'ചെറിയ പ്രായത്തിൽ അധ്വാനിച്ച് തുടങ്ങി... പോലീസുകാരൻ പിന്നീട് അവതാരകനും നടനുമായി'; മിഥുൻ രമേഷിന്റെ ജീവിത കഥ!
പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായും നടനായും മിഥുൻ രമേഷ് എന്ന താരം സ്‌ക്രീനിൽ നിറയാൻ തുടങ്ങിയിട്ട് കാലം കുറേയായി. അന്ന് മുതൽ ഇന്ന് വരെ വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയുമാണ് താരം കാഴ്ചവെയ്ക്കുന്നത്.
താരത്തിനോടൊപ്പം തന്നെ കുടുംബവും ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. റീൽസ് വീഡിയോകളിലൂടെയും വ്ലോഗിങിലൂടെയും ഏറെ പ്രശസ്തയായ ലക്ഷ്മിയും മകൾ തൻവിയും മിഥുനെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. റൺവെ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ അടക്കമുള്ള സിനിമകളിലൂടെ വളരെ ചെറുപ്പം മുതൽ മലയാളികൾക്ക് മിഥുൻ സുപരിചിതനാണ്.
എന്നാൽ കോമഡി ഉത്സവത്തിന്റെ അവതാരകനായി എത്തിയശേഷമാണ് മിഥുന്റെ ജനപ്രീതി വർധിച്ചത്. മിഥുൻ സ്റ്റേജ് കൈകാര്യം ചെയ്യുന്നതും സംസാരിക്കുന്നതും വളരെ നാച്വറലാണെന്നും സ്റ്റേജിലേക്ക് പ്രോഗ്രാം ചെയ്യാനെത്തുന്നവർക്ക് മിഥുന്റെ സാന്നിധ്യവും സംസാരവും ബലമാണെന്നുമാണ് ആരാധകർ പറയാറുള്ളത്.

തന്നെ സ്നേഹിക്കുന്ന ഒട്ടനവധി ആളുകൾ ഉണ്ടെന്ന് താരം തിരിച്ചറഞ്ഞത് അടുത്തിടെ ബൽസ് പൾസി രോഗം പിടിപെട്ടപ്പോഴാണ്. പലരും പൂജ ചെയ്ത് അതിന്റെ പ്രസാദവും ചരടുമെല്ലാമായി താൻ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ഥലത്തേക്ക് വരെ വന്നിരുന്നുവെന്ന് മിഥുൻ വെളിപ്പെടുത്തിയിരുന്നു.
കുട്ടിക്കാലം മുതൽ സിനിമാ മോഹം ഉള്ളിൽ കൊണ്ടുനടന്നിരുന്നു മിഥുൻ. എന്നാൽ വീട്ടുകാരുടെ നിർബന്ധം മൂലം ദുബായ്ക്ക് വിമാനം കയറേണ്ടി വന്നു. പ്രവാസ ജീവിതം ഇരുപത് വർഷം പിന്നിടുമ്പോൾ തന്റെ ഇത്രയും കാലത്തെ ജീവിതയാത്രയെ കുറിച്ച് എഡിറ്റോറിയലിനോട് മിഥുൻ വെളിപ്പെടുത്തി.
പോലീസുകാരനായി നിയമനം ലഭിച്ച താൻ എങ്ങനെ അവതാരകനായി എന്നും മിഥുൻ വെളിപ്പെടുത്തി. 'കുട്ടിക്കാലത്ത് സിനിമ ആയിരുന്നു മോഹം. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. പിന്നെ എന്നെ ഒരു എഞ്ചിനീയറോ ഡോക്ടറോ ഒക്കെ ആക്കണമെന്നായിരുന്നു അമ്മയുടെയും ബന്ധുക്കളുടെയും ആഗ്രഹം. അവരതിന് ശ്രമിച്ചു എന്നാൽ നടന്നില്ല.'
'എൽഎൽബിക്ക് ചേർന്നുവെങ്കിലും എക്സാം ഒന്നും അറ്റൻഡ് ചെയ്തില്ല. അച്ഛൻ പോലീസുകാരനായതുകൊണ്ട് മരണശേഷം അച്ഛന്റെ ജോലി എനിക്ക് കിട്ടി. ഐജി ഓഫീസിൽ ആയിരുന്നു നിയമനം. ലീവ് എഴുതികൊടുത്തിട്ടാണ് ദുബായിലേക്ക് വരുന്നത്. അന്നൊന്നും റേഡിയോ ജോക്കി എന്ന ഒരു ചിന്തയെ ഉണ്ടായിരുന്നില്ല.'

'കിട്ടുന്ന ഷോസൊക്കെ ചെയ്യുമായിരുന്നു. ദുബായിലേക്ക് വരുന്നതിന് മുമ്പ് വെട്ടവും റൺവേയും ചെയ്തിരുന്നു. സിനിമ ചെയ്തപ്പോൾ സീരിയൽസ് മുഴുവനായും നിർത്തി. ദുബായിൽ വന്നശേഷമാണ് സാമ്പത്തികമായും മെച്ചപ്പെട്ടത്. നാട്ടിൽ നിന്നിരുന്നുവെങ്കിൽ കരിയർ മറ്റൊരു രീതിയിൽ ആയിപ്പോയേനെ.'
'ജീവിത്തിൽ ഒരുപാട് അംഗീകാരങ്ങൾ കിട്ടിയത് ദുബായിൽ വന്നശേഷമായിരുന്നു. സാമ്പത്തികമായി ഉയർന്നതോടൊപ്പം തന്നെ പോപ്പുലാരിറ്റിയും ലൈം ലൈറ്റ് പോലെ ആയിരുന്നു. ദുബായിൽ മീഡിയ എന്നത് വെറും മീഡിയ അല്ല. വലിയ വാല്യൂ തന്നെയാണ്. ടെലിവിഷൻ ഷോ കരിയറിൽ വലിയ ബ്രേക്ക് ഉണ്ടാക്കി. പ്രത്യേകിച്ചും കോമഡി ഉത്സവം.'
'ബഡായി ബംഗ്ലാവിൽ നിന്നും മാറേണ്ടിവന്നത് ലീവ് ഇഷ്യൂ കൊണ്ടാണ്. പിഷാരടിയാണ് എന്നെ അതിലേക്ക് വിട്ടത്. ഇരുപത് വർഷമായി ദുബായിൽ. എഫ്എമ്മിൽ ഇത്രയും വർഷം നിൽക്കാനുള്ള കാരണം ടീം വർക്കാണെന്ന്', മിഥുൻ തന്റെ സെലിബ്രിറ്റി ജീവിതത്തെ കുറിച്ച് വിശദീകരിച്ച് പറഞ്ഞു.
കുടുംബസമേതം മിഥുൻ ഇപ്പോൾ ദുബായിൽ സെറ്റിൽഡാണ്. ദുബായിലെ ഒട്ടുമിക്ക മലയാളം ഷോകളും ഹോസ്റ്റ് ചെയ്യാറുള്ളത് മിഥുനാണ്. ഇത്തരത്തിൽ നിരന്തരമായി വിശ്രമമില്ലാതെ ഓടിയതിന്റെ ഫലമായാണ് തനിക്ക് ബൽസി പൾസി വന്നതെന്നും മിഥുൻ പറഞ്ഞിരുന്നു.


Click it and Unblock the Notifications