'ഒരു ദിവസം നൂറ് സിഗരറ്റ് വരെ വലിക്കും, അർജുൻ റെഡ്ഡിക്ക് ശേഷം ചെയിൻ സ്മോക്കറായി'; പുകവലി ഉപേക്ഷിച്ച താരങ്ങൾ!
പുകവലി ആരംഭിക്കുന്ന വ്യക്തിയെ സംബന്ധിച്ച് ഏത് നിമിഷം വേണമെങ്കിലും നിർത്താൻ സാധിക്കും എന്ന ആത്മവിശ്വാസമുണ്ടാകും. ഈ ദുശ്ശീലത്തിന് അടിമയായി മാറി എന്നറിയുന്നത് ഇത് നിർത്താൻ ശ്രമിക്കുമ്പോഴാണ്. പുകവലി നിർത്താൻ എളുപ്പ വഴികളൊന്നുമില്ല. പുകവലി നിർത്താൻ ശുഭ ദിനങ്ങളുമില്ല. ന്യൂ ഇയറിന് നിർത്താം, ബർത്ത് ഡെയ്ക്ക് നിർത്താം എന്നൊക്കെ തീരുമാനം എടുക്കുന്ന നിരവധി പേർ നമ്മുടെ സമൂഹത്തിലുണ്ട്.
പക്ഷെ പലർക്കും ആ ദിവസമെത്തുമ്പോൾ അതിന് സാധിക്കാതെ വരും. ഏറ്റവും അടുത്ത നിമിഷമാണ് പുകവലി നിർത്താനുള്ള ശുഭനിമിഷം എന്ന് മനസിൽ ഉറപ്പിച്ചാൽ മാത്രമെ ഇതിൽ നിന്നും പുറത്ത് കടക്കാൻ സാധിക്കൂ. തെന്നിന്ത്യയിലെ നിരവധി സിനിമാ താരങ്ങൾ ഒരു കാലത്ത് നിരന്തരമായി പുകവലിച്ചിരുന്നവരായിരുന്നു.
അവരിൽ പലരും പുകവലി നിർത്തിയത് ശാരീരികമായ അസ്വസ്ഥതകൾ വന്നതോടെയും മറ്റുമാണ്. ഒരു കാലത്ത് ചെയിൻ സ്മോക്കിങ് ചെയ്തിരുന്ന താരങ്ങളുടെ ലിസ്റ്റിൽ നടൻ കമൽഹാസൻ മുതൽ യുവതാരം വിജയ് ദേവരകൊണ്ട വരെയുണ്ട്. പുകയിലയുടെ ഉപയോഗം നമ്മുടെ ജീവിതത്തിന്റെ നിലവാരത്തെയും ആയുസിനെയും ബാധിക്കുന്നുവെന്ന് പലരും തിരിച്ചറിയുന്നത് വളരെ വൈകിയാണ്.
പ്രായം എഴുപത്തിരണ്ടായിട്ടും സൗന്ദര്യത്തിനും സ്റ്റൈലിനും ഒരു കുറവും വന്നിട്ടില്ലാത്ത നടനാണ് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ രജനികാന്ത്.

