'ബന്ധുക്കളോട് പുറത്ത് നിൽക്കാൻ പറഞ്ഞു, കല്യാണമാണെന്ന് അവർക്കറിയില്ലായിരുന്നു; എല്ലാവരും ഞെട്ടി'
മേക്കപ്പ് രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞയാളാണ് ഉണ്ണി പിഎസ്. സെലിബ്രിറ്റി മേക്കപ്പ് രംഗത്ത് കേരളത്തിൽ ഏറ്റവും തിരക്കേറിയ മേക്കപ്പ് ആർട്ടിസ്റ്റുകളിലൊരാൾ ഉണ്ണിയാണ്. സിംപിൾ മേക്കപ്പിൽ നടിമാരുടെ ഭംഗി പുറത്തേക്ക് കൊണ്ട് വരാൻ ഉണ്ണിക്ക് കഴിയുന്നു. സിനിമാ ലോകത്ത് ഉണ്ണിക്ക് സുഹൃത്തുക്കളും ഏറെയാണ്. കാവ്യ മാധവൻ, മീര നന്ദൻ തുടങ്ങിയവരെല്ലാം ഉണ്ണിയുടെ അടുത്ത സുഹൃത്തുക്കളാണ്.
കാവ്യ-ദിലീപ് വിവാഹത്തിന് നടിക്ക് മേക്കപ്പ് ചെയ്തത് ഉണ്ണിയാണ്. വിവാഹദിനത്തിലെ കാവ്യയുടെ മേക്കപ്പ് ചർച്ചയായതോടെയാണ് ഉണ്ണി മേക്കപ്പ് രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മിക്കപ്പോഴും ഉണ്ണിയാണ് ഇവന്റുകൾക്കും ഫോട്ടോഷൂട്ടുകൾക്കും കാവ്യക്ക് മേക്കപ്പ് ചെയ്യാറുള്ളത്. കാവ്യ-ദിലീപ് വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണിയിപ്പോൾ. ഒറിജിനൽസുമായുള്ള അഭിമുഖത്തിലാണ് മേക്കപ്പ് ആർട്ടിസ്റ്റ് ഓർമകൾ പങ്കുവെച്ചത്.

കാവ്യ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കല്യാണ ദിവസം നല്ല ടെൻഷനായിരുന്നു. കാവ്യയും ദിലീപേട്ടനുമായുള്ള കല്യാണമാണ്. ഞാനാണ് ആദ്യം പോയി റൂം എടുക്കുന്നത്. എന്റെ സ്റ്റാഫുകൾക്കൊന്നും കല്യാണമാണെന്ന് അറിയില്ലായിരുന്നു. ഷൂട്ട് ആണെന്നാണ് ഞാൻ പറഞ്ഞത്. കാവ്യയുടെ ബന്ധുക്കൾ പുറത്ത് നിൽക്കുന്നുണ്ട്. അവരെ കണ്ട് സ്റ്റാഫുകൾ വിചാരിച്ചത് ജൂനിയർ ആർട്ടിസ്റ്റ് ആണെന്നാണ്. അടുത്ത മേക്കപ്പ് ഇപ്പോൾ വേണ്ട, മെയിൻ ആർട്ടിസ്റ്റ് ചെയ്തിട്ട് മതിയെന്ന് പറഞ്ഞ് അവരെ പുറത്തേക്ക് നിർത്താൻ നോക്കി.
അത് കഴിഞ്ഞ് ദിലീപേട്ടൻ മാലയും ബൊക്കയുമായി വന്നു. അപ്പോൾ ഞാൻ പറയട്ടെ എന്ന് കാവ്യ ചോദിച്ചു. അങ്ങനെ പറഞ്ഞു. എല്ലാവർക്കും ഭയങ്കര ഷോക്കായിരുന്നു അത്. സാരിയുടുപ്പിക്കാൻ ഇൻഡസ്ട്രിയിലുള്ള ബെൻസി ചേച്ചിയെയാണ് ഏൽപ്പിച്ചിരുന്നത്. ഷൂട്ടാണെന്ന് കരുതി അവർ ആദ്യം സൽവാർ ഇട്ട് ഷൂട്ട് ചെയ്യ്, ഉച്ചയാകുമ്പോഴേക്കും എത്തിക്കോളാമെന്ന് പറഞ്ഞു. പക്ഷെ പുള്ളിക്കാരി വന്നില്ല. പിന്നെയാണ് കല്യാണമാണെന്ന് അവർ അറിയുന്നതെന്നും ഉണ്ണി ഓർത്തു.

തനിക്ക് മേക്കപ്പ് ചെയ്യണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹമുള്ളത് നയൻതാരയെയാണ്. ഒരിക്കൽ എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ അവരോട് സംസാരിച്ചിരുന്നു. അവരെക്കുറിച്ച് പറയുന്ന ഇന്റർവ്യൂ ഞാൻ കാണിച്ച് കൊടുത്തു. സോ സ്വീറ്റ് എന്ന് പറഞ്ഞു. എപ്പോഴെങ്കിലും തന്റെ ആഗ്രഹം സഫലമാകുമെന്നാണ് പ്രതീക്ഷയെന്നും ഉണ്ണി പിഎസ് വ്യക്തമാക്കി.
കാവ്യയുമായുള്ള സൗഹൃദത്തെക്കുറിച്ച് നേരത്തെയും ഉണ്ണി സംസാരിച്ചിട്ടുണ്ട്. കാവ്യയുടെ ജീവിതത്തിൽ മോശം കാലം വന്നപ്പോൾ പിന്തുണയുമായി ഒപ്പമുണ്ടാകണമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലായിരുന്നു. കാവ്യ ആരാണെന്നും എന്താണെന്നും എനിക്കറിയാം. അവർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും പകരമായി ചെയ്യാനാകുന്നതിന്റെ പകുതി പോലും ചെയ്തിട്ടില്ലെന്നും ഉണ്ണി അന്ന് പറഞ്ഞു.
മേക്കപ്പിലും ജീവിതത്തിലും കാവ്യ പെർഫെക്ഷന് പ്രാധാന്യം നൽകുന്നു. ഒരു സൂചി പോലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നത് അൽപ്പം പോലും മാറാൻ പാടില്ലെന്നും ഉണ്ണി പിഎസ് അന്ന് പറഞ്ഞു. സിനിമാ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് കാവ്യ മാധവൻ. പിന്നെയും ആണ് നടി അവസാനം അഭിനയിച്ച സിനിമ.


Click it and Unblock the Notifications