'സിനിമയിൽ ഒന്നുമല്ലാത്ത എന്റെ അനുവാദം സാർ ചോദിച്ചു മനുഷ്യത്വം ഉള്ളയാളാണ്, ലാലേട്ടന്റെ വിങ്സ് കണ്ട് ഞെട്ടി'

മലൈക്കോട്ടൈ വാലിബൻ ഒരു സ്ലോ പോയിസൺ എന്നാണ് ഇപ്പോൾ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ആദ്യ രണ്ട് ദിവസങ്ങളിൽ സിനിമയെ കുറിച്ചുണ്ടായിരുന്ന ആളുകളുടെ അഭിപ്രായങ്ങൾ മാറി തുടങ്ങിയിട്ടുണ്ട്. ഒരു മുത്തശ്ശി കഥ പോലെ ആസ്വദിക്കാൻ സാധിക്കുന്ന സിനിമയെന്നാണ് മലൈക്കോട്ടൈ വാലിബന് ലഭിക്കുന്ന പ്രധാന വിശേഷണം. മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി, മധു നീലകണ്ഠൻ പിന്നെ പ്രശാന്ത് പിള്ളയുടെ ബാക്ഗ്രൗണ്ട് സ്കോർ എന്നിവയാണ് സിനിമയുടെ ജീവൻ.

ആക്ഷൻ സീക്വൻസ് എല്ലാം ഗംഭീരമായ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സിനിമയ്ക്ക് ഇപ്പോഴുള്ള ഡീഗ്രേഡിങ് ഉടനെ തീരുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. എന്തെന്നാൽ എല്ലായിടത്ത് നിന്നും മികച്ച പ്രതികരണമാണ് ഇപ്പോൾ സിനിമയ്ക്ക് ലഭിക്കുന്നത്. അതേസമയം സിനിമയിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ മല്ലന്മാരിൽ ഒരാളാണ് വാലിബനുമായി തുടക്കത്തിൽ തന്നെ ഏറ്റുമുട്ടുന്ന കേളുമല്ലൻ.

Hariprashanth mohanlal

ആറരയടിയോളം ഉയരവും അസാധാരണ വലുപ്പമുള്ള ശരീരവുമുള്ള കേളു മല്ലന്റെ സ്ക്രീൻ പ്രസൻസ് ആരെയും അത്ഭുതപ്പെടുത്തും. ലിജോയ്ക്ക് വേണ്ടി കേളു മല്ലനായത് ആട് 2വിൽ ചെകുത്താൻ ലാസറായി എത്തി ഷാജി പാപ്പനെ വിറപ്പിച്ച ഹരിപ്രശാന്ത് എം.ജിയാണ്. വാലിബനിൽ കേളു മല്ലനാകാനുള്ള ഒരുക്കങ്ങൾ കൊവിഡ് കാലത്ത് തന്നെ ഹരിപ്രശാന്ത് ആരംഭിച്ചിരുന്നു. വാലിബനിൽ‌ അഭിനയിക്കുമ്പോൾ 134 കിലോയാണ് ഹരി പ്രശാന്തിന്റെ ഭാരം.

വാലിബൻ മികച്ച പ്രകടനം നേടി മുന്നേറുമ്പോൾ ഷൂട്ടിങ് അനുഭവം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് ഹരിപ്രശാന്ത് എം.ജി. 'മലൈക്കോട്ടൈ വാലിബൻ ചരിത്രമാകാൻ പോകുന്ന സിനിമയാണ്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. മനോഹരമായ പെയിന്റിങ് പോലൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു.'

'ജീവിതത്തിൽ ഇനി ഇതിലും നല്ല ഒരു അവസരം കിട്ടുമെന്ന് ഞാൻ കരുതുന്നില്ല. മലയാള സിനിമയിലെ ഒരു നാഴികക്കല്ലാണിത്. ലിജോയെപ്പോലെ ഒരു സംവിധായകനും മോഹൻലാലിനെപോലെ ഒരു നടനും ചെയ്ത സിനിമ എന്നതിന് പുറമെ സിനിമയുടെ അണിയറപ്രവർത്തകർ കൂടുതലും അവാർഡ് ജേതാക്കളായ മികച്ച കലാകാരന്മാരാണ്. ഒരു നിഷ്കളങ്കയായ കുട്ടി ആ സിനിമ ആസ്വദിച്ചു കാണുമ്പോൾ, ഇവിടെയുള്ള ഒരു പ്രേക്ഷകന് ആ സിനിമ ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് പറയുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല.'

