ലാലിന് താനൊന്ന് പോയിത്തരുമോ എന്ന ഭാവം; ഞാൻ അപമാനിതനായി; ഉള്ളിലെ മേജർ രവി ഉണർന്നു; ഒടുവിൽ സംഭവിച്ചത്
മേജർ രവി-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകളിൽ മിക്കതും ജനശ്രദ്ധ നേടിയിട്ടുണ്ട്. കുരുക്ഷേത്ര, കീർത്തിചക്ര തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. മോഹൻലാലിന്റെ സുഹൃത്തുമാണ് മേജർ രവി. അഭിമുഖങ്ങളിലെല്ലാം മോഹൻലാലിനെ പ്രകീർത്തിച്ച് കൊണ്ട് മേജർ രവി സംസാരിച്ചിട്ടുണ്ട്. കർമ്മയോദ്ധയാണ് മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത അവസാനത്തെ സിനിമ. മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് മേജർ രവി.
ആരാധകനായിരുന്ന താൻ അവിചാരിതമായാണ് മോഹൻലാലുമായി സൗഹൃദത്തിലായതെന്ന് മേജർ രവി പറയുന്നു. കൗമുദി മൂവൂസിനോടാണ് പ്രതികരണം. പോർട്ട്ബ്ലെയറിൽ മിലിട്ടറി ഇന്റലിജൻസ് ഓഫീസറായി വർക്ക് ചെയ്യുന്ന സമയത്ത് എല്ലാ ദിവസവും എയർപോർട്ടിൽ പോകും. ഇങ്ങനെയൊരു ദിവസം മോഹൻലാലിന്റെ ഭാര്യാ സഹോദരൻ സുരേഷ് ബാലാജിയെ കണ്ടെന്ന് മേജർ രവി പറയുന്നു.

കാലാപാനി എന്ന സിനിമയുടെ ഷൂട്ട് അവിടെ നടക്കുന്നുമുണ്ട്. മേജർ രവിയല്ലേ എന്ന് ചോദിച്ചു. ലാൽ സാറിന് നിങ്ങളെ കാണാൻ ആഗ്രഹമുണ്ടെന്നും സുരേഷ് ബാലാജി പറഞ്ഞു. ലാൽ തന്നെ കാണാൻ ആഗ്രഹിച്ചതിന് കാരണം എന്തെന്നും ഇദ്ദേഹം പറഞ്ഞതായി മേജർ രവി വ്യക്തമാക്കി. രാജീവ്ഗാന്ധി വധക്കേസിലെ ശിവരാസൻ ഗ്യാങിനെതിരെ ഓപ്പറേഷൻ ചെയ്തതിൽ ഓപ്പറേഷൻ കമാൻഡറായി സിബിഐയുടെ കൂടെ ഞാൻ ഉണ്ടായിരുന്നു എന്ന കാര്യം സുരേഷ് ബാലാജി ലാലിനോട് പറഞ്ഞിരുന്നു.
അന്ന് ലാൽ ഭയങ്കരമായി ഇത് ഫോളോ ചെയ്യുന്ന ആളാണ്. രാജീവ് ഗാന്ധി വധക്കേസ് കഴിഞ്ഞ് ദിവസവും ലാൽ പേപ്പർ വായിക്കും. അതിൽ എന്റെ ഫോട്ടോഗ്രാഫും വലിയൊരു റിപ്പോർട്ടും വന്നിരുന്നു. മലയാളിയാണ്, ഇയാളെ എവിടെയെങ്കിലും വെച്ച് കാണണമെന്ന് ലാൽ അന്ന് പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ബാലാജി വ്യക്തമാക്കി.

ഞാനും ലാലിന്റെ ഫാനാണെന്ന് ഞാൻ പറഞ്ഞു. ലൊക്കേഷനിൽ വന്ന് അദ്ദേഹത്തെ കണ്ടൂടെ എന്ന് ചോദിച്ചു. വരാമെന്ന് ഞാനും. അന്ന് വൈകുന്നേരം ഗസ്റ്റ് ഹൗസിലേക്ക് ക്ഷണിച്ചു. കൂടെയിരുന്ന് സംസാരിക്കാമെന്ന് കരുതി അഞ്ച് മണിക്ക് തന്നെ അവിടെയെത്തി. മുഴുവൻ യൂണിറ്റും പാക്കപ്പ് ആയി അവിടെയുണ്ട്. സുരേഷ് ബാലാജിയെ കണ്ടു. ഇന്ന റൂമിൽ ലാൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഞാൻ ഭയങ്കര എക്സൈറ്റ്മെന്റിൽ അങ്ങോട്ടേക്ക് പോയി. റൂമിന്റെ വാതിൽ തുറന്ന് കിടക്കുകയാണ്. ബെഡിൽ ലാൽ ഇരിക്കുന്നുണ്ട്. വിദേശികൾ ഉൾപ്പെടെ ചിലർ ആ റൂമിൽ ഉണ്ട്. ഹായ് ലാൽ ഞാൻ രവിയെന്ന് പറഞ്ഞു. ലാൽ നോക്കി. എക്സെെറ്റ്മെന്റൊന്നും അവിടെ നിന്ന് ഇങ്ങോട്ട് കാണുന്നില്ല. അവിടെ വെച്ച് താൻ പരുങ്ങിപ്പോയെന്നും മേജർ രവി തുറന്ന് പറഞ്ഞു.
താനൊന്ന് പോയിത്തരുമോ ഇവിടെ നിന്ന് എന്നായിരുന്നു ലാലിന്റെ വികാരം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം എന്ന് പറഞ്ഞ് ഞാൻ കൈ കൊടുത്ത് തിരിച്ച് പോയി. സങ്കടവും അപമാനവും തോന്നി. ബൈക്ക് സ്റ്റാർട്ട് ചെയ്തു, എന്നാൽ എന്റെയുള്ളിൽ മേജർ രവിയെന്ന ഹുങ്കാർ മനുഷ്യൻ ഉണർന്നു. എന്നെ ഇവിടെ വിളിച്ച് വരുത്തിയ സുരേഷ് ബാലാജിക്ക് രണ്ട് കൊടുത്തിട്ടേ പോകുന്നുള്ളൂ എന്ന് പറഞ്ഞു. എന്നെ കണ്ടപ്പോൾ എന്തോ പ്രശ്നം നടന്നിട്ടുണ്ടെന്ന് സുരേഷിന് മനസിലായി.
ലാലിനെ വിളിച്ച് മേജർ രവിയെ കണ്ടില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ല, ഞാൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ മോഹൻലാലിന് തന്നെ മനസിലാകാഞ്ഞതായിരുന്നെന്ന് മേജർ രവി ചൂണ്ടിക്കാട്ടി. മോഹൻലാൽ വന്ന് ഐഡി കാർഡ് നോക്കി ഇതും നിങ്ങളും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ എന്ന് ചോദിച്ചു. ലാൽ യഥാർത്ഥത്തിൽ ചമ്മി. ഇനി കുറ്റം എന്റെ തലയിലാക്കണം. പക്ഷെ ഞാൻ കട്ടയ്ക്ക് നിൽക്കുകയാണ്. മേജർ എന്ന് പറയാതെ രവി എന്ന് പറഞ്ഞാണ് ഞാൻ സ്വയം പരിചയപ്പെടുത്തിയത്.
അതും തന്നെ മനസിലാക്കാത്തതിന് കാരണമായെന്നും മേജർ രവി ചൂണ്ടിക്കാട്ടി. അന്ന് രാത്രി സംസാരങ്ങളും ആഘോഷങ്ങളുമായി. പന്ത്രണ്ടര മണിയായി. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ ഈ മനുഷ്യൻ പുറകിൽ കയറി ഇരുന്നു. ടൗണിൽ കറങ്ങി വരാമെന്ന് പറഞ്ഞു. മറക്കാൻ പറ്റാത്ത നിമിഷങ്ങളാണതെന്നും മേജർ രവി വ്യക്തമാക്കി.


Click it and Unblock the Notifications