ചീട്ട് കളിക്കുന്ന ബിജു മേനോനും സംഘവും, നേരിട്ട അപമാനം, മിണ്ടിപ്പോകരുതെന്ന് പറഞ്ഞ് ഞാൻ ഇറങ്ങി: മേജർ രവി
2006 ൽ പുറത്തിറങ്ങിയ മേജർ രവി ചിത്രമാണ് കീർത്തി ചക്ര. ഇന്ത്യൻ ആർമിയുടെ കഥാപശ്ചാത്തലത്തിൽ വന്ന സിനിമ മികച്ച വിജയം നേടി. പിന്നീട് മോഹൻലാൽ-മേജർ രവി കോംബോയിൽ ശ്രദ്ധേയമായ ഒരുപിടി സിനിമകൾ വന്നു. കീർത്തി ചക്രയ്ക്ക് പിന്നിൽ നടന്ന സംഭവം പങ്കുവെക്കുകയാണിപ്പോൾ മേജർ രവി. കീർത്തി ചക്രയിൽ നടൻ ബിജു മേനോൻ ഒരു വേഷം ചെയ്തിട്ടുണ്ട്. മോഹൻലാലിന് പകരം നായകനായി ആദ്യം തീരുമാനിച്ചത് ബിജു മേനോനെയായിരുന്നെന്ന് മേജർ രവി പറയുന്നു. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് പരാമർശം.
"കീർത്തിചക്രയുടെ കഥയുമായി ഞാൻ 2000 തൊട്ട് നടക്കുന്നുണ്ട്. ബിജു മേനോനെ വെച്ച് തുടങ്ങാനിരുന്നതാണ്. കഥ പറഞ്ഞ് ബിജു മേനോന് ഇഷ്ടപ്പെട്ടു. ബിജു ഒരു പ്രൊഡ്യൂസറെ കൊണ്ട് വന്നു. അമേരിക്കയിൽ നിന്നും കുറച്ച് ആളുകൾ. ഇവൻമാർ എന്നെ കഥ കേൾക്കാൻ വിളിച്ചു. ബിജു ചെന്നിരുന്നപ്പോൾ ഇവർ മൂന്ന് നാല് പേർ അവിടെ ഇരിപ്പുണ്ട്. ചീട്ടിന്റെ കെട്ടുണ്ട്. ബിജു ചെന്ന് പതിനായിരത്തിന്റെ കെട്ട് എടുത്ത് ചീട്ട് കളിക്കാൻ കൊടുക്കുന്നു. ഞാൻ ആ മൂലയിൽ ഇരിക്കുന്നു. ഞാൻ കീർത്തി ചക്രയുടെ കഥ പറയുന്ന സമയത്ത് ഇവർ ഇവിടെ കളിയിൽ മുഴുകി ഇരിക്കുകയാണ്"

"അഞ്ച് മിനുട്ട് കഥ പറഞ്ഞ് കാണുമായിരിക്കും. ഞാനത് മടക്കി. അവിടെ പറഞ്ഞത് ഇവിടെ പറയാൻ പറ്റില്ല. ഇറങ്ങാൻ നേരം ബിജുവിനോട് ഇവൻമാർ പടവും ചെയ്യില്ല ഒന്നും ചെയ്യില്ല, നിന്നെ ചീട്ട് കളിക്കാൻ വിളിച്ചതാണെന്ന് പറഞ്ഞു. ബിജു പറയാൻ ശ്രമിച്ചപ്പോൾ മിണ്ടിപ്പോകരുത് എന്ന് ഞാൻ പറഞ്ഞു. രണ്ട് കൊല്ലം ആ സ്ക്രിപ്റ്റ് അവിടെ ഇരുന്നു. ഇത് മോഹൻലാലിനോട് പറഞ്ഞാലോ എന്ന് ഒരു ദിവസം തോന്നി. സ്ക്രിപ്റ്റ് പൊടി തട്ടിയെടുത്ത് കഥ പറഞ്ഞു"
"അപ്പോൾ തന്നെ ഡേറ്റ് കിട്ടി. ഇനിയെങ്ങനെ ഷൂട്ട് ചെയ്യുമെന്ന ടെൻഷനായി. പിന്നെ നമുക്ക് തോന്നിയത് ഷൂട്ട് ചെയ്തു," മേജർ രവി പറഞ്ഞതിങ്ങനെ. ആർമി പശ്ചാത്തലത്തിൽ വരുന്ന മേജർ രവിയുടെ സിനിമകൾക്ക് ഒരു കാലത്ത് വലിയ ആരാധകരുണ്ടായിരുന്നു. സംവിധാനത്തിന് പുറമെ അഭിനയ രംഗത്തും മേജർ രവി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരിലാണ് മേജർ രവി അടുത്തിടെ വിവാദത്തിലായത്. എമ്പുരാൻ സിനിമയിലെ ആശയത്തെ മേജർ രവി വിമർശിച്ചു. മോഹൻലാൽ എമ്പുരാൻ കണ്ടിട്ടില്ലെന്നും മേജർ രവി വാദിച്ചു. പിന്നാലെ പ്രതികരിച്ച് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ രംഗത്ത് വന്നു. മോഹൻലാൽ അറിയാതെ സ്ക്രിപ്റ്റിൽ പലതും എഴുതി ചേർത്തു എന്നും മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുമുള്ള കള്ള പ്രചരണങ്ങൾ ആണ് നടത്തുന്നത്.
പ്രിവ്യൂ ഇല്ലാതിരുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കാറുള്ള ഞാനും എൻ്റെ മരുമക്കളും കൊച്ചുമക്കളും സിനിമ കണ്ടത് റിലീസ് ദിവസം ആയിരുന്നു. പിന്നെ എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹൻലാൽ കണ്ടില്ലെന്നു നുണ പ്രചരിപ്പിക്കുന്നത്? പൃഥ്വിരാജിനെ ബലിയാട് ആക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. മേജർ രവി ഈ വിമർശനത്തെ അംഗീകരിക്കുന്നില്ല. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന മേജർ രവി പലപ്പോഴും വിവാദത്തിലായിട്ടുണ്ട്. വെെകാരികമായാണ് മേജർ രവി പലപ്പോഴും സംസാരിക്കാറ്.


Click it and Unblock the Notifications











