എന്തുകൊണ്ട് നമുക്ക് ഈ സമയത്ത് ഇത് നേരിടേണ്ടി വന്നെന്ന് ചോദിച്ചു; മാസ്റ്ററിന് ശേഷമുണ്ടായത്: മാളവിക
കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി മാളവിക മോഹനൻ കടന്ന് പോകുന്നത്. ഒന്നിന് പിറകെ ഒന്നായി റിലീസുകൾ വരുന്നു. അതും പല ഭാഷകളിലായി. പ്രഭാസിനൊപ്പം അഭിനയിക്കുന്ന സിനിമകളുൾപ്പെടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നേരത്തെ തന്നെ ഈ താരമൂല്യം മാളവികയ്ക്ക് ലഭിക്കേണ്ടതായിരുന്നു എന്ന അഭിപ്രായം ആരാധകർക്കുണ്ട്. കൊമേഴ്ഷ്യൽ നായികയുടെ സ്ക്രീൻ പ്രസൻസുള്ള നടിയാണ് മാളവിക.
എന്തുകൊണ്ടാണ് കരിയറിൽ ഇടവേളകൾ വന്നത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മാളവികയിപ്പോൾ. ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. മാസ്റ്റർ ചെയ്യുന്ന സമയത്താണ് പല ഭാഷകളിൽ നിന്നായി എനിക്ക് നല്ല അവസരങ്ങൾ ലഭിച്ചത്. മാസ്റ്റർ ഷൂട്ട് ചെയ്ത് കഴിഞ്ഞ് ഓഡിയോ ലോഞ്ചും കഴിഞ്ഞു. അടുത്ത ഹിന്ദി സിനിമ ചെയ്യാനിരിക്കുകയായിരുന്നു. ആ സമയത്ത് ലോകേഷ് സംവിധാനം ചെയ്യാനിരുന്ന സിനിമയിലും അഭിനയിക്കാനിരിക്കുകയായിരുന്നു.

രജിനികാന്തിന്റെ മകളുടെ റോളായിരുന്നു. ആറ് മാസത്തിനുള്ളിലെ ലെെൻ അപ്പുകൾ ഇവയായിരുന്നു. എന്നാൽ കൊവിഡ് സംഭവിച്ചതോടെ ലോക്ഡൗൺ പ്രഖ്യാപിച്ചു. രണ്ടാഴ്ചയായിരിക്കുമെന്ന് കരുതി. എന്നാൽ ഇത് അവസാനിച്ചില്ല. എല്ലാം പതുക്കെയായി. അനിരുദ്ധ് രവിചന്ദറുമായി ആ സമയത്ത് സംസാരിച്ചത് ഓർക്കുന്നു. എന്തുകൊണ്ടാണ് നമ്മുടെ കരിയറിലെ പ്രെെം സമയത്ത് ഇങ്ങനെ സംഭവിക്കുന്നതെന്ന് അനിരുദ്ധ് ചോദിച്ചു.
എസ്റ്റാബ്ലിഷ്ട് ചെയ്ത ആക്ടേർസിന് പ്രശ്നമല്ല. അവർക്ക് ആ സമയത്ത് കുട്ടികളുണ്ടായി. അത് നല്ലതാണ്. മികച്ച കരിയറുണ്ടാക്കി. കുഞ്ഞിന് വേണ്ടി ആ സമയം ഉപയോഗിച്ചു. അവർക്ക് ആ ടെെമിംഗ് ശരിയായിരുന്നു. എന്നാൽ ബാക്കിയുള്ള ഞങ്ങൾക്ക് ആവേശകരമായ പ്രൊജക്ടുകളുള്ളപ്പോൾ ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടം വന്നത് ബാധിച്ചെന്നും മാളവിക മോഹനൻ വ്യക്തമാക്കി.

കഴിഞ്ഞ ആറ് വർഷത്തിനിടയിലെ എന്റെ രണ്ടോ മൂന്നോ വർഷം ആ കാലഘട്ടത്തിൽ പോയി. അല്ലായിരുന്നെങ്കിൽ ഇപ്പോൾ എന്റെ ഫിൽമോഗ്രഫിയിൽ അഞ്ച് സിനിമകൾ കൂടിയുണ്ടായേനെയെന്നും മാളവിക പറയുന്നു. അതേസമയം അന്ന് നഷ്ടപ്പെട്ടതിനേക്കാൾ വലിയ അവസരങ്ങൾ ഇന്ന് മാളവിക മോഹനന് പല ഭാഷകളിൽ നിന്നായി ലഭിക്കുന്നു. മലയാളത്തിൽ സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ മാളവികയാണ് നായിക.
രാജ സാബ് ആണ് പ്രഭാസിന്റെ നായികയായെത്തുന്ന തെലുങ്ക് ചിത്രം. തമിഴിൽ തങ്കലാനാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രമായിരുന്നു നായകൻ. മികച്ച വേഷമാണ് ചിത്രത്തിൽ മാളവികയ്ക്ക് ലഭിച്ചത്. മാളവികയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാള ചിത്രം പട്ടം പോലെയിലൂടെയായിരുന്നു മാളവികയുടെ തുടക്കം.
ദുൽഖർ സൽമാൻ നായകനായ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. സിനിമാ രംഗത്തിനൊപ്പം ഫാഷൻ മേഖലയിലും തരംഗമാണ് മാളവിക. മാളവികയുടെ ഫോട്ടോഷൂട്ടുകൾക്ക് ആരാധകർ ഏറെയാണ്. ബോളിവുഡ് നടിമാർക്ക് മുകളിൽ നിൽക്കുന്ന ഫാഷൻ ചോയ്സുകളാണ് മാളവികയുടേതെന്ന് ആരാധകർ പറയാറുണ്ട്. മലയാളിയായ മാളവിക വളർന്നത് മുംബെെയിലാണ്. സിനിമോട്ടോഗ്രാഫർ കെയു മോഹനന്റെ മകളാണ് മാളവിക മോഹനൻ.


Click it and Unblock the Notifications











