദാമയിലെ ഒരു ചെറിയ കഥാപാത്രം വളരെ കയ്യടക്കത്തോടെ അവതരിപ്പിച്ചുകൊണ്ട് കടന്നുവന്ന ഷൈൻ ഏത് രീതിയിലുള്ള കഥാപാത്രവും കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള നടനാണ്. മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കമ്മട്ടിപ്പാടത്തിലെ അബ്‌കാരി ജോണിയും അന്നയും റസൂലും എന്ന ചിത്രത്തിലെ അബുവും കുറുപ്പിലെ ഭാസിപ്പിള്ളയുമൊക്കെയാണ് ആളുകൾക്ക് ഇഷ്ടപ്പെട്ട താരത്തിന്റെ കഥാപാത്രങ്ങൾ.
ഒരേ സമയം അഭിനയ സാധ്യതയും വെല്ലുവിളിയും നിറഞ്ഞ കഥാപാത്രങ്ങൾ അനായാസേന കൈകാര്യം ചെയ്യാനുള്ള കഴിവ് ഷൈനുണ്ടെന്നത് എടുത്തുപറയേണ്ടതാണ്. സഹസംവിധായകനായി വന്ന് അഭിനേതാവായി മാറിയ ഷൈൻ മലയാള സിനിമയിലെ മികച്ച കാലിബറുള്ള യുവനടനാണെങ്കിലും അടുത്തിടെയായി അദ്ദേഹം വാരി വലിച്ച് സിനിമകൾ ചെയ്യുന്നുവെന്നത് പ്രേക്ഷകരിൽ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.

ചിലപ്പോഴൊക്കെ എല്ലാ സിനിമകളിലും ഒരേ പ്രകടനം തന്നെയാണ് താരം കാഴ്ചവെക്കുന്നതെന്നും കഥപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ താരം വ്യത്യസ്തത കൊണ്ടുവരാത്തതിനാൽ ആവർത്തന വിരസത തോന്നാറുണ്ടെന്നും ആരാധകർ അഭിപ്രായപ്പെടാറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിലാണ് ഇന്റർവ്യൂകൾ വഴി ഷൈൻ വൈറലായി തുടങ്ങിയത്. എന്തുകാര്യത്തെ കുറിച്ച് ചോദിച്ചാലും മറുപടികൾ ഷൈനിൽ നിന്നും പ്രതീക്ഷിക്കാം.
മറ്റുള്ള സിനിമാ താരങ്ങളെപ്പോളെ ഡിപ്ലോമാറ്റിക്കായി സംസാരിച്ച് കണ്ണിൽപൊടിയിട്ട് പോകുന്നതിനോട് യോജിപ്പില്ലാത്ത നടൻ കൂടിയാണ് ഷൈൻ. പ്രേക്ഷകരിൽ ഒരു വിഭാഗത്തിന് ഷൈനിന്റെ ചിന്തകളോട് താൽപര്യമാണ്. അതേസമയം എതിർക്കുന്നവർ ഷൈൻ ലഹരി ഉപയോഗിച്ച് സ്ഥിരത നഷ്ടപ്പെട്ട് പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നുവെന്നാണ് കുറ്റപ്പെടുത്താറ്.
ഇപ്പോഴിതാ ഷൈനിന്റെ ഏറ്റവും പുതിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് വൈറലാകുന്നത്. താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട അവതാരകയുടെ ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് താരം നൽകിയത്. ഇന്നേവരെ ഷൈൻ പ്രതികരിച്ചതുപോലെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തിൽ മറ്റൊരു താരം പ്രതികരിച്ചിട്ടുണ്ടാകുമോയെന്ന് സംശയമാണ്.
സിനിമയിൽ നായകന്മാരേക്കാൾ കുറഞ്ഞ ശബളമാണല്ലോ നായികമാർക്ക് ലഭിക്കുന്നത് എന്നതിനെ കുറിച്ച് ആയിരുന്നു അവതാരകയുടെ ചോദ്യം. വിജയ് 100 കോടി പ്രതിഫലം വാങ്ങുമ്പോൾ ലേഡി സൂപ്പർസ്റ്റാറെന്ന് വിളിക്കപ്പെടുന്ന നയൻതാരയ്ക്ക് അത്ര പ്രതിഫലമില്ലല്ലോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.

ഒരു നടന്‍ നല്ലതാവണമെന്നില്ല ഉയർന്ന പ്രതിഫലം കിട്ടാന്‍ എന്നായിരുന്നു ഷൈൻ അതിന് നൽകിയ മറുപടി. 'സൂപ്പര്‍സ്റ്റാറുകളെന്ന് വിളിക്കുന്നവര്‍ക്കൊക്കെ വിജയ്‌യുടെ സാലറി കിട്ടുമോ?. അങ്ങനെയെങ്കില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എത്ര പ്രതിഫലം കിട്ടുന്നുണ്ട്?. കമല്‍ ഹാസനോ? അവരേക്കാള്‍ നല്ല നടനാണോ വിജയ്..? അല്ലല്ലോ... അപ്പോള്‍ ഒരു നടന്‍ നല്ലതാവണമെന്നില്ല ഉയർന്ന പ്രതിഫലം കിട്ടാന്‍. അത് ആണാവണം പെണ്ണാവണം എന്നുമില്ല.'
'മദ്യമല്ലേ ഏറ്റവും കൂടുതല്‍ വിറ്റു പോവുന്നത് ബൈബിള്‍ അല്ലല്ലോ', എന്നായിരുന്നു ഷൈനിന്റെ മറുപടി. വീഡിയോ പുറത്തെത്തിയതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്തു. ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രമെന്നാണ് ഷൈൻ ആരാധകർ താരത്തെ പ്രശംസിച്ച് കുറിച്ചത്. അതേസമയം മദ്യത്തെയും ബൈബിളിനേയും കുറിച്ച് ഷൈൻ പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
മലയാളവും കടന്ന് തമിഴിലും തെലുങ്കിലും അടക്കം തിരക്കുള്ള നടനാണ് ഇന്ന് ഷൈൻ. അടുത്തിടെ ഷൈൻ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ തമിഴ് സിനിമ ജിഗർതണ്ട ഡബിൾ എക്സ് മികച്ച പ്രകടനമാണ് നടത്തിയത്. ഡാൻസ് പാർട്ടിയാണ് മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയ ഷൈൻ ടോം ചാക്കോ സിനിമ. പ്രയോഗ മാർട്ടിൻ അടക്കമുള്ളവർ പ്രത്യക്ഷപ്പെട്ട സിനിമ പക്ഷെ പരാജയമായിരുന്നു. അയ്യർ കണ്ട ദുബായ്, വെള്ളേപ്പം എന്നിവയാണ് ഇനി റിലീസിന് എത്താനുള്ള ഷൈൻ ടോം ചാക്കോ സിനിമകൾ.


Click it and Unblock the Notifications