അവസാനം അച്ഛനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു, എല്ലാം ഡിലേയായത് ദൈവത്തിന്റെ അനുഗ്രഹം; വീഡിയോയുമായി മാളവിക!
മാളവിക കൃഷ്ണദാസിന്റെ വ്ലോഗുകളിലും സോഷ്യൽമീഡിയ പേജിലുമെല്ലാം ഇപ്പോൾ ഏറ്റവും കൂടുതൽ നിറഞ്ഞ് നിൽക്കുന്നത് മകൾ ഗുൽസുവെന്ന് വിളിപ്പേരുള്ള റുഥ്വി തേജസാണ്. 2025ൽ മാളവികയ്ക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷം മകളുടെ ജനനമായിരുന്നു. ഗർഭിണിയായശേഷം നൃത്തത്തിൽ നിന്നെല്ലാം ഇടവേളയെടുത്തിരുന്ന മാളവിക പ്രസവ രക്ഷയ്ക്ക് എല്ലാം ശേഷം അടുത്തിടെ മുതലാണ് വീണ്ടും ഡാൻസ് ചെയ്ത് തുടങ്ങിയത്. എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള മാളവികയുടെ ഏറ്റവും പുതിയ വ്ലോഗാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മകളുടെ ചോറൂണിന്റെ വിശേഷങ്ങളാണ് വ്ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാളവികയുടെ നാടായ പാലക്കാട്ടുള്ള മാങ്ങോട്ട് കാവ് ക്ഷേത്രത്തിലായിരുന്നു ചടങ്ങ് നടന്നത്. താൻ വർഷങ്ങളായി നിരന്തരം പോകാറുള്ള ക്ഷേത്രമാണെന്നും അവിടെയുള്ള വിശ്വാസം കൊണ്ടാണ് മകളുടെ ചോറൂണും അതേ ക്ഷേത്രത്തിൽ നടത്തിയതെന്നും മാളവിക പറഞ്ഞു.

ഗുൽസുവിന്റെ യഥാർത്ഥ പേരെന്താണെന്ന് ഇപ്പോഴും ആളുകൾ തന്നോട് ചോദിക്കാറുണ്ടെന്നും റുഥ്വി തേജസ് എന്നാണ് മോളുടെ പേരെന്നും പലർക്കും ഗുൽസു എന്ന പേര് മാത്രമെ അറിയുകയുള്ളുവെന്നും പറഞ്ഞുകൊണ്ടാണ് മാളവികയുടെ വീഡിയോ ആരംഭിക്കുന്നത്. ഒറ്റപ്പാലം അത്തിപ്പറ്റ മാങ്ങോട്ട് കാവ് അമ്പലത്തിലാണ് ഗുൽസുവിന്റെ ചോറൂണ്. എനിക്ക് ഒരുപാട് വിശ്വാസമുള്ള അമ്പലമാണ്.
വർഷങ്ങളായി ഇവിടെ വരാറുണ്ട്. ചോറൂണിന്റെ ബഹളത്തിന് ഇടയിൽ വ്ലോഗ് കാര്യമായി എടുക്കാൻ കഴിഞ്ഞില്ല. എന്റെ കുടുംബാംഗങ്ങളും തേജസേട്ടന്റെ അച്ഛനും അമ്മയും ചേച്ചിയും മകളും അടക്കം കുറച്ച് പേർ മാത്രം അടങ്ങിയ ചെറിയ ഫങ്ഷനായിരുന്നു. സദ്യയും മറ്റ് പരിപാടികളും ഒന്നും ഉണ്ടായിരുന്നില്ല. ഉറക്കം ശരിയാവാത്തതുകൊണ്ട് തന്നെ ഗുൽസു കുറച്ച് അപ്സെറ്റായിരുന്നു. രാത്രിയിൽ കൂടുതൽ സമയം ഉറങ്ങാൻ ഇഷ്ടമുള്ള കുഞ്ഞാണ്.
മറ്റൊരു കാരണം പാലക്കാട്ടെ ചൂടാണ്. നമ്മുടെ നാട്ടിൽ അഞ്ച് നാൾ കഴിഞ്ഞ് ആറാം നാളിലാണ് കുഞ്ഞുങ്ങളുടെ ചോറൂണ് നടത്തുക. ഗുൽസുവിന്റെ അഞ്ചാം നാൾ ജസ്റ്റ് കഴിഞ്ഞതേയുള്ളു. 24 നല്ല ദിവസമായി കണ്ടതുകൊണ്ടാണ് ആ ദിവസം ചോറൂണ് നടത്തിയത്. അതുപോലെ കുട്ടിക്ക് മാത്രമല്ല അമ്മയ്ക്കും കുഞ്ഞിന്റെ ചോറൂണ് കഴിയും വരെ അമ്പലത്തിൽ പ്രവേശിക്കാൻ കഴിയില്ല.
അതുകൊണ്ട് തന്നെ ചോറൂണ് ചടങ്ങ് കഴിഞ്ഞശേഷമാണ് ആദ്യമായി അമ്മയും കുഞ്ഞും അമ്പലത്തിൽ കയറി തൊഴുകയെന്നും മാളവിക പറഞ്ഞു. ചോറൂണ് കഴിഞ്ഞുവെങ്കിലും ആറ് മാസം കഴിഞ്ഞ് മാത്രമെ കുഞ്ഞിന് സോളിഡ്സ് കൊടുത്ത് തുടങ്ങുകയുള്ളുവെന്നും മാളവിക കൂട്ടിച്ചേർത്തു. അതേസമയം കുഞ്ഞിന്റെ ചോറൂണ് വരെ ലീവ് നീട്ടി കിട്ടിയ സന്തോഷത്തിലാണ് തേജസ്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് തേജസ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തേജസ് നാട്ടിലുണ്ട്.

ലീവ് ഇക്കഴിഞ്ഞ എട്ടാം തിയ്യതി തീർന്നിരുന്നു. എന്നാൽ ജോയിനിങ് ഡിലേയായതിനാൽ അവധി തേജസിന് കുറച്ച് കൂടി നീട്ടി കിട്ടി. അതിനാലാണ് മകളുടെ ചോറൂണിൽ പങ്കെടുക്കാൻ തേജസിന് സാധിച്ചത്. എട്ടാം തിയ്യതി തിരികെ പോകാനായി ഇരുന്നതാണ്. ചോറൂണ് അറ്റന്റ് ചെയ്യാൻ പറ്റുമെന്ന് കരുതിയില്ല. ജോയിനിങ് ഡിലേയായി. ഇനി എമ്പുരാനും കൂടി കണ്ടിട്ട് തിരികെ പോകാമെന്ന് കരുതുന്നു എന്നാണ് തേജസ് പറഞ്ഞത്.
ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നുവെന്നാണ് മാളവിക പറഞ്ഞത്. തന്റെ ചോറൂണിന് ധരിച്ച ഉടുപ്പിനോട് സാമ്യം തോന്നുന്ന ഒരു ഉടുപ്പ് മകൾക്കായും മാളവിക തയ്യാറാക്കിയിരുന്നു. ഞാൻ എന്റെ ചോറൂണ് ഇട്ട ഡ്രസ്സിന്റെ അതേ മോഡലിലുള്ള ഡ്രസ്സാണ് ഗുൽസു ചോറൂണിന് ഇട്ടത്. അത് റിക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുകയാണ് ഞാൻ ചെയ്തത് എന്നാണ് മാളവിക പറഞ്ഞത്.
മാത്രമല്ല തന്റെ ചോറൂണ് സമയത്ത് പകർത്തിയ പഴയ ഒരു ഫോട്ടോയും മാളവിക വീഡിയോയ്ക്കൊപ്പം പങ്കുവെച്ചു. അച്ഛനൊപ്പമുള്ള മാളവികയുടെ ഫോട്ടോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുവെന്നാണ് ആരാധകർ കുറിച്ചത്. മാളവിക സ്കൂളിൽ പഠിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി അച്ഛനെ താരത്തിന് നഷ്ടപ്പെട്ടത്.


Click it and Unblock the Notifications