പിറന്നാളിന് ഗുണ്ടകൾക്ക് സൽക്കാരം, വിവാദങ്ങൾ എന്നും കൂടപ്പിറപ്പ്; അന്ന് കണ്ണനെ തള്ളിപറഞ്ഞ മേജർ രവി!
നടനായും പ്രൊഡക്ഷൻ കൺട്രോളറായും ഏറെക്കാലം മലയാള സിനിമയിൽ സജീവമായി പ്രവർത്തിച്ചിരുന്ന കണ്ണൻ പട്ടാമ്പി അന്തരിച്ചുവെന്ന വാർത്ത ഇന്ന് പുലർച്ചെയാണ് പുറത്ത് വന്നത്. സംവിധായകനും നടനുമെല്ലാമായ മേജർ രവിയുടെ സഹോദരൻ എന്ന ലേബലിലാണ് കണ്ണനെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം. പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മേജർ രവി, ഷാജി കൈലാസ്, വി.കെ.പ്രകാശ്, സന്തോഷ് ശിവൻ, തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറും ആയിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. വിവാദങ്ങൾ നിറഞ്ഞ സിനിമാ ജീവിതമായിരുന്നു കണ്ണന്റേത്. സിനിമാ നടനെ ഭീഷണിപ്പെടുത്തിയത് അടക്കം നിരവധി ആരോപണങ്ങളും കേസുകളും ഇദ്ദേഹത്തിന്റെ പേരിലുണ്ടായിട്ടുണ്ട്.

മേജർ രവിയുടെ ജീവിതവുമായി താരതമ്യപ്പെടുത്തുമ്പോൾ കണ്ണന്റേത് വ്യത്യസ്തമായ പെരുമാറ്റ രീതിയും ചിന്തകളുമായിരുന്നു. സഹോദരന്റെ പേര് നിരന്തരമായി കേസിലും വിവാദങ്ങളിലും ഉൾപ്പെട്ട് തുടങ്ങിയപ്പോൾ ഒരു ഘട്ടത്തിൽ മേജർ രവിയും കണ്ണനെ തള്ളി പറഞ്ഞിരുന്നു. എനിക്ക് അയാളിൽ ഉത്തരവാദിത്തമില്ല. അയാൾ ചെയ്യുന്നത് ചെയ്യട്ടെ എന്നായിരുന്നു ഒരിക്കൽ കണ്ണനെ കുറിച്ച് സംസാരിക്കവെ മേജർ രവി പറഞ്ഞത്.
അപ്പോഴും കണ്ണന് പരിഭവമൊന്നും ഉണ്ടായിരുന്നില്ല. ആരോഗ്യപരമായ പ്രശ്നങ്ങൾ ഏറെ നാളുകളായി കണ്ണനെ അലട്ടിയിരുന്നു. പ്രിയ സഹോദരന്റെ അവസാന യാത്രയ്ക്ക് ഒന്നും ഒന്നും കുറയാതെ മുന്നിൽ നിന്നും ചെയ്തത് മേജർ രവിയാണ്. അവസാന ചുംബനം നൽകിയശേഷം പൊട്ടികരയുന്ന മേജർ രവിയുടെ വീഡിയോ വൈറലാണ്. വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് ഒരിക്കൽ കണ്ണൻ പ്രതികരിച്ചിരുന്നു.
താൻ വീട്ടിൽ വെറുതെ ഇരുന്നാലും വിവാദം പാഴ്സലായി തന്നെ തേടി എത്തുമെന്നാണ് കണ്ണൻ അന്ന് പറഞ്ഞത്. ഒന്നും കരുതി കൂട്ടി ഉണ്ടാക്കുന്ന വിവാദങ്ങളല്ല. ലോട്ടറി അടിക്കുന്നതുപോലെ വരുന്നതാണ് അത്. കൂടെപിറപ്പാണ് വിവാദം. വീട്ടിലിരുന്നാലും വിവാദം പാഴ്സലായി വരും. നല്ലത് ചെയ്താലും വിവാദം. ജാതകം അങ്ങനെയായിപ്പോയി. ഗുണ്ട സംഘങ്ങളുടെ മാർക്കറ്റിങ് അല്ല എന്റെ പരിപാടി.
എന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചപ്പോൾ 1300 ഓളം ആളുകൾ വീട്ടിൽ വന്നു. അവരിൽ ആരും സിനിമക്കാരോ വിവിഐപികളോ അല്ല. എന്റെ നാട്ടിലുള്ളവരും വീട്ടിൽ പണിയെടുത്തിരുന്നവരും അമ്മയും അച്ഛനുമായി ബന്ധമുണ്ടായിരുന്നവരും നാട്ടിലെ സാധാരണ ജനങ്ങളേയും മാത്രം ക്ഷണിച്ച് നടത്തിയ പരിപാടിയാണ്. ഗുണ്ടയായി ഞാൻ ആരെയും കണ്ടിട്ടില്ല. ഒരുത്തനും എന്നോട് ഗുണ്ടായിസം കാണിച്ചിട്ടുമില്ല.