എപ്പോഴും തകർപ്പൻ പ്രകടനം കാഴ്ച്ചവെക്കുന്ന സൂപ്പർ സ്റ്റാർ രജനികാന്ത് ഒരു കാലത്ത് പുകവലിക്ക് അടിമയായിരുന്നു. ആദ്യകാലങ്ങളിൽ താൻ ധാരാളം പുകവലിച്ചിരുന്നതായി അദ്ദേഹം തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീട് പുകവലിയും മദ്യപാനവും ആരോഗ്യത്തെ ബാധിച്ചപ്പോൾ കുടുംബത്തിനായി അദ്ദേഹം പതുക്കെ ആ ശീലത്തിൽ നിന്ന് പുറത്ത് വന്നു.
രജനികാന്തിനെ പോലെ തന്നെ തമിഴിൽ വലിയൊരു ആരാധകവൃന്ദമുള്ള നടനാണ് ഉലകനായകൻ കമൽഹാസൻ. സിനിമയ്ക്ക് വേണ്ടി മാത്രം പിറവികൊണ്ട ജന്മം എന്നാണ് കമൽഹാസനെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്.
രജനികാന്തിനെ പോലെതന്നെ കമൽഹാസനും യുവാവായിരിക്കുമ്പോൾ പുകവലിക്ക് അടിമയായിരുന്നു. അമ്മയുടെ അഭ്യർഥന മാനിച്ചാണ് ആ ശീലം താരം ഉപേക്ഷിച്ചത്. അതുപോലെ തന്നെ തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു ഒരിടയ്ക്ക് ചെയിൻ സ്മോക്കറായിരുന്നുവെന്ന് പറഞ്ഞാൽ പലരും വിശ്വസിക്കില്ല. നായകനായി അഭിനയിക്കാൻ തുടങ്ങിയ ശേഷം ഏതാനും വർഷങ്ങൾ അദ്ദേഹം ചെയിൻ സ്മോക്കറായിരുന്നു.
പിന്നീട് പുകവലി എങ്ങനെ നിർത്താം എന്ന പുസ്തകം വായിച്ചതിനുശേഷം അദ്ദേഹം പുകവലിയിൽ നിന്ന് പുറത്തുകടന്നു. മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിൽ എത്തിയശേഷം സ്ട്രസ് കുറയ്ക്കാൻ പുകവലിക്ക് അടിമയായിരുന്നു കുറച്ച് വർഷം. പിന്നീട് പുകവലി ആരോഗ്യത്തെ ബാധിക്കുമെന്ന ബോധ്യം വന്നതോടെ അദ്ദേഹം തന്നെ ആ ശീലത്തിൽ നിന്ന് പുറത്ത് വന്നു.

ഇന്ന് മലയാള സിനിമയിൽ മമ്മൂട്ടിയോളം ആരോഗ്യം സംരക്ഷിക്കുന്ന മറ്റൊരു നടനുണ്ടോയെന്ന് സംശയമാണ്. എഴുപത് പിന്നിട്ടിട്ടും ചെറുപ്പം കാത്ത് സൂക്ഷിക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. തെലുങ്കും തമിഴും ഉൾപ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ച് ശ്രദ്ധനേടിയ റാണ ദഗുബാട്ടി പുകവലി ഉപേക്ഷിച്ചത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയതോടെയാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ആ ദുശ്ശീലം റാണ ഉപേക്ഷിച്ചത്.
അർജുൻ റെഡ്ഡിയിലെ കഥാപാത്രത്തിന് വേണ്ടി നടൻ വിജയ് ദേവരകൊണ്ട പുകവലി തുടങ്ങുകയും പിന്നീട് ചെയിൻ സ്മോക്കറായി മാറുകയായിരുന്നു. ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം പതിയെ ആ ശീലത്തിൽ നിന്ന് നടൻ പുറത്തുവന്നു. നടൻ അജിത്തിന് ചെറുപ്പത്തിൽ തന്നെ പുകവലി ശീലമായിരുന്നു. ശാലിനിയെ വിവാഹം ചെയ്തതിനുശേഷം താരം പുകവലി ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്.
ദേശീയ അവാർഡ് ജേതാവായ സംവിധായകനാണ് വെട്രിമാരൻ. അദ്ദേഹം ഒരു കാലത്ത് ചെയിൻ സ്‌മോക്കറായിരുന്നു. ഒരു ദിവസം 100 സിഗരറ്റിലധികം വലിക്കുമായിരുന്നു. എന്നാൽ തന്റെ ആരോഗ്യം മോശമാകുകയാണെന്നറിഞ്ഞ് കുടുംബത്തിനുവേണ്ടിയാണ് താരം ഈ ശീലത്തിൽ നിന്ന് പതിയെ പുറത്ത് വന്നത്.


Click it and Unblock the Notifications