'പള്ളീലച്ചന്മാർക്ക് ലഭിക്കുന്ന ഭക്ഷണവും ബഹുമാനവും കണ്ട് അച്ചനാവാൻ പോകാൻ തീരുമാനിച്ചു'; ജോണി ആന്റണി പറയുന്നു!
ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജോണി ആന്റണി ഒരു നടൻ എന്ന നിലയിലും മലയാള സിനിമാരംഗത്ത് നിറ സാന്നിധ്യമായി മാറികഴിഞ്ഞു. ഉദയപുരം സുൽത്താനിൽ അഭിനയജീവിതം തുടങ്ങിയ അദ്ദേഹം ഇപ്പോൾ മുപ്പതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച് കഴിഞ്ഞു. ന്യൂ ജ നറേഷൻ ചിത്രങ്ങളായ ഹോം, ഹൃദയം തുടങ്ങി ജാനകി ജാനേ, നെയ്മർ പോലുള്ള സിനിമകളിൽ വരെ എത്തി നിൽക്കുകയാണ് നടൻ എന്ന രീതിയിൽ ജോണി ആന്റണിയുടെ വളർച്ച.
കൊച്ചി രാജാവ്, സിഐഡി മൂസ തുടങ്ങിയ എവർഗ്രീൻ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ അഭിനയത്തിൽ ശോഭിക്കാൻ വൈകിയതിന് പിന്നിലെ കാരണമാണ് ഇപ്പോഴുള്ള സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കാണുമ്പോൾ ആരാധകർ അത്ഭുതത്തോടെ ചോദിക്കുന്നത്.
അഭിനയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതോടെ സംവിധാനത്തിൽ നിന്നും കുറച്ച് കാലത്തേക്ക് വിട്ടുനിൽക്കുകയാണ് താരം. ഇപ്പോൾ അഭിനയത്തിൽ കുറച്ച് തിരക്കുണ്ട്. അത് അങ്ങനെ തന്നെ നിലനിൽക്കട്ടെയെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഏറ്റെടുത്ത കുറച്ച് ജോലികൾ പൂർത്തിയാക്കാനുണ്ട്.

അതൊക്കെ തീർന്ന് സമാധാനമാകുന്ന സമയത്ത് സംവിധാനം ചെയ്താൽ മതി എന്നാണ് തീരുമാനമെന്നാണ് സംവിധാനം അവസാനിപ്പിച്ചോയെന്ന് ചോദിക്കുമ്പോൾ ജോണി ആന്റണിയുടെ മറുപടി. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ നിന്നും സിനിമഭ്രാന്ത് ഒന്നുകൊണ്ട് മാത്രമാണ് ജോണി ആന്റണി സംവിധായകനായത്.
അതിന് മുമ്പ് പള്ളീലച്ചനാകാൻ സെമിനാരിയിൽ ചേരാൻ വരെ ജോണിക്ക് പ്ലാനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കുടുംബസമേതം എന്റെ അമ്മ സൂപ്പറാ പരിപാടിയിൽ കുടുംബത്തോടൊപ്പം അതിഥിയായി എത്തിയപ്പോൾ പള്ളിലച്ചനാകാൻ മോഹിച്ച് നടന്ന കാലത്തെ കുറിച്ച് താരം വിശദീകരിച്ചു.
പള്ളീലച്ചന്മാർക്ക് ലഭിക്കുന്ന ഭക്ഷണവും ബഹുമാനവും കണ്ടിട്ടാണ് അച്ചനാവാൻ പോകാൻ മോഹം വന്നതെന്നും ജോണി ആന്റണി പറയുന്നു. പക്ഷെ പന്ത്രണ്ട് വർഷത്തോളം നീണ്ട പഠനം തനിക്ക് ഒരു ബാലികേറാമലയായതുകൊണ്ട് പാതിവഴിയിൽ ആഗ്രഹം ഉപേക്ഷിച്ചെന്നും ജോണി ആന്റണി പറയുന്നു.
ജോണിയുടെ അമ്മയുടെ സഹോദരൻ വൈദീകനായിരുന്നു. പെണ്ണ് കിട്ടാത്തതുകൊണ്ടാണോ പള്ളീലച്ചനാകാം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് അവതാരക ഗായത്രി ചോദിച്ചപ്പോഴാണ് സത്യാവസ്ഥ ജോണി ആന്റണി പറഞ്ഞത്. 'എന്റെ അമ്മച്ചിയുടെ ആങ്ങള അച്ചനായിരുന്നു. ഈ അച്ചൻ വീട്ടിൽ വരുമ്പോൾ മാത്രമാണ് വീട്ടിലെ പൂവൻക്കോഴിയെ കൊല്ലുന്നത്. അല്ലെങ്കിൽ മൂത്ത അളിയൻ വരണം. ഇവർക്ക് വേണ്ടി മാത്രമാണ് അമ്മച്ചി പൂവൻക്കോഴിയെ കൊല്ലുന്നത്. പിന്നെ അച്ചന് കിട്ടുന്നൊരു ബഹുമാനം വേറൊന്നാണ്. അച്ചൻ വരുന്നത് കാണുമ്പോൾ തന്നെ എല്ലാവരും ആ ബഹുമാനം കൊടുക്കും.'
'പിന്നെ രണ്ടാമത്തെ കാര്യം പള്ളീലച്ചന്മാർക്ക് കിട്ടുന്ന ഭക്ഷണമാണ്. എങ്ങനെ എങ്കിലും പലതരത്തിലുള്ള ഐറ്റംസ് അച്ചൻ വരുമ്പോൾ കൊടുക്കാൻ ഉണ്ടാക്കും. ഇതൊക്കെ കണ്ടാണ് ആ ആഗ്രഹം വന്നത്. അച്ചനായാൽ നല്ല ബഹുമാനവും കിട്ടും ഭക്ഷണവും കിട്ടുമല്ലോ. അങ്ങനെയാണ് ആ ആഗ്രഹം വന്നത്. പിന്നീട് സിനിമയോട് അമിതഭ്രമം വന്നു. അച്ചനായാൽ സിനിമയിൽ ഒരു ജീവിതം സാധ്യമാകില്ല. പിന്നെ പന്ത്രണ്ട് കൊല്ലം ഒന്നും പഠിക്കാൻ എന്നെ കൊണ്ട് പറ്റുകയുമില്ലെന്നും', ജോണി ആന്റണി പറയുന്നു.

താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ച് നടന്ന കാലത്ത് ആരും സിനിമാക്കാർക്ക് പെണ്ണ് കൊടുക്കാത്ത സാഹചര്യമായിരുന്നുവെന്നും ജോണി ആന്റണി പറയുന്നു. പത്തൊമ്പതാമത്തെ പെണ്ണ് കാണലിലാണ് വിവാഹം നടന്നതെന്നും താരം കൂട്ടിച്ചേർത്തു. ഇന്ന് രണ്ട് പെൺകുഞ്ഞുങ്ങളുടെ അച്ഛനാണ് ജോണി ആന്റണി. എത്രയൊക്കെ സിനിമ ചെയ്താലും ജോണി ആന്റണി എന്ന പേര് കേട്ടാൽ മലയാളിക്ക് ആദ്യം ഓർമവരിക സിഐഡി മൂസ തന്നെയാണ്.


Click it and Unblock the Notifications