ചിലപ്പോഴൊക്കെ ഷൂട്ടിങിനായി ലൊക്കേഷനിൽ ചെല്ലുമ്പോൾ ആളുകളുടെ സഹായം ആവശ്യമായി വരും. ഉദയ കോളനിയിലൊക്കെ പോയാലും ആരെങ്കിലുമൊക്കെ എനിക്ക് ഷൂട്ടിന് വേണ്ട സഹായം ചെയ്ത് തരും. കർമ്മയോദ്ധ സിനിമയുടെ കൺട്രോളറായിരുന്നു ഞാൻ. ആ സിനിമയിലെ കുറച്ച് ഭാഗം കോളനിയിൽ ഷൂട്ട് ചെയ്തതാണ് അല്ലാതെ സെറ്റിട്ടതല്ല. അവിടുത്തെ ഗുണ്ടകളാണ് ആ ലൊക്കേഷനിലുള്ള സീനുകളിൽ മുഴുവൻ അഭിനയിച്ചത്.
ഗുണ്ടകളെന്ന് മറ്റുള്ളവർ പറയും. എനിക്ക് അവർ സുഹൃത്തുക്കളാണ്. അവർക്കൊപ്പം ഞാൻ സിനിമയ്ക്ക് വരെ പോയിട്ടുണ്ട്. സിനിമ കണ്ട് അവർ പൊട്ടി കരയുന്നതും ഞാൻ കണ്ടിട്ടുണ്ട്. അവരുടെ മനസിൽ ഒന്നുമില്ല. സാഹചര്യം കൊണ്ട് ഗുണ്ടകളായവരാണ് എല്ലാം. സിനിമാക്കാരനായതുകൊണ്ട് പലരുമായും എനിക്ക് കോൺടാക്ടുണ്ട്. വേശ്യവൃത്തി നടത്തുന്ന സ്ത്രീകളോട് അടക്കം ഞാൻ സംസാരിക്കാറുണ്ട്. ഞാനാണ് അവരെ ഡീൽ ചെയ്യുന്നത്.
മറ്റുള്ള വശങ്ങൾ നോക്കാതെ അവരോട് സംസാരിച്ചാൽ മതി. ആദ്യ സിനിമ മുതൽ ലോക്ലാസ് ആളുകളെന്ന് മറ്റുള്ളവർ പറയുന്നവരുമായി എനിക്ക് സൗഹൃദമുണ്ട്. എന്റെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി വാദിക്കുന്ന ഒരാളാണ് ഞാൻ. അതിനെ പലരും ഗുണ്ടായിസം എന്ന് വിളിക്കാറുണ്ട്. ചിലപ്പോഴൊക്കെ തന്റേടി ആയല്ലേ പറ്റൂ എന്നായിരുന്നു കണ്ണന്റെ മറുപടി.


Click it and Unblock the Notifications