'ചില ഓൺലൈൻ റിവ്യൂവർമാർ പറയുന്നത് കേട്ടിട്ട് ഇവരൊക്കെ എന്താണ് ഇങ്ങനെ പറയുന്നതെന്ന് തോന്നിപ്പോയി. സിനിമയാണ്... ആർക്കും എന്തും പറയാം എന്ന അവസ്ഥയാണ്. സിനിമ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. ഇൻട്രോ ഫൈറ്റ് തന്നെ വളരെ നല്ലതായിരുന്നു. ലാൽ സാറിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും മികച്ച ഇൻട്രോ... പുള്ളി ഒരു അമാനുഷികനാണെന്ന് കാണിക്കുന്ന ഇൻട്രോയായിരുന്നു.'

Hariprashanth mohanlal

'ഭയങ്കര പ്രതികരണമാണ് കിട്ടുന്നത്. കേളു മല്ലൻ കലക്കി, എന്തൊരു സ്ക്രീൻ പ്രെസൻസാണ് എന്ന തരത്തിൽ ഒരുപാട് ഫോൺ കോളും മെസേജുകളും കിട്ടുന്നുണ്ട്. ലിജോ ഈ പടം കുറേക്കാലം മുമ്പെ പ്ലാൻ ചെയ്തതാണ്. ആ സമയത്താണ് ലിജോയുടെ അസിസ്റ്റന്റ് ആൻസൺ എന്നെ വിളിച്ച് ലിജോ പടത്തിൽ ഒരു റോളുണ്ട് കഥാപാത്രത്തിന് നല്ല സൈസ് വേണം മെയ് വഴക്കം വേണം ആട് 2വിൽ ഉണ്ടായിരുന്ന സൈസിനെക്കാൾ കൂട്ടാൻ പറ്റുമോയെന്ന് ചോദിച്ചത്.'

'ഞാൻ പറഞ്ഞു കുഴപ്പമില്ല സമയം ഉണ്ടെങ്കിൽ ചെയ്യാമെന്ന്. കോവിഡ് സമയമായിരുന്നു. അധികം ജിം ഒന്നും തുറക്കാറില്ല. നാലുമാസം സമയം ഉണ്ടായിരുന്നു. ഞാൻ ഡയറ്റ് മാറ്റി. കാർഡിയോ കുറച്ചു. ജിമ്മിൽ സമയം കൂട്ടി അങ്ങനെ പലതും ചെയ്താണ് ശരീരഭാരം കൂട്ടിയത്. തുടങ്ങുന്നതിന് മുമ്പ് 114 കിലോയായിരുന്നു ഭാരം. വാലിബൻ ചെയ്യുമ്പോൾ 136 കിലോയായി.'

'ആട് 2 ചെയ്യുമ്പോൾ ഞാൻ ശരീരഭാരം കൂട്ടിയിട്ടുണ്ട്. അതുകൊണ്ട് എങ്ങനെ ചെയ്യണം എന്നതിനെപ്പറ്റി ഒരു ഐഡിയയുണ്ടായിരുന്നു. രാജസ്ഥാനിൽ ജയ്‌സൽമേറായിരുന്നു ലൊക്കേഷൻ. രണ്ടാഴ്ചയുണ്ടായിരുന്നു എന്റെ ഷെഡ്യൂൾ. ലാൽ സാർ എന്നെ എടുത്തെറിയുന്ന സീൻ ഒരുപാട് റിഹേഴ്സൽ ചെയ്തു. രാവിലെ ഏഴ് മണിക്ക് സെറ്റിൽ ചെല്ലുമ്പോൾ കിടുകിടാ വിറക്കും. എനിക്ക് ഡ്രസ്സും അധികം ഇല്ലല്ലോ. പിന്നെ ഞാൻ തണുപ്പ് സഹിച്ച് ശീലിച്ചു.'

