നൂലുകെട്ടും പേരിടലും കഴിഞ്ഞു... ഇരുപത്തിയെട്ട് ദിവസമായോ?, എല്ലാത്തിനും പേളി സ്റ്റൈൽ, കുഞ്ഞിനൊപ്പം മാളവിക!
ഇക്കഴിഞ്ഞ നവംബർ മാസം ആദ്യ ആഴ്ചയിലാണ് നടിയും റിയാലിറ്റി ഷോ താരവുമായ മാളവിക കൃഷ്ണദാസിന് ആദ്യത്തെ കുഞ്ഞ് പിറന്നത്. നായിക നായകൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം ചെയ്തത്. നായിക നായകനുശേഷം സിനിമയും സിരീയലും ഡാൻസും സ്റ്റേജ് ഷോകളുമെല്ലാമായി എപ്പോഴും മാളവിക ലൈം ലൈറ്റിലുണ്ടായിരുന്നു. വിവാഹത്തിനുശേഷം മാളവികയ്ക്കൊപ്പം തേജസും യുട്യൂബ് ചാനലിലും സോഷ്യൽമീഡിയയിലും സജീവമായി.
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ തേജസ് മാളവികയുടെ പ്രസവം അടുത്തപ്പോഴാണ് അവധിക്കായി നാട്ടിലെത്തിയത്. വയറ്റുപൊങ്കാല, വളൈകാപ്പ് തുടങ്ങി ഗർഭകാലത്ത് സ്ത്രീകൾക്ക് ഏറെ പ്രധാനപ്പെട്ട ചടങ്ങുകളിൽ എല്ലാം മാളവികയ്ക്കൊപ്പം തേജസുമുണ്ടായിരുന്നു. ഗർഭിണിയായശേഷം നൃത്തത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് മാളവിക.

എങ്കിലും ഗർഭകാലത്ത് അതുമായി ബന്ധപ്പെട്ട രസകരമായ വീഡിയോകളും മറ്റും മാളവിക തേജസിന്റെയും കുടുംബാംഗങ്ങളുടെയും സഹായത്തോടെ സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. ഡെലിവറി വീഡിയോയും മാളവിക യുട്യൂബിൽ പങ്കിട്ടിരുന്നു. പക്ഷെ യുട്യൂബേഴ്സ് സ്ഥിരമായി ചെയ്യുന്നതുപോലെ ഗർഭം ഒരു കോണ്ടന്റാക്കി സീരിസ് പോലെ എപ്പിസോഡുകൾ ഇറക്കി വ്യൂസ് ഉണ്ടാക്കാനൊന്നും മാളവികയും ശ്രമിച്ചിട്ടില്ല.
ഡെലിവറി വീഡിയോ പോലും കാച്ചികുറുക്കി വളരെ മിതമാക്കി ഒമ്പത് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോയാണ് ഇരുവരും യുട്യൂബ് ചാനലിൽ പങ്കുവെച്ചത്. തുടക്കത്തിൽ കുഞ്ഞ് പിറന്നുവെന്ന് മാത്രമാണ് മാളവികയും തേജസും സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. കുഞ്ഞിന്റെ ജെന്റർ റിവീൽ ചെയ്യാത്തതിന്റെ പേരിൽ താരദമ്പതികൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടായിരുന്നു.
പിന്നീടാണ് ഇരുവരും തങ്ങൾക്ക് പിറന്നത് പെൺകുഞ്ഞാണെന്ന് ആരാധകരെ അറിയിച്ചത്. ഇപ്പോൾ കുഞ്ഞിന്റെ പരിപാലനവും പ്രസവരക്ഷ ചികിത്സയുമായും എല്ലാം ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് മാളവിക. ഡെലിവറി വീഡിയോയ്ക്കുശേഷം മറ്റ് വീഡിയോകളും മാളവിക യുട്യൂബ് ചാനലിൽ പങ്കിട്ടിട്ടില്ല. അതേസമയം ഇപ്പോഴിതാ മാളവികയുടെ കുഞ്ഞിന്റെ നൂലുകെട്ടൽ പേരിടൽ ചടങ്ങുകൾ കഴിഞ്ഞുവെന്നതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് പുറത്ത് വരുന്നത്.
സ്വർണ്ണ കസവുള്ള സാരിയിൽ ആഭരണങ്ങളും മുല്ലപ്പൂവും മിനിമൽ മേക്കപ്പും ചെയ്ത് അതീവ സുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മകളെ കയ്യിലെടുത്ത് ഓമനിക്കുന്ന മാളവികയുടെ വീഡിയോയും വൈറലാകുന്നുണ്ട്. അതേസമയം മാളവികയുടേയും കുഞ്ഞിന്റേയും പുതിയ ചിത്രങ്ങളും വീഡിയോയും വൈറലായതോടെ നിരവധി പേരാണ് പേളി മാണിയുമായുള്ള മാളവികയുടെ സാമ്യം ചൂണ്ടിക്കാട്ടി എത്തുന്നത്.

രണ്ടാമത്തെ മകൾ നിറ്റാരയുടെ നൂലുകെട്ടിന് പേളി ചൂസ് ചെയ്ത അതേ നിറത്തിലും ഡിസൈനിലുമുള്ള സാരിയും മേക്കപ്പുമാണ് മാളവികയും മകളുടെ നൂലുകെട്ടിന് തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ഏറെയും കമന്റുകൾ. മാളവിക വളൈകാപ്പിന് ധരിച്ച സാരിയും ഡക്കറേഷനുമെല്ലാം പേളിയുടെ വളൈകാപ്പിനോട് സാമ്യമുള്ളതായിരുന്നുവെന്നും അന്ന് കമന്റുകളുണ്ടായിരുന്നു. അതേസമയം പ്രസവശേഷം മാളവിക കൂടുതൽ സുന്ദരിയായി എന്നും കമന്റുകളുണ്ട്. നടി കാവ്യ മാധവന്റെ ഛായ സാരിയിൽ മാളവികയ്ക്ക് തോന്നുന്നുണ്ടെന്നും കമന്റുകളുണ്ട്.
കുഞ്ഞിന് മാളവികയും തേജസും നൽകിയിരിക്കുന്ന പേരെന്താണ് അറിയാനുള്ള ആകാംഷയിൽ കൂടിയാണ് ആരാധകർ. നൂലുകെട്ട് വ്ലോഗ് ആവശ്യപ്പെട്ടും നിരവധി പേർ മാളവികയുടെ സോഷ്യൽമീഡിയ പേജിൽ കമന്റുകൾ കുറിക്കുന്നുണ്ട്. ഒരു ചുംബനത്താല്‍ അടയാളപ്പെടുത്തട്ടേ... എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രണയകഥ ആരംഭിക്കുന്നു... എന്ന കുറിപ്പോടെയാണ് കുഞ്ഞിനോടൊപ്പമുള്ള ആദ്യ ചിത്രം മാളവിക പങ്കുവെച്ചത്.
പിന്നീട് ഭർത്താവ് തേജസിനൊപ്പം കുഞ്ഞുമായി നിൽക്കുന്ന ചിത്രങ്ങളും മാളവിക പങ്കിട്ടിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഒട്ടും പ്ലാൻഡ് ആകാതെ വന്ന പ്രെഗ്നസിയാണ് ഇതെന്നായിരുന്നു മാളവിക മുമ്പ് പറഞ്ഞത്. എങ്കിലും ദൈവം തന്നതിനെ സ്വീകരിക്കുന്നുവെന്നും ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു എന്ന് മാളവിക പറഞ്ഞിരുന്നു.


Click it and Unblock the Notifications