'ദിലീപ് നന്മയുടെ പ്രതീകമാണെന്ന് പറയുന്നില്ല; ഡബ്ല്യുസിസിയിലെ ചിലർക്ക് നടനോടുള്ള ശത്രുതയ്ക്ക് കാരണം'
സിനിമകളിലൂടെയും സീരിയലുകളിലൂടെയും ജനശ്രദ്ധ നേടിയ നടനാണ് മഹേഷ് പത്മനാഭൻ. നടനെന്നതിനൊപ്പം തിരക്കഥാകൃത്തും സംവിധായകനുമാണ് മഹേഷ് പത്നാഭൻ. അശ്വാരൂഢൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി മഹേഷ് തിരക്കഥയൊരുക്കിയത്. 2007 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. 2009 ൽ കലണ്ടർ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്കും കടന്ന് വന്നു. പൃഥിരാജാണ് ചിത്രത്തിൽ നായകനായെത്തിയത്.
നടൻ ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടനെ പിന്തുണച്ച് കൊണ്ട് ശക്തമായി രംഗത്ത് വന്നത് മഹേഷ് പത്മനാഭനമാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന് വാദിച്ച് കൊണ്ട് നിരവധി ചാനൽ ചർച്ചകളിൽ ഇദ്ദേഹം പങ്കെടുത്തു. ഇതിന്റെ പേരിൽ വ്യാപക വിമർശനവും മഹേഷ് പത്മനാഭന് കേൾക്കേണ്ടി വന്നു. ഇപ്പോഴിതാ ദിലീപിനെ അനുകൂലിച്ച് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് മഹേഷ് പത്മനാഭൻ. ഡബ്ല്യുസിസി സംഘടനയിലെ ചിലർക്ക് ദിലീപിനോട് ശത്രുതയുണ്ടെന്ന് മഹേഷ് പത്മനാഭൻ പറയുന്നു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം.

സംഘടനയുടെ രൂപീകരണത്തോട് ഞാൻ വിയോജിക്കുന്നില്ല. അവരുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതിനോടൊന്നും എനിക്ക് യാതൊരു എതിർപ്പും ഇല്ല. അവർ ദിലീപിനെതിരെ സംസാരിക്കുമ്പോഴേ എതിർപ്പുള്ളൂ. അതിൽ പലർക്കും ദിലീപിനോട് ശത്രുതയുണ്ട്. പല സിനിമകളിൽ നിന്നും അവരെ മാറ്റിയെന്ന തോന്നലുണ്ട്. അതുകൊണ്ട് മാത്രം ഒരാൾ ജയിലിൽ കിടക്കട്ടെ എന്ന് പറയുന്നതിനോടാണ് എനിക്ക് വിയോജിപ്പ്.
ഇയാൾ നന്മയുടെ പ്രതീകമാണെന്നൊന്നും ഞാൻ പറയുന്നില്ല. സിനിമ നന്നാക്കാനും അഭിനയിക്കുന്ന സാഹചര്യം നന്നാക്കാനും ഇഷ്ടമുള്ളവരോടൊപ്പം മാത്രമേ വർക്ക് ചെയ്തിട്ടുണ്ടാകൂ. അമ്മയിൽ നിന്ന് കൊണ്ട് ഇലക്ഷനിൽ മത്സരിച്ച് ഓരോ സ്ഥാനങ്ങൾ നേടി നിങ്ങൾ പോരാടൂ എന്നാണ് താൻ അവരോട് പറഞ്ഞതെന്നും മഹേഷ് പത്മനാഭൻ വ്യക്തമാക്കി.

ദിലീപിന്റെ പേരിൽ ഞാൻ ക്രൂശിക്കപ്പെട്ടു. ദിലീപിന്റെ കൈയിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയെന്നും നടന്റെ സിനിമകളിൽ എനിക്ക് അവസരങ്ങൾ തന്നിട്ടുണ്ടെന്നും ചിലർ പറഞ്ഞ് നടന്നു. ഒരു രൂപ പോലും ദിലീപ് തനിക്ക് തന്നിട്ടില്ല. തന്നിരുന്നെങ്കിൽ ഞാൻ വാടക വീട്ടിൽ കിടക്കില്ലല്ലോയെന്നും മഹേഷ് ചോദിച്ചു. ദിലീപിന് വേണ്ടി സംസാരിച്ചതോടെ തന്നെ സിനിമാ രംഗത്ത് നിന്ന് മാറ്റി നിർത്തിയ സാഹചര്യം ഉണ്ടായെന്നും മഹേഷ് ആരോപിച്ചു. സിനിമാ രംഗത്ത് ഇന്ന് വന്ന മാറ്റങ്ങളെക്കുറിച്ചും മഹേഷ് സംസാരിച്ചു.
ഇപ്പോൾ റീ ടേക്ക് എത്ര വേണമെങ്കിലും പോകാം. അന്ന് ഒരടി ഫിലിം പോയാൽ അത്രയും രൂപ പോയി. പണ്ട് ഒരു സിനിമ 25 ദിവസത്തിനുള്ളിൽ ഷൂട്ടിംഗ് തീർന്നിരുന്നെങ്കിൽ ഇന്ന് കഥ പറഞ്ഞ് തുടങ്ങാൻ തന്നെ 25 ദിവസം വേണം. അന്ന് 25 ലക്ഷം രൂപയ്ക്ക് ഒരു സിനിമ തീരും. ഇന്ന് ഏതെങ്കിലും ഒരു നടനെ സമീപിച്ചാൽ രണ്ട് വർഷത്തേക്ക് ഡേറ്റ് ഇല്ലെന്നാണ് പറയുന്നത്. മലയാള സിനിമയ്ക്ക് ഇതൊന്നും ഗുണം ചെയ്യില്ലെന്നും മഹേഷ് വ്യക്തമാക്കി.
മുമ്പ് സിനിമാ രംഗത്ത് കോക്കസ് ഇല്ലായിരുന്നു. മമ്മൂക്കയും ലാൽ സാറും ഒരുമിച്ച് 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് പേരും പിന്നീട് മാറി സിനിമകൾ ചെയ്യാൻ കാരണം അത്രയും കൂടുതൽ സിനിമകൾ ഉണ്ടാകട്ടെയെന്ന് കരുതിയാണ്. അവർ തമ്മിൽ പിന്നീട് ആരോഗ്യകരമായ മത്സരം ആയിരുന്നെന്നും മഹേഷ് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications