'കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന കുറുപ്പിനെ മാറ്റിനിര്‍ത്തിയപ്പോള്‍ മനസിലായില്ലേ?' ദുല്‍ഖറിനോട് ഷൈന്‍ ടോം
നീണ്ട കാലത്തെ അടച്ചിടലുകള്‍ക്കു ശേഷം തീയറ്ററുകള്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു കുറുപ്പ്. കേരള പൊലീസിന്റെ അന്വേഷണചരിത്രത്തില്‍ ഇന്നും ഒരു നിഗൂഢതയായി അവശേഷിക്കുന്ന സുകുമാരക്കുറുപ്പെന്ന പിടികിട്ടാപ്പുള്ളിയുടെ ജീവിതമായിരുന്നു സിനിമയ്ക്ക് ആധാരം. ദുല്‍ഖറാണ് ചിത്രത്തില്‍ സുകുമാരക്കുറുപ്പായി വേഷമിട്ടത്. ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചതും. കോവിഡ് കാല പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ തീയറ്ററുകളെയും ഒപ്പം മറ്റ് സിനിമകള്‍ക്കും പ്രചോദനമായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു കുറുപ്പ്.
ദുല്‍ഖറിനു പുറമേ ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, വിജയരാഘവന്‍, പി.ബാലചന്ദ്രന്‍, ശോഭിത ധുലിപാല, സുരഭി ലക്ഷ്മി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നുവെങ്കിലും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ചിത്രം പരിഗണിച്ചിരുന്നില്ല എന്നൊരു ആക്ഷേപമുണ്ടായിരുന്നു.

ഇപ്പോഴിതാ കുറുപ്പ് സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരപ്പട്ടികയില്‍ നിന്നും അവഗണിച്ചുവെന്ന് പറയുകയാണ് ചിത്രത്തിലെ സുപ്രധാന വേഷങ്ങളിലൊന്ന് കൈകാര്യം ചെയ്ത നടന്‍ ഷൈന്‍ ടോം ചാക്കോ. ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം അടിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള കുറിപ്പിലാണ് ഷൈന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.
കഴിവുള്ളവരെ മാറ്റിനിര്‍ത്തുന്ന വേദന കുറുപ്പിനെ ചലച്ചിത്ര പുരസ്‌കാര ജൂറി മാറ്റി നിര്‍ത്തിയപ്പോള്‍ മനസ്സിലായിട്ടുണ്ടാകുമല്ലോ എന്ന് ദുല്‍ഖറിനോട് ഷൈന്‍ പറയുന്നു. ഇക്കാര്യത്തില്‍ ദുല്‍ഖറിന്റെ മറുപടിയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഷൈന്‍ ടോം പറഞ്ഞു.

ഷൈന്‍ ടോം ചാക്കോയുടെ കുറിപ്പില്‍ നിന്നും
എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്,
'ഞാന്‍ നിറഞ്ഞ മനസ്സോടെയാണ് ഈ സിനിമ ചെയ്തത്. ഞാന്‍ അത് തീയറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ്. അഹാനയും ധ്രുവനും എല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. പിന്നെ രതീഷിന്റെ ഗംഭീര എഴുത്തും. കഴിവുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നതിന്റെ വേദന താങ്കള്‍ക്ക് അറിയാമല്ലോ, ചലച്ചിത്ര പുരസ്‌കാര ജൂറി നമ്മുടെ കുറുപ്പിനെ ഒഴിവാക്കിയത് പോലെ. പ്രിയ സുഹൃത്തേ, ഒരു മറുപടിയ്ക്കായി കാത്തിരിക്കുന്നു.'
Recommended Video

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് അടി. പ്രശോഭ് വിജയനാണ് സംവിധായകന്‍. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ്, ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍, സല്യൂട്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ആറാമത്തെ ചിത്രമാണ് അടി.


Click it and Unblock the Notifications











