കാന്താരിയുടെ കലിപ്പനായിരുന്നു ഞാൻ, അതിന് ഏറ്റവും കൂടുതൽ ഇരയായത് ലിഡിയ ആയിരുന്നെന്ന് ടൊവിനോ തോമസ്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിൽ നിന്നു തുടങ്ങി മലയാളത്തിലെ മുൻനിര നായക നടനായി മാറിയ ടൊവിനോയുടെ വളർച്ച ആരെയും വിസ്മയിപ്പിക്കുന്നതാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ടൊവിനോ യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരനായി മാറുകയായിരുന്നു.
ടൊവിനോ നായകനായി എത്തിയ തല്ലുമാല തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. റെക്കോഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ 30കോടിയിലധികം രൂപ സ്വന്തമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത് ദുബായിലും, തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു. ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ഗോകുലൻ, ജോണി ആന്റണി, ചെമ്പൻ വിനോദ്, അദ്രി ജോയ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിനിടെ ടൊവിനോ തോമസിൻ്റെ ഒരഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തനിക്ക് പണ്ട് ദേഷ്യം കൂടുതലായിരുന്നുവെന്നും അതിന് കൂടുതൽ ഇരയായിട്ടുള്ളത് ലിഡിയ ആണെന്നുമാണ് അഭിമുഖത്തിനിടെ ടൊവിനോ പറഞ്ഞത്. ധന്യ വർമയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.
'പണ്ട് താൻ വളരെ പെട്ടന്ന് ദേഷ്യം വരുന്ന മനുഷ്യൻ ആയിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. ഞാൻ പണ്ട് ടോക്സിക്ക് ആയിരുന്നു എന്ന് അംഗീകരിക്കുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല. പണ്ട് എന്നെ അറിയുന്നവർക്ക് ഇന്ന് എനിക്ക് പെട്ടെന്ന് ദേഷ്യം വരില്ല എന്ന് കേൾക്കുമ്പോൾ ചിലപ്പോൾ അവർക്ക് ഒരു കൗതുകം ഉണ്ടാകും.
എന്റെ ദേഷ്യം ഏറ്റവും കൂടുതൽ അനുഭവിച്ചത് ലിഡിയ ആണെന്ന് ഞാൻ പറയും. തെറ്റ് പറ്റിയാൽ തിരുത്തണം മുന്നോട്ട് പോകണം, അതാണ് എൻ്റെയൊരു രീതി', ടൊവിനോ പറഞ്ഞു.
'നമ്മൾ നമ്മളായി ഇരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം, ആൺകുട്ടികൾ കരയാൻ പാടില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. പണ്ടത്തെ കാലഘട്ടവും അങ്ങനെയായിരുന്നു. ഇപ്പോഴാണ് ഇതിനെ പറ്റിയൊക്കെ ചിന്തിക്കുന്നത്. ആൺകുട്ടികൾ കരയാൻ പാടില്ല എന്നൊക്കെ പറയും അങ്ങനെയല്ല നമ്മൾ മോശം അവസ്ഥയിൽ ആണെങ്കിൽ അത് പ്രകടിപ്പിക്കുന്നതിൽ എന്താണ് പ്രശ്‌നം. നമ്മൾ നമ്മളായി ഇരിക്കുക എന്നത് മാത്രമാണ് കാര്യം',ടൊവിനോ വ്യക്തമാക്കി.


Click it and Unblock the Notifications