'ഷെയ്ക്ക് ഹാന്റ് കൊടുക്കാൻ വന്നവർ ലാലിന്റെ കയ്യിൽ ബ്ലേഡ് വെച്ച് കീറി, അന്താളിച്ച് നിൽക്കുന്ന ലാലിനെ കണ്ടു'
സിനിമാലോകത്തിനു വരദാനമായി കിട്ടിയ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് മോഹൻലാൽ. നാൽപ്പതിലേറെ വർഷമായി ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും അഭിനയിച്ച് അതിശയിപ്പിച്ചും അഭ്രപാളികളിൽ നടനമാടിയഅഭിനയ കുലപതിക്ക് ലോകത്തെമ്പാടുമായി കോടിക്കണക്കിന് ആരാധകരാണുള്ളത്. അടുത്തിടെ മോഹൻലാൽ കൊച്ചിയിൽ ഫാൻസ് മീറ്റ് സംഘടിപ്പിച്ചപ്പോൾ ആറായിരക്കോളം ആളുകളാണ് താരത്തെ കാണാനും ഒപ്പം നിന്ന് ഫോട്ടോ പകർത്താനുമായി എത്തി.
അന്ന് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഭൂരിഭാഗം ആളുകൾക്കൊപ്പം നിന്നും മോഹൻലാൽ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. മലയാളത്തിലെ താരങ്ങളിൽ ക്രൗഡ് പുള്ളറാകാൻ കഴിവുള്ള നടനാണ് ഈ അറുപത്തിമൂന്നാം വയസിലും മോഹൻലാൽ. ആരാധന അതിര് കടന്നാൽ അപകടമാണ്. കടുത്ത ആരാധന പലപ്പോഴും താരങ്ങളെപ്പോലും ബുദ്ധിമുട്ടിക്കുന്ന തലത്തിലേക്ക് പരിധി വിടാറുമുണ്ട്.

അത്തരം ആരാധനാ ഭ്രാന്തിന്റെ കുഴപ്പങ്ങൾ നിരവധി മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിനും നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ മോഹൻലാലിനുണ്ടായ ചില അനുഭവങ്ങൾ സംവിധായകൻ മേജർ രവി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവി മോഹൻലാലിനെ കുറിച്ച് സംസാരിച്ചത്.
ആരാധന മൂത്ത് ഷെയ്ക്ക് ഹാന്റ് കൊടുക്കാൻ വന്നവർ ലാലിന്റെ കയ്യിൽ ബ്ലേഡ് വെച്ച് കീറിയ സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ടെന്നും മേജർ രവി പുതിയ വീഡിയോയിൽ വെളിപ്പെടുത്തി. മേജർ രവിയുടെ കീർത്തിചക്ര അടക്കമുള്ള നിരവധി സിനിമകളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്.
'കാശ്മീർ പോലുള്ള സ്ഥലങ്ങളിലെത്തുമ്പോഴാണ് ഒരു സാധാരണക്കാരനെപ്പോലെ ജീവിക്കാനുള്ള അവസരം മോഹൻലാലിന് ലഭിക്കുന്നതെന്നും ആ സമയങ്ങളിൽ അദ്ദേഹം നന്നായി ആ സ്വാതന്ത്ര്യം അനുഭവിക്കാറുണ്ടെന്നും മേജർ രവി പറയുന്നു. എന്റെ നല്ലൊരു സുഹൃത്തും സഹോദരനും അഭ്യുതയകാംഷിയുമെല്ലാമാണ് മോഹൻലാൽ. അദ്ദേഹം ലെഫ്റ്റനന്റ് കേണലായശേഷം ഒരിക്കൽ ഞങ്ങൾ ട്രെയിനിങിനായി കാശ്മീരിൽ പോയി.'
'അവിടെ പലയിടങ്ങളിലും പട്ടാളം മാത്രമെ കാണു. ഞങ്ങൾ അവിടെ താമസിച്ച് ഒരിക്കൽ ലാലിനെയും കൊണ്ട് എൽഒസി (ലൈൻ ഓഫ് കൺട്രോൾ) കാണാൻ പോയി. അവിടെ ചെന്ന് അവിടെയുള്ള വാലിയും വില്ലേജുമെല്ലാം കണ്ട് മോഹൻലാൽ അന്താളിച്ച് നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരോന്ന് പറഞ്ഞ് മനസിലാക്കി കാണിച്ചുകൊടുക്കുമ്പോൾ ലാലിൽ ഒരു ഉത്സാഹം കാണാൻ സാധിക്കും.'

'ഏതൊരു പട്ടാളക്കാരനിലും കാണുന്നതിനേക്കാൾ ഉത്സാഹം ലാലിൽ കണ്ടിട്ടുണ്ട്. ആ താൽപര്യം ലാലിൽ നിന്നും പോയി കണ്ടിട്ടുമില്ല. മിലട്ടറിയുടെ ഭാഗമായശേഷം കിട്ടിയ ഒരോ ചെറിയ അംഗീകാരങ്ങളും പത്മശ്രീക്കൊപ്പമൊക്കെ വളരെ അഭിമാനത്തോടെ അദ്ദേഹം സൂക്ഷിക്കുന്നുണ്ട്. പലപ്പോഴും ഞങ്ങൾ ജമ്മുവിൽ നിന്നൊക്കെ റോഡ് മാർഗം യാത്ര ചെയ്യുമ്പോൾ വഴിയോരത്തെ ചായക്കടയിൽ നിന്നൊക്കെ ചായ കുടിക്കും.'
'കാരണം അവിടെ ആർക്കും മോഹൻലാലിനെ അറിയില്ല. മോഹൻലാലും അവിടെ വളരെ കംഫർട്ടബിളാണ്. കാരണം ക്രൗഡൊന്നും ഭയക്കേണ്ടതില്ലല്ലോ. അതുപോലെ കുരുക്ഷേത്രയുടെ ഷൂട്ട് കഴിഞ്ഞ് തിരികെ വന്ന് ദ്രാസിലെത്തിയപ്പോൾ ലാൽ അവിടെയുള്ള ചെറിയ ബസ്സിന്റെ പുറകിൽ തൂങ്ങി നിന്ന് കാശ്മീരെന്ന് വിളിച്ച് പറഞ്ഞ് കുസൃതി കാണിക്കുന്നതും കാണാൻ സാധിച്ചു.'
'ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോഴാണ് ഒരു സാധാരണക്കാരനെപ്പോലെയുള്ള ജീവിതം ലാൽ ആസ്വദിക്കുന്നത്. ഒരു ആർട്ടിസ്റ്റിന്റെ ഫ്രീഡം എന്താണ്... അത് കിട്ടുമ്പോഴുള്ള സുഖം എന്താണ് എന്നതെല്ലാം ഞാൻ മനസിലാക്കിയതും ലാലിലൂടെയാണ്. പലരും പറയാറുണ്ട് താരങ്ങൾക്ക് ജാഡയാണെന്ന്. പക്ഷെ അത് ശരിയല്ല.'
'ക്രൗഡ് കൂടുമ്പോൾ അവർക്ക് ഒരു സഫോക്കേഷൻ ഉണ്ടാകുന്നതാണ്. ഷെയ്ക്ക് ഹാന്റ് കൊടുക്കാൻ വന്നവരിൽ പലരും ലാലിന്റെ കയ്യിൽ ബ്ലേഡ് വെച്ച് കീറിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് കൈ കൊടുക്കാൻ ശ്രമിക്കുമ്പോൾ അവർ കൈ വലിക്കുന്നത്. ആരാധന മൂത്ത് കഴിയുമ്പോൾ അറ്റൻഷൻ കിട്ടാൻ വേണ്ടിയാണ് പലരും കയ്യിൽ ബ്ലേഡ് വെച്ച് കീറിയത്', എന്നാണ് മേജർ രവി പറഞ്ഞത്.


Click it and Unblock the Notifications