അച്ഛന്റെ ആഗ്രഹം ഡോക്ടർ, ഞാനാഗ്രഹിച്ചത് പൊലീസ്, ഒടുവിൽ അഭിനയത്തിലേക്ക് വന്നതിനെക്കുറിച്ച് പ്രേംകുമാർ
മലയാളി പ്രേക്ഷകരെ നിരവധി കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ച താരമാണ് നടൻ പ്രേം കുമാർ. താരത്തിനെക്കുറിച്ച് പറയുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് 'അമ്മാവാ..' എന്ന ഒറ്റ ഡയലോഗ് ആണ്. സോഷ്യൽ മീഡിയയിലെ ട്രോളുകളിലും ഈ ഒരു ഡയലോഗ് ഇടക്ക് ഒക്കെ തരംഗം സൃഷ്ടിക്കാറുമുണ്ട്. ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതിനൊപ്പം നായകനായും പ്രേം കുമാർ നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടു. തൊണ്ണൂറുകളിലെ സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്.
കഴിഞ്ഞ ദിവസം ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോൾ അഭിനയത്തിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് പങ്കുവെച്ചിരുന്നു. ഭാര്യയും മകളുമാണ് പ്രേംകുമാറിനൊപ്പം ഷോയിൽ പങ്കെടുത്തത്. 'പഠിക്കുന്ന സമയത്ത് അച്ഛൻ്റെ ആഗ്രഹം ഞാനൊരു ഡോക്ടർ ആവണമെന്നായിരുന്നു. അതിനു വേണ്ടി പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പാണ് തിരഞ്ഞെടുത്തത്. പക്ഷെ, അതൊന്നും അന്ന് നടന്നില്ല. എനിക്ക് ആ സമയത്ത് സബ് ഇൻസ്പെക്ടർ ആകാനായിരുന്നു ആഗ്രഹം. അതും നടക്കില്ലെന്ന് മനസ്സിലായി. എങ്കിലും അന്നുമുതൽ നാടകം കൂടെയുണ്ടായിരുന്നു'.

'അന്നൊക്കെ അമെച്വർ നാടകങ്ങളുടെ മത്സരങ്ങൾക്ക് വലിയ സ്വാധീനമുള്ള സമയം ആണ്. മിക്ക നാടകങ്ങളിലും ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടിയപ്പോൾ കൂടുതൽ ആവേശമായിരുന്നു. പിന്നീട് പല വേദികളിലേക്ക് ചെല്ലുമ്പോൾ സ്കൂൾ ഓഫ് ഡ്രാമയിലുള്ളവർക്ക് കൂടുതൽ പുരസ്ക്കാരങ്ങൾ ലഭിക്കുന്നു എന്ന് മനസ്സിലായതോടെയാണ് അങ്ങോട്ടേക്ക് പോകാൻ ആഗ്രഹം തോന്നിയത്'.
'സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചാൽ ജോലി സാധ്യതയും കൂടുതലാണെന്ന് മനസ്സിലാക്കിയതോടെ വീട്ടുകാർക്കും എതിർപ്പുണ്ടായിരുന്നില്ല. സ്കൂൾ ഓഫ് ഡ്രാമയിൽ എത്തിയപ്പോഴാണ് അതുവരെയുണ്ടായിരുന്ന നാടക സങ്കൽപ്പങ്ങൾക്കൊക്കെ ഒരു മാറ്റം വന്നത്. ലോക നാടക വേദിയെന്ന് പറയുന്നത് ഒരു വലിയ വിശാലമായ സംഭവമാണെന്ന് അവിടെ ചെന്നപ്പോഴാണ് മനസ്സിലായത്. ഒരുപാട് പരീക്ഷണങ്ങളും ഗവേഷണങ്ങളും നടക്കുന്ന ഒരു മേഖല. സ്കൂൾ ഓഫ് ഡ്രാമയിൽ എത്തിയപ്പോൾ കലയുടെ പുതിയൊരു ലോകത്ത് എത്തിയതിൻ്റെ സന്തോഷം ഉണ്ടായിരുന്നു'.

'സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ച് ഇറങ്ങിയതിന് തൊട്ട് പിന്നാലെ തന്നെ ദൂരദർശനിൽ സീരിയലിൽ അഭിനയിക്കാൻ അവസരവും ലഭിച്ചു. മലയാളത്തിലെ ആദ്യ സീരിയലായ 'ഒരു പൂ വിരിയുന്നു' എന്നതിലൂടെയായിരുന്നു തുടക്കം. അങ്ങനെയാണ് സിനിമയിലേക്കും വിളി വരുന്നത്', പ്രേം കുമാർ വ്യക്തമാക്കി.
'ഇതുവരെ 150-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അവസരങ്ങൾക്ക് വേണ്ടി തേടിപ്പോയിട്ടില്ല. അവസരങ്ങൾ എന്നെ തേടി വരുകയായിരുന്നു. കഷ്ടപ്പെട്ട് സിനിമയിൽ എത്തുന്നവർ അതിനെ നിധി പോലെ സൂക്ഷിക്കണം. നിസാരമായി സിനിമ തേടി വന്നതിനാൽ ഞാൻ ഗൗരവമായി കണ്ടില്ല'.

'പി എ ബക്കർ സംവിധാനം ചെയ്ത 'സഖാവ്' എന്ന ചിത്രത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ പി കൃഷ്ണ പിളളയുടെ ജീവിതം പറഞ്ഞ ചിത്രമായിരുന്നു ആദ്യ സിനമ. നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ഞാനായിരുന്നു. തൊണ്ണൂറു ശതമാനം ചിത്രീകരണം പൂർത്തിയാവുകയും ചെയ്‌തിരുന്നു, എന്നാൽ പിന്നീട് സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ബാക്കി ഭാഗം ചിത്രീകരിക്കാൻ കഴിഞ്ഞില്ല'.
'ആദ്യ സിനിമ റിലീസാവാതെ ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഏതോ മൂലയിലെ പെട്ടിയിൽ ഇരിപ്പുണ്ട്. ആ ചിത്രം ശ്രദ്ധിക്കപ്പെട്ടുവെങ്കിൽ കാമ്പും കരുത്തുമുള്ള കഥാപാത്രങ്ങൾ എനിക്ക് ലഭിക്കുമായിരുന്നു', പ്രേം കുമാർ പറയുകയുണ്ടായി.
Recommended Video

അടുത്തിടെയാണ് പ്രേംകുമാർ എഴുതിയ 'ദൈവത്തിന്റെ അവകാശികൾ' എന്ന പുസ്തകം മലയാളത്തിന്റെ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പ്രകാശനം ചെയ്‌തത്. ഇതിന്റെ സന്തോഷം പ്രേം കുമാർ വേദിയിൽ പങ്കു വെയ്ക്കുകയും ചെയ്‌തിരുന്നു. താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡിക്കായി താരങ്ങൾ ഒത്തുകൂടിയപ്പോഴാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്.


Click it and Unblock the Notifications











