'എന്നെ ആശ്വസിപ്പിക്കുകയും കെയർ ചെയ്യുകയും ചെയ്തയാളാണ് ലിസി, തെറ്റിദ്ധാരണകൾ മൂലം ഞങ്ങൾ അകന്നു'; മേജർ രവി!
റിട്ടേർഡ് ഇന്ത്യൻ ആർമി ഓഫീസർ, സംവിധായകൻ, നിർമ്മാതാവ്, അഭിനേതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന കലാകാരനാണ് എ.കെ രവീന്ദ്രൻ നായർ എന്ന മേജർ രവി. 21 വർഷത്തെ സൈനിക സേവനത്തിനുശേഷം 1996ൽ സൈന്യത്തിൽ നിന്ന് വിആർഎസ് എടുത്ത് മേജറായി വിരമിച്ചശേഷം സിനിമകൾക്ക് വേണ്ടി സൈനിക സംബന്ധമായ സഹായങ്ങൾ ചെയ്ത് കൊടുക്കുന്ന പ്രവർത്തന മേഖലയിലേക്ക് പ്രവേശിച്ചു മേജർ രവി.
പിന്നീട് പ്രിയദർശൻ, രാജ്കുമാർ സന്തോഷി, കമലഹാസൻ, മണിരത്നം തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചതോടെ മേജർ രവി മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 1999ൽ റിലീസായ മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ രവി ഇരുപതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു.

പിന്നീട് സംവിധാന രംഗത്തേക്ക് പ്രവേശിച്ച മേജർ രവി 2002ൽ രാജേഷ് അമനക്കരക്കൊപ്പം പുനർജനി എന്ന സിനിമ സംവിധാനം ചെയ്തു. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് മേജർ രവി തന്നെയാണ്. സിനിമയിൽ വന്നകാലം മുതൽ മേജർ രവിക്ക് പ്രിയദർശനുമായും മോഹൻലാലുമായും അടുത്ത സൗഹൃദമാണുള്ളത്. എന്നാൽ ഇരുവരുടെയും ഭാര്യമാരായ ലിസിയെ കുറിച്ചും സുചിത്രയെ കുറിച്ചും മേജർ രവി അധികം എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. ഇപ്പോഴിതാ താരപത്നിമാരെ കുറിച്ച് മേജർ രവി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ലിസിയുമായി വളരെ അടുത്ത സൗഹൃദം തനിക്കുണ്ടായിരുന്നുവെന്നും എന്നാൽ ചില തെറ്റിദ്ധാരണകൾ മൂലം തങ്ങൾ പിന്നീട് അകന്നുവെന്നും കൗമുദി മുവീസിന് നൽകിയ അഭിമുഖത്തിൽ മേജർ രവി വെളിപ്പെടുത്തി.
'എന്റെ ഗുരുനാഥനാണ് പ്രിയദർശൻ. ഞാനും പ്രിയേട്ടനും പലപ്പോഴും പല കാര്യങ്ങളിലും ഉടക്കാറുണ്ട്. പക്ഷെ തേർഡ് പാർട്ടി വന്നിട്ട് പ്രിയേട്ടൻ ശരിയല്ലെന്ന് എന്നോട് പറഞ്ഞാൽ ഞാനത് സഹിക്കില്ല. എന്റെ ഗുരുനാഥനുമായി ഞാൻ ഉടക്കുന്നത് ആധികാരികമായിട്ടാണ്. അത് പല കാര്യങ്ങളിലും അദ്ദേഹം തെറ്റ് ചെയ്‌താൽ ഞാനത് തുറന്നുപറയും. ഒരിക്കലും അതിനെ ന്യായീകരിക്കാൻ നിൽക്കാറില്ല. കാരണം അദ്ദേഹം തെറ്റ് തിരുത്തണം. അതിനുവേണ്ടിയാണ്.'
'സുചിയും ലിസിയുമായി അത്രയും നല്ല സുഹൃത്തുക്കളാണ്. ഇവർക്ക് ഞാൻ ഒരു സഹോദരതുല്യനും. കീർത്തിചക്ര സിനിമ ചെയ്യുന്ന സമയത്ത് ഞാൻ ഒരിക്കലും മറക്കാത്ത വ്യക്തികളാണ് ഇവർ രണ്ടാളും. അതിൽ ലിസി കൂടുതൽ ഇൻവോൾവ്ഡായിരുന്നു. സുചിയും അങ്ങനെ തന്നെ. കീർത്തി ചക്ര ചെയ്യുന്ന സമയത്ത് ഒരു സീക്വൻസ് ബാക്കിയുണ്ട്.'

'പെട്ടെന്ന് ആകെ ബോഡി പെയിനായി എനിക്ക്. ഡോക്ടറുടെ അടുത്ത് പോയപ്പോഴാണ് ചിക്കൻ ഗുനിയയാണെന്ന് അറിയുന്നത്. ലൊക്കേഷനിൽ പോയിട്ടും ഒന്നും ചെയ്യാൻ വയ്യ. ഞാൻ എന്നിട്ടും കഷ്ടപെട്ടിട്ട് മൈക്കിലൂടെ കാര്യങ്ങൾ ഷൂട്ട് ചെയ്യുകയാണ്. പ്രൊഡ്യൂസർ നോക്കുമ്പോൾ ഞാൻ മൈക്കിലൂടെ കാര്യങ്ങൾ നിയന്ത്രിക്കുന്നു. അത്രയും വേദനയായിരിക്കുന്ന സമയമാണ്. എന്റെ അവസ്ഥ കണ്ടിട്ട് പ്രൊഡ്യൂസർ ചൗധരി സാർ പാക്കപ്പ് പറഞ്ഞു.'
'പക്ഷെ ഞാൻ സമ്മതിച്ചില്ല. ഈ സിനിമ ചെയ്യുന്ന സമയത്ത് പല തെറ്റിദ്ധാരണകളും നാട്ടിൽ പ്രചരിച്ചു. ലാലിനെപോലും തെറ്റിധരിപ്പിച്ചു. ലാൽ മണ്ടനാണ്... മോഹൻലാൽ ആകെ പതിനേഴുദിവസമാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ തന്നെ കുറെ പടങ്ങൾ പൊട്ടിപ്പോയി എന്നൊക്കെ. ഈ അവസരത്തിലാണ് ഞാൻ ലിസിയുമായി കാര്യങ്ങൾ ഷെയർ ചെയ്യുന്നത്.'
'പല സമയത്ത് ലിസി എന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്. ചിക്കൻ ഗുനിയ കഴിഞ്ഞസമയത്ത് ലിസി എന്നെ കംപ്ലീറ്റ് റിലാക്സ് ചെയ്യിച്ച ദിവസം ഞാൻ ഒരിക്കലും മറക്കില്ല. എന്നെ ഒരു മസ്ജിദിൽ കൊണ്ട് പോയി പൂജ ചെയ്യിപ്പിച്ചു എനിക്ക് വേണ്ടി. എന്നെ അത്ര കെയറായിരുന്നു ലിസിക്ക്. അത്തരത്തിൽ ഉള്ള ഒരു ബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ.'
'എന്നാൽ ഇടക്ക് ഒരു തെറ്റിദ്ധാരണ ഞങ്ങൾക്കിടയിലുണ്ടായി. എന്നെങ്കിലും ഒരു അവസരം കിട്ടുമ്പോൾ ഞാൻ അത് തുറന്നുപറയും. ഈ രണ്ടുപേരും എനിക്ക് അത്രയും പ്രിയപ്പെട്ടവരാണ്. സുചി ഇന്നും ബന്ധം നല്ല രീതിയിൽ കൊണ്ടുപോകുന്നു.'
'മറ്റൊന്നും പറയാൻ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നില്ല. പടം കണ്ടിട്ട് ഇന്നും ലിസി എന്നോട് പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ട്. പ്രിയേട്ടനെ കൊണ്ട് പടം കാണിക്കുന്നതും ലിസിയാണ്. എങ്ങനെയുണ്ട് അസിസ്റ്റന്റെന്ന് ചോദിക്കുന്നതും ലിസിയാണെന്നും', മേജർ രവി ഓർത്തെടുക്കുന്നു.


Click it and Unblock the Notifications