'അല്ലെങ്കിൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ വിറയ്ക്കുമല്ലോ. ലാൽ സാർ ചോദിക്കും ഹരി സർ എന്താണ് ഒന്നും പുതയ്ക്കാതെ നിൽക്കുന്നതെന്ന്. മോഹൻലാൽ സാറിനൊപ്പം അഭിനയിച്ചത് എനിക്കിപ്പോഴും ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണ്. ഞാൻ ആദ്യമായാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത്. മമ്മൂക്കയോടൊപ്പം രണ്ടുപടം ചെയ്തിട്ടുണ്ട്.'

'അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ നമുക്ക് ഒരിക്കലും മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ മുന്നിലാണ് നിൽക്കുന്നതെന്ന് തോന്നുകയേയില്ല. അദ്ദേഹം നമ്മളെ വളരെ കംഫര്‍ട്ടബിളാക്കും. നമ്മുടെ കാര്യങ്ങളെല്ലാം ചോദിച്ച് മനസിലാക്കും... വാ ഇവിടെ ഇരിക്ക് ഹരി സർ എന്ന് പറയും. ഹരി സർ എന്നാണ് അദ്ദേഹം എന്നെ വിളിച്ചിരുന്നത്. ഇത്രയും സിംപിളായ മനുഷ്യൻ വേറെയുണ്ടോയെന്ന് തോന്നും.'

'ഈ തടി ഈ സിനിമയ്ക്ക് വേണ്ടി കൂട്ടിയതാണോ ഇനി കുറയ്ക്കണ്ടേ എന്നൊക്കെ ചോദിച്ചു. ഒരു സുഹൃത്തിനോടൊപ്പം സംസാരിക്കുന്നുവെന്നേ തോന്നിയുള്ളൂ. സിനിമയിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ കുറച്ച് ജൂനിയറായ താരങ്ങൾ പോലും ഒരു ഹലോ പറഞ്ഞ് സംസാരിക്കാതെ പോവുകയാണ് പതിവ്. നമുക്ക് പറ്റാത്തത് വരുമ്പോൾ ചെറിയ ടിപ്സൊക്കെ തരും. വളരെ ലൈറ്റായി ചെയ്യുന്നത് ക്യാമറയിൽ വരുമ്പോൾ ഭീകരമായി തോന്നുന്ന ചെറിയ ഐറ്റംസ് ഒക്കെ അദ്ദേഹത്തിനുണ്ട്.'

'സിനിമയിൽ ഉപയോഗിക്കുന്ന ഗദ 25 കിലോ ഭാരമുണ്ട്. ആദ്യം ഉപയോഗിച്ചത് ഡമ്മിയായിരുന്നു. പക്ഷെ അത് ആളുകൾക്ക് മനസിലാകും. അതുകൊണ്ട് യഥാർഥ ഗദ തന്നെയാണ് ഉപയോഗിച്ചത്. ലാൽ സാറിനെ അടിക്കുന്ന രംഗത്തുമാത്രം ഡമ്മി ഉപയോഗിച്ചു.'

'ലാൽ സാറും ശരീരം വലുതാക്കി ഒരു മല്ലനെപ്പോലെയായിരുന്നു. സുചിത്ര നായർക്കൊപ്പമുള്ള ഗാനരംഗത്തിൽ നോക്കിയാൽ അറിയാം കയ്യൊക്കെ എന്തൊരു മസിലാണെന്ന്. ആ സീനിൽ വിങ്‌സ് നന്നായി കാണാം. ഞാൻ കണ്ട് ഞെട്ടിപ്പോയി. അദ്ദേഹം നന്നായി വർക്ക്ഔട്ട് ചെയ്തിരുന്നു', എന്നാണ് അനുഭവം പങ്കിട്ട് ഹരിപ്രശാന്ത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X